അധിനിവേശം അവസാനിപ്പിണമെന്ന യു.എന്‍. പ്രമേയത്തില്‍ നിന്ന് വിട്ടുനിന്നെങ്കിലും ഫലസ്തീന് പിന്തുണ തുടരുമെന്ന് നരേന്ദ്ര മോദി
World News
അധിനിവേശം അവസാനിപ്പിണമെന്ന യു.എന്‍. പ്രമേയത്തില്‍ നിന്ന് വിട്ടുനിന്നെങ്കിലും ഫലസ്തീന് പിന്തുണ തുടരുമെന്ന് നരേന്ദ്ര മോദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 23rd September 2024, 8:38 am

ന്യൂയോര്‍ക്ക്: ഫലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസുമായി നടത്തിയ ഉഭയകകഷി ചര്‍ച്ചയില്‍ ഗസയിലെ മനുഷ്യര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.

ന്യൂയോര്‍ക്കിലെ ലോട്ടെ പാലസ് ഹോട്ടലില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ച്ചയിലാണ് മോദി ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. കൂടാതെ ഫലസ്തീന് ഇന്ത്യ നല്‍കിവരുന്ന പിന്തുണ തുടരുമെന്നും കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പുറത്തുവിട്ട സംയുക്ത പ്രസ്താവനയില്‍ മോദി അറിയിച്ചിട്ടുണ്ട്.

മഹമൂദ് അബ്ബാസുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ മേഖലയിലെ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനായി ഇന്ത്യ നല്‍കി വരുന്ന പിന്തുണ തുടരുമെന്നും ഇന്ത്യ-ഫലസ്തീന്‍ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ കൈമാറിയെന്നും പ്രധാനമന്ത്രി അറിയിച്ചിരുന്നു.

‘പ്രധാനമന്ത്രി നരേന്ദ്ര മോദി, ഫലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ് എന്നിവര്‍ ഇന്ന് യു.എന്‍.ജിഎയുടെ ഭാഗമായി. ഗസയിലെ മനുഷ്യരുടെ ദുരിതങ്ങളില്‍  അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തിയ പ്രധാനമന്ത്രി ഫലസ്തീനിലെ ജനങ്ങള്‍ക്ക് ഇന്ത്യ തുടര്‍ന്നും പിന്തുണ നല്‍കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു,’ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ എക്‌സിലെ പോസ്റ്റില്‍ കുറിച്ചു.

എന്നാല്‍ കഴിഞ്ഞ ദിവസം യു.എന്‍ പൊതുസഭയില്‍ ഗസയിലെ ഇസ്രഈല്‍ അധിനിവേശം 12 മാസത്തിനകം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അവതരിപ്പിച്ച പ്രമേയത്തില്‍ നിന്ന് ഇന്ത്യ വിട്ടു നിന്നിരുന്നു.

ഇസ്രഈല്‍-ഫലസ്തീന്‍ പ്രശ്നത്തിന് നീതിയുക്തവും ശാശ്വതവുമായ പരിഹാരമാണ് വേണ്ടതെന്ന് പറഞ്ഞ യു.എന്നിലെ ഇന്ത്യന്‍ പ്രതിനിധി വിഷയത്തില്‍ ദ്വിരാഷ്ട്ര പരിഹാരമാണ് വേണ്ടതെന്നും അഭിപ്രായപ്പെട്ടിരുന്നു. ഇരുരാജ്യങ്ങളും തമ്മില്‍ ഫലവത്തായ ചര്‍ച്ചകള്‍ നടത്തിയാല്‍ ശാശ്വതമായ പരിഹാരം ഉണ്ടാകുമെന്നും പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പില്‍ വിട്ടുനിന്നുകൊണ്ട് ഇന്ത്യന്‍ പ്രതിനിധി പര്‍വ്വതനേനി ഹരീഷ് പ്രതികരിച്ചു.

‘ഇരുപക്ഷത്തെയും ഒരുമിച്ച് കൊണ്ടുവരാനുള്ള സംയുക്ത പരിശ്രമമമാണ് വേണ്ടത്, മറിച്ച് അവരെ കൂടുതല്‍ അകറ്റുകയല്ല വേണ്ടത്. വിടവുകള്‍ വര്‍ധിപ്പിക്കാതെ പുതിയ പാലങ്ങള്‍ നിര്‍മിക്കാനായിരിക്കണം നമ്മുടെ ശ്രമം,’ ഹരീഷ് പറഞ്ഞു.

അതേസമയം മൂന്ന്‌ ദിവസത്തെ സന്ദര്‍ശനത്തിനായി യു.എസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മഹ്‌മൂദ് അബ്ബാസിന് പുറമെ കുവൈത്ത് കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ മുബാറക് അല്‍ സബാഹ്, നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി എന്നിവരുമായും കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

Content Highlight: Narendra Modi stands in solidarity with the Palestinian people