അഹമ്മദാബാദ്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാരോഹണത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പാര്‍ട്ടിയുടെ പ്രസിഡന്റായി അവരോധിക്കപ്പെടാന്‍ പോകുന്ന രാഹുലിനെ ഔറംഗസീബ് രാജ് എന്ന് വിളിച്ചുകൊണ്ടാണ് അദ്ദേഹം സംബോധന ചെയ്തത്.
ആറാമത്തെ മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ ഭരണകാലത്താണ് മുഗള്‍സാമ്രാജ്യത്തിന്റെ പതനം പൂര്‍ണ്ണമായത്. കോണ്‍ഗ്രസ്സിന്റെ സ്ഥിതിയും ഇനി അങ്ങെനെ തന്നെയാവുമെന്നും അദ്ദേഹം പറഞ്ഞു.
ഭാരതീയ ജനതാ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ജനങ്ങളുടെ ക്ഷേമം, അതായത് 125 കോടിയോളം വരുന്ന ഇന്ത്യക്കാരെ ഉയര്‍ന്നജീവിത നിലവാരത്തില്‍ ഉയര്‍ത്തികൊണ്ടുവരികയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് മോദി പറഞ്ഞു. ഗുജറാത്തിലെ വല്‍സാദ് ജില്ലയില്‍ നടത്തിയ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.
മാത്രമല്ല കോണ്‍ഗ്രസ്സിനെ സംബന്ധിച്ചിടത്തോളം ഒരു കുടുംബകക്ഷിയായി മാത്രം അംഗീകാരമുള്ള പാര്‍ട്ടി എന്ന രീതിയിലാണ് ഇപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ വീണ്ടുമൊരു ഔറംഗസേബ് ഭരണം രാജ്യം ആഗ്രഹിക്കുന്നില്ലെന്നും മോദി പറഞ്ഞു.
ബി.ജെ.പിയെപ്പറ്റി കുപ്രചരണം നടത്തുന്നതില്‍ മുന്‍നിരയിലാണ് കോണ്‍ഗ്രസ്സ് പാര്‍ട്ടി. മുസ്ലിം വിരുദ്ധപാര്‍ട്ടിയാണ് ബി.ജെ.പിയെന്ന് പ്രചരണം നടത്തുന്നത് കോണ്‍ഗ്രസ്സ് ആണെന്നും എന്നാല്‍ ഗുജറാത്തിലെ ജനങ്ങള്‍ ഇനി ഇത്തരം വ്യാജപ്രചരണങ്ങള്‍ വിശ്വസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പിന്നോക്ക വിഭാഗങ്ങള്‍ക്കായുള്ള ദേശീയ കമ്മീഷന്‍ രൂപികരിക്കുന്നതിനുള്ള ബില്ലിനെ രാജ്യസഭയില്‍ എതിര്‍ത്ത് കോണ്‍ഗ്രസ്സ് രംഗത്തു വന്നിരുന്നു. രാജ്യത്തെ പിന്നോക്ക വിഭാഗങ്ങളെ ചൂഷണം ചെയ്യുന്ന നയമാണ് കോണ്‍ഗ്രസ്സിന്റെ പക്ഷത്തുനിന്ന് ഉണ്ടാകുന്നതെന്നും മോദി അഭിപ്രായപ്പെട്ടു.
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ലോക്സഭയില്‍ പിന്നോക്കവികസന ബില്ല് അവതരിപ്പിക്കുമെന്നും മാത്രമല്ല അവരുടെ സംരക്ഷണത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.