| Tuesday, 12th September 2017, 7:42 am

കേരളീയരെ പോലെ പഞ്ചാബിലെ വിദ്യാര്‍ത്ഥികളും മുണ്ടുടുക്കുകയും ഇലയിലുണ്ണുകയും വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വിദ്യാര്‍ത്ഥികള്‍ വിവിധ സംസ്ഥാനങ്ങളിലെ സംസ്‌കാരവും ജീവിതവും അറിയുകയും അനുഭവിക്കുകയും വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളദിനം പഞ്ചാബിലെ കോളേജുകളിലും തമിഴ്നാട് ദിനം ഹരിയാണയിലെ കോളേജുകളിലും ആഘോഷിക്കണമെന്നും എങ്കില്‍മാത്രമേ രാജ്യത്തിന്റെ ഐക്യവും ശ്രേഷ്ഠഭാരതം എന്ന സങ്കല്പവും നിലവില്‍ വരികയുള്ളൂവെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

ഇന്നലെ സ്വാമി വിവേകാനന്ദന്റെ വിഖ്യാതമായ ചിക്കാഗോ പ്രസംഗത്തിന്റെ 125ാം വാര്‍ഷികത്തോടനുബന്ധിച്ച് ദല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ വിദ്യാര്‍ത്ഥികളോട് സംസാരിക്കവെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.

സര്‍വകലാശാല കാമ്പസുകളെക്കാള്‍, ക്രിയാത്മകതയ്ക്കും നൂതനാശയങ്ങള്‍ക്കും പറ്റിയ ഇടം വേറെയില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. സര്‍ഗാത്മകത ഇല്ലാതെ ജീവിതമില്ല. രാജ്യത്തെ ശക്തിപ്പെടുത്താനും ജനങ്ങളുടെ പ്രതീക്ഷ വളര്‍ത്താനും ഈ സര്‍ഗാത്മകതയെ ഉപയോഗിക്കാനാകണമെന്നും മോദി പറഞ്ഞു.

വിവിധ സംസ്ഥാനങ്ങളിലെ സംസ്‌കാരവും ജീവിതവും വിദ്യാര്‍ഥികള്‍ അനുഭവിച്ചറിയണം. പഞ്ചാബിലെ കോളേജുകളില്‍ കേരളത്തിന്റെ തനത് സാംസ്‌കാരിക ആഘോഷങ്ങള്‍ നടത്തണമെന്നും കേരളത്തില്‍നിന്ന് വിദ്യാര്‍ഥികളെ ഇതിനായി ക്ഷണിച്ചുവരുത്തണമെന്നും പറഞ്ഞ മോദി മലയാളികളായ വിദ്യാര്‍ഥികള്‍ ഉടുക്കുന്നതുപോലെ പഞ്ചാബിലെ വിദ്യാര്‍ഥികളും മുണ്ടുടുക്കണമെന്നും അഭിപ്രായപ്പെട്ടു.

കേരളീയരെ പോലെ മറ്റുള്ളവരും ഇലയില്‍ ഭക്ഷണം കഴിക്കണമെന്ന് പറഞ്ഞ പ്രധാനമന്ത്രി കേരളത്തില്‍ പഞ്ചാബിലെ വിദ്യാര്‍ഥികളെ ക്ഷണിച്ചുവരുത്തി അവരുടെ സംസ്‌കാരം മനസ്സിലാക്കണമെന്നും പറഞ്ഞു.

We use cookies to give you the best possible experience. Learn more