ഹൈദരാബാദ്: ഭാരത രാഷ്ട്ര സമിതിയും തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവും ബി.ജെ.പിയുമായി സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ മാസം കെ.സി.ആര്‍ തന്നെ കാണുകയും എന്‍.ഡി.എയില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.
‘ബി.ജെ.പിയുടെ ശക്തി വര്‍ധിക്കുന്നത് കെ.സി.ആര്‍ നേരത്തെ മനസിലാക്കിയിരുന്നു. മാസങ്ങളായി ബി.ജെ.പിയുമായി സൗഹൃദം സ്ഥാപിക്കാനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം. ഒരിക്കല്‍ ദല്‍ഹിയില്‍ വന്നപ്പോള്‍ കെ.സി.ആര്‍ എന്നെ സന്ദര്‍ശിക്കുകയും ആവശ്യം ഉന്നയിക്കുകയും ചെയ്തു.
എന്നാല്‍ തെലങ്കാനയിലെ ജനങ്ങളുടെ ആഗ്രഹത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ ബി.ജെ.പിക്ക് ഒരിക്കലും കഴിയില്ല,’ മഹബൂബാബാദില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി പറഞ്ഞു.
ഹൈദരാബാദ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 48 സീറ്റുകള്‍ നേടിയ സാഹചര്യത്തിലാണ് കെ.സി.ആര്‍ താനുമായി കൂടിക്കാഴ്ച നടത്തിയതെന്ന് മോദി കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പി കെ.സി.ആറിനെ തള്ളിപ്പറഞ്ഞത് മുതല്‍ ബി.ആര്‍.എസ് ആശയകുഴപ്പത്തിലാണെന്നും തന്നെ അധിക്ഷേപിക്കാനുള്ള ഒരു അവസരവും പാര്‍ട്ടി നഷ്ടപ്പെടുത്തുന്നില്ലെന്നും മോദി പറഞ്ഞിരുന്നു.