മോദിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു; ബിറ്റ്‌കോയിന്‍ വഴി ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാന്‍ നിര്‍ദേശം;പ്രതികരിക്കാതെ പ്രധാനമന്ത്രിയുടെ ഓഫീസ്
ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റര്‍ ഹാക്ക് ചെയ്യപ്പെട്ടു. വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് അക്കൗണ്ട് ഹാക്ക ചെയ്ത് കിപ്റ്റിക് ട്വീറ്റുകള്‍ പോസ്റ്റ് ചെയ്യപ്പെട്ടത്. ഇങ്ങനെ പ്രത്യക്ഷപ്പെട്ട വ്യാജ ട്വീറ്റുകള്‍ ക്രിപ്‌റ്റോകറന്‍സിയെ പ്രോത്സാഹിപ്പിക്കുന്നതായിരുന്നു. ഒരു മണിക്കൂറിനുള്ളില്‍ അക്കൗണ്ട് തിരിച്ചുപിടിക്കുകയും ഈ ട്വീറ്റുകള്‍ നീക്കം ചെയ്യുകയും ചെയ്തു.
‘അതെ ഈ അക്കൗണ്ട് ജോണ്‍ വിക്ക് ഹാക്ക് ചെയ്തിരിക്കുകയാണ്. ഞങ്ങള്‍ പേടിഎം ഹാക്ക് ചെയ്തിട്ടില്ല.’ ഇതായിരുന്നു ഹാക്കര്‍മാരുടേതായി പ്രത്യക്ഷപ്പെട്ട അവസാന ട്വീറ്റ്. അതിന് മുന്‍പേ ഓരോ മിനിറ്റിലും ബിറ്റ്‌കോയിനുമായി ബന്ധപ്പെട്ട നിരവധി ട്വീറ്റുകളായിരുന്നു മോദിയുടെ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടത്.
‘കൊവിഡ്-19നുമായി ബന്ധപ്പെട്ട പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസനിധിയിലേക്ക് എല്ലാവരും ഉദാരമായി സംഭാവന ചെയ്യൂ. ഇന്ത്യ ക്രിപ്‌റ്റോ കറന്‍സി ആരംഭിക്കുകയാണ്. ദയവായി എല്ലാവരും ബിറ്റ്‌കോയിന്‍ സംഭാവന ചെയ്യൂ’ ക്രിപ്‌റ്റോ കോഡുകളടങ്ങിയ വ്യാജ ട്വീറ്റില്‍ പറയുന്നു
നരേന്ദ്ര മോദിയുടെ സ്വകാര്യ വെബ്‌സൈറ്റുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ട്വിറ്റര്‍ അക്കൗണ്ട് ആണ് ഹാക്കര്‍മാരുടെ പിടിയിലായത്. മോദിയുടെ സ്വകാര്യ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് ട്വിറ്റര്‍ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. അക്കൗണ്ടിന്റെ സുരക്ഷ വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ട്വിറ്റര്‍ അറിയിച്ചു.
‘ഞങ്ങള്‍ സംഭവത്തില്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതല്ലാതെ മറ്റു അക്കൗണ്ടുകളൊന്നും ഹാക്ക് ചെയ്യപ്പെട്ടില്ലെന്നാണ് ഇതുവരെയുള്ള നിഗമനം.’ ട്വിറ്റര്‍ വക്താവ് അറിയിച്ചു. സംഭവത്തെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുവരെയും പ്രതികരണമറിയിച്ചിട്ടില്ല.
ജൂലൈയില്‍ ബരാക് ഒബാമ, വാരന്‍ ബഫറ്റ്, ജെഫ് ബെസോസ്, ജോ ബൈഡന്‍, ബില്‍ ഗേറ്റ്‌സ്, എലോണ്‍ മസ്‌ക് തുടങ്ങി നിരവധി പേരുടെ അക്കൗണ്ടുകള്‍ സമാനമായ രീതിയില്‍ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ഊബറിന്റെയും ആപ്പിളിന്റെയും അക്കൗണ്ടുകളും ഹാക്ക് ചെയ്യപ്പെട്ടിരുന്നു.
ബിറ്റ്‌കോയിന്‍ വഴി അക്കൗണ്ടിലേക്ക് സംഭാവന ചെയ്യണമെന്നാണ് ഹാക്ക് ചെയ്യപ്പെട്ട് അക്കൗണ്ടുകളില്‍ നിന്നും വന്ന ട്വീറ്റുകളില്‍ പറഞ്ഞിരുന്നത്. ട്വീറ്റില്‍ പറയുന്ന ബിറ്റ്‌കോയിന്‍ അഡ്രസ്സിലേക്ക് അയക്കുന്ന ഓരോ 1000 ഡോളറിനും 2000 ഡോളര്‍ തിരിച്ചുനല്‍കുമെന്നും പറഞ്ഞിരുന്നു.
ലോകത്തെ പ്രധാന ഹാക്കര്‍ ഗ്രൂപ്പുകളിലൊന്നായ ജോണ്‍ വിക്ക് ആണ് പേടിഎമ്മിന്റെ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ ‘പേടിഎം’ മാള്‍ ഹാക്ക് ചെയ്യപ്പെട്ടതെന്ന് ചൂണ്ടിക്കാട്ടി സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ സൈബിള്‍ രംഗത്തെത്തിയിരുന്നു. ഇതിനുള്ള മറുപടിയാണ് അവസാന ട്വീറ്റില്‍ ഹാക്കര്‍മാര്‍ പറഞ്ഞിരിക്കുന്നതെന്നാണ് കരുതപ്പെടുന്നത്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ശേഷം ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന അക്കൗണ്ടാണ് നരേന്ദ്ര മോദിയുടേത്. സര്‍ക്കാര്‍ തീരുമാനങ്ങളും ആശംസകളും വ്യക്തിഗതമായ അഭിപ്രായങ്ങളുമെല്ലാം മോദി പ്രധാനമായും പങ്കുവെക്കുന്നത് ട്വിറ്റര്‍ വഴിയാണ്. ഇതേ ട്വിറ്റര്‍ അക്കൗണ്ട് തന്നെ ഇപ്പോള്‍ ഹാക്ക് ചെയ്യപ്പെട്ടത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.