| Sunday, 31st July 2022, 7:16 am

വിചാരണത്തടവുകാരുടെ മോചനം വേഗത്തിലാക്കണം: നരേന്ദ്ര മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വിചാരണത്തടവുകാരുടെ മോചനം വേഗത്തിലാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിചാരണത്തടവുകാരുടെ മോചനത്തിനായുള്ള നടപടികള്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റികള്‍ (ഡി.എല്‍.എസ്.എ) ഏറ്റെടുക്കണമെന്നും മോദി പറഞ്ഞു. വിജ്ഞാന്‍ ഭവനില്‍ ശനിയാഴ്ച നടന്ന ഡി.എല്‍.എസ്.എയുടെ ആദ്യ അഖിലേന്ത്യ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

ഏതൊരു സമൂഹത്തിനും നീതി തേടിയുള്ള യാത്ര എത്ര പ്രധാനമാണോ, നീതി ലഭിക്കലും അതുപോലെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ജീവിക്കാനും ബിസിനസ് ചെയ്യാനുമുള്ള പോലെ നീതി എളുപ്പത്തില്‍ ലഭിക്കുക എന്നതും പ്രധാനമാണെന്നുമായിരുന്നു മോദിയുടെ പരാമര്‍ശം.

നേരത്തെ വിചാരണത്തടവുകാരെ മോചിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ വിഷയത്തില്‍ നേരിട്ട് ഇടപെടുമെന്ന് സുപ്രീം കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വിചാരണത്തടവുകാരുടെ മോചനം വേഗത്തിലാക്കണമെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശം.

25 വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ പുതിയ ഉയരങ്ങളിലെത്തിക്കുന്ന പ്രമേയങ്ങളുടെ സമയമാണ് ഇതെന്നും, ഈ യാത്രയില്‍ ജീവിക്കാനും ബിസിനസ് ചെയ്യാനുമുള്ള പോലെ നീതി എളുപ്പത്തില്‍ ലഭിക്കുക എന്നതും പ്രധാനമാണെന്നും മോദി ചടങ്ങില്‍ പറഞ്ഞിരുന്നു.

‘ഇത് ആസാദി കാ അമൃത് കാലിന്റെ സമയമാണ്. അടുത്ത 25 വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ പുതിയ ഉയരങ്ങളിലെത്തിക്കുന്ന പ്രമേയങ്ങളുടെ സമയം, ഈ യാത്രയില്‍ ജീവിക്കാനും ബിസിനസ് ചെയ്യാനുമുള്ള പോലെ നീതി എളുപ്പത്തില്‍ ലഭിക്കുക എന്നതും പ്രധാനമാണ്.

കഴിഞ്ഞ എട്ട് വര്‍ഷമായി രാജ്യത്തിന്റെ ജുഡീഷ്യല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്. ഇ-കോടതികളുടെ ദൗത്യത്തിന് കീഴില്‍, രാജ്യത്ത് വെര്‍ച്വല്‍ കോടതികള്‍ ആരംഭിക്കുന്നുണ്ട്.

ട്രാഫിക് നിയമലംഘനം പോലുള്ള കുറ്റകൃത്യങ്ങള്‍ക്കായി ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോടതികളും പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ജനങ്ങളുടെ സൗകര്യാര്‍ത്ഥം കോടതികളില്‍ വീഡിയോ കോണ്‍ഫറന്‍സിങ് അടിസ്ഥാന സൗകര്യങ്ങളും വിപുലീകരിക്കുന്നുണ്ട്, ‘ പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം യു.പി സര്‍ക്കാരിനെ വിചാരണത്തടവുകാരുടെ വിഷയത്തില്‍ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

വിചാരണത്തടവുകാര്‍ക്ക് ജാമ്യം നല്‍കുക. നിങ്ങളെക്കൊണ്ട് ഇത് ചെയ്യാന്‍ പറ്റില്ലെങ്കില്‍ ഞങ്ങളത് ചെയ്യും. നിങ്ങള്‍ക്ക് അനിശ്ചിതകാലത്തേക്ക് ഇവരെ തടവില്‍ വെക്കാന്‍ കഴിയില്ലെന്നുമായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശം. പന്ത്രണ്ട് വര്‍ഷമായി ജയിലില്‍ കഴിയുന്ന സുലൈമാന്‍ എന്നയാളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയായിരുന്നു സുപ്രീം കോടതി ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയത്.

ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റികളുടെ (ഡി.എല്‍.എസ്.എ) ആദ്യത്തെ ദേശീയതല മീറ്റ് 2022 ജൂലൈ 30 മുതല്‍ 31 വരെയാണ് നടക്കുക. വിജ്ഞാന്‍ ഭവനില്‍ വെച്ച് നടക്കുന്ന മീറ്റ് നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയാണ് സംഘടിപ്പിക്കുന്നത്.

രാജ്യത്ത് ആകെ 676 ഡി.എല്‍.എസ്.എകള്‍ ഉണ്ട്. ജില്ലാ ജഡ്ജിയാണ് അവരെ നയിക്കുന്നത്. ഡി.എല്‍.എസ്.എകള്‍ വഴിയും സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റികള്‍ വഴിയും എന്‍.എ.എല്‍.എസ്.എ വിവിധ നിയമ സഹായങ്ങളും ബോധവല്‍ക്കരണ പരിപാടികളും നടപ്പിലാക്കുന്നുണ്ട്.

Content Highlight: Narendra Modi says that bail for undertrails have to be considered faster

We use cookies to give you the best possible experience. Learn more