പട്‌ന: ജംഗിള്‍രാജിനായി ഒന്നിച്ച യുവരാജാക്കന്‍മാരെ ബീഹാറിലെ ജനം ചവറ്റുകുട്ടയിലേക്ക് തള്ളുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയേയും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വി യാദവിനെയും ലക്ഷ്യമിട്ടായിരുന്നു മോദിയുടെ വിമര്‍ശനം.
ബീഹാര്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ 7 നിയോജക മണ്ഡലങ്ങളില്‍ നടത്തിയ പ്രചാരണ റാലിക്കിടെയായിരുന്നു ഈ പരാമര്‍ശം.
‘ജംഗിള്‍രാജിനായി രണ്ട് യുവരാജാക്കന്‍മാര്‍ ഒന്നിച്ചിരിക്കുകയാണ്. ബീഹാറില്‍ അത് നടക്കില്ല. ജനം അവരെ ചവറ്റുകുട്ടയിലെറിയും. ഇരട്ട എഞ്ചിനുള്ള സര്‍ക്കാരാണ് ഇപ്പോള്‍ ബീഹാര്‍ ഭരിക്കുന്നത്’- മോദി പറഞ്ഞു.
സ്വന്തം കസേര സംരക്ഷിക്കാനാണ് രണ്ട് യുവരാജാക്കന്‍മാരുടെയും ശ്രമമെന്നും ബീഹാറിലെ പാവപ്പെട്ട ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് ഇപ്പോഴത്തെ എന്‍.ഡി.എ സര്‍ക്കാരെന്നും മോദി പറഞ്ഞു.
നേരത്തെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ബീഹാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ടെത്തിയതിനെ വിമര്‍ശിച്ച് എല്‍.ജെ.പി നേതാവ് ചിരാഗ് പാസ്വാന്‍ രംഗത്തെത്തിയിരുന്നു. നിതീഷ് ജനപ്രിയനല്ലെന്ന സത്യം മോദിയ്ക്കറിയാമെന്നും ഒരൊറ്റയാള്‍ പോലും നിതീഷിന് വോട്ട് നല്‍കില്ലെന്നും ചിരാഗ് പറഞ്ഞിരുന്നു.
‘ബീഹാറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റാലികള്‍ സംഘടിപ്പിക്കുകയാണ്. സംസ്ഥാനത്തെ ഇപ്പോഴത്തെ മുഖ്യമന്ത്രി ആരാണെന്ന് ബീഹാറിലെ ജനങ്ങള്‍ക്ക് പോലും അറിയില്ലെന്ന സത്യം മോദിയ്ക്ക് മനസ്സിലായിട്ടുണ്ട്. ജനപ്രിയനല്ലാത്ത മുഖ്യമന്ത്രിയായതു കൊണ്ടാണ് നിതീഷിന് വേണ്ടി മോദി 7 റാലികള്‍ സംഘടിപ്പിക്കുന്നത്. നിതീഷിനെ ജനപ്രിയനാക്കാന്‍ അദ്ദേഹത്തിന് ബീഹാറിലെത്തി പ്രചരണം നടത്തേണ്ടി വന്നു. അല്ലായിരുന്നെങ്കില്‍ മോദിയ്ക്ക് ദല്‍ഹിയില്‍ തന്നെയിരുന്ന് നിര്‍ദ്ദേശങ്ങള്‍ നല്‍കിയാല്‍ മതിയായിരുന്നു’ ചിരാഗ് പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് മദ്യ നിരോധനം ഏര്‍പ്പെടുത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ തന്നെ അദ്ദേഹം ഒരു മികച്ച നേതാവല്ലെന്നതിന്റെ തെളിവുകളാണെന്ന് ചിരാഗ് പറഞ്ഞു.
ലഹരിവസ്തുക്കള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്ന് നിതീഷ് സര്‍ക്കാര്‍ പറയുമ്പോഴും സംസ്ഥാനത്ത് മദ്യത്തിന്റെയും ലഹരി വസ്തുക്കളുടെയും ഉപയോഗം കൂടിക്കൊണ്ടിരിക്കുകയാണ്. ഇത് നിയന്ത്രിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടികളും ഉണ്ടാകുന്നില്ലെന്നും ചിരാഗ് പറഞ്ഞിരുന്നു.
അവര്‍ മദ്യനിരോധനത്തെപ്പറ്റി പ്രസംഗിക്കുന്നു. സംസ്ഥാനത്തിന്റെ എല്ലാഭാഗത്തും മദ്യം സുലഭമായി ലഭിക്കുന്നു. ലഹരിവസ്തുക്കള്‍ നിയമവിരുദ്ധമായി വില്‍ക്കപ്പെടുന്നതിനെപ്പറ്റിയും മുഖ്യമന്ത്രിയ്ക്ക് അറിവുള്ളതാണ്. അതേപ്പറ്റി ചോദിക്കുമ്പോള്‍ ക്ഷുഭിതനാകുന്നതെന്തിന്? എന്തുകൊണ്ട് ഇവ നിര്‍ത്താന്‍ മുന്‍കൈയെടുക്കുന്നില്ലെന്നും ചിരാഗ് ചോദിച്ചിരുന്നു.