ന്യൂദല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വോട്ട് ബാങ്കിനായി മുസ്‌ലിങ്ങൾക്ക് ഒ.ബി.സി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മമതയുടെ പ്രീണന രാഷ്ട്രീയം എല്ലാ പരിധികളും മറികടക്കുകയാണെന്ന് മോദി പറഞ്ഞു. ദല്‍ഹിയിലെ ദ്വാരകയില്‍ നടന്ന പ്രചരണ റാലിയില്‍ സംസാരിക്കുന്നതിനിടെയാണ് മോദിയുടെ പരാമര്‍ശം.
2010ന് ശേഷം ബംഗാളില്‍ നല്‍കിയ എല്ലാ ഒ.ബി.സി സര്‍ട്ടിഫിക്കറ്റുകളും റദ്ദാക്കിക്കൊണ്ട് കല്‍ക്കട്ട ഹൈക്കോടതി വിധി പുറപ്പെടുവിച്ചതിന് പിന്നാലെയാണ് മോദി വിദ്വേഷ പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചത്.
വോട്ടിനായി പ്രതിപക്ഷം സര്‍ക്കാര്‍ ഭൂമി വഖഫ് ബോര്‍ഡിന് കൈമാറുകയാണെന്നും മോദി പറഞ്ഞു. ഇന്ത്യയുടെ ബജറ്റിന്റെ 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി സംവരണം ചെയ്യാന്‍ പ്രതിപക്ഷം ശ്രമിക്കുന്നുവെന്നും നരേന്ദ്ര മോദി റാലിയില്‍ പറയുകയുണ്ടായി.
കോടതി വിധിയെ സ്വാഗതം ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും രംഗത്തെത്തിയിരുന്നു. വോട്ട് ബാങ്കിനായി പിന്നോക്ക വിഭാഗക്കാരില്‍ നിന്ന് സംവരണം തട്ടിയെടുത്ത് മമത മുസ്‌ലിങ്ങൾക്ക് നല്‍കിയെന്ന് അമിത് ഷാ പറഞ്ഞു. ഒരു സര്‍വേയും കൂടാതെ 118 മുസ്‌ലിങ്ങള്‍ക്കാണ് മമത ഒ.ബി.സി സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്നും ഷാ പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പ്രതികരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.
മമത ബാനര്‍ജിയുടെ ഭരണത്തില്‍ യഥാര്‍ത്ഥ ഒ.ബി.സിക്കാരുടെ അവകാശങ്ങള്‍ ഹനിക്കപ്പെട്ടുവെന്ന് ദേശീയ പിന്നോക്ക വിഭാഗ കമ്മീഷന്‍ ചെയര്‍മാന്‍ ഹന്‍സരാജ് ഗംഗാറാം അഹിര്‍ വിധിയെ ഉദ്ധരിച്ച് പറഞ്ഞു.
അതേസമയം കോടതി വിധി ബി.ജെ.പിയുടെ ഗൂഢാലോചന ആണെന്നും വിധി അംഗീകരിക്കില്ലെന്നും മമത പ്രതികരിച്ചു. സംവരണം നടപ്പിലാക്കുന്നതിന് മുമ്പ് തൃണമൂല്‍ സര്‍ക്കാര്‍ കൃത്യമായി വീടുതോറും സര്‍വേ നടത്തിയതാണെന്ന് മമത ചൂണ്ടിക്കാട്ടി.
സര്‍വേ നടത്തിയതിന് ശേഷം തയ്യാറാക്കിയ ബില്ലാണ് മന്ത്രിസഭയും നിയമസഭയും അംഗീകരിച്ചതെന്നും മമത കൂട്ടിച്ചേര്‍ത്തു. ബംഗാള്‍ സര്‍ക്കാര്‍ കൊണ്ടുവന്ന സംവരണം തുടരുമെന്നും മമത ഊന്നിപ്പറഞ്ഞു.
Content Highlight: Narendra Modi says Mamata Banerjee gives OBC certificates to Muslims for vote bank