| Saturday, 18th June 2022, 6:08 pm

ഞങ്ങളുടെ ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ കഴിഞ്ഞ എട്ട് വര്‍ഷമായി സ്ത്രീകളെ ശാക്തീകരിക്കുന്നു; സൈന്യം മുതല്‍ ഖനനം വരെ ക്ഷേമം മുന്നില്‍ക്കണ്ടാണ് പദ്ധതികളാവിഷ്‌കരിക്കുന്നത്: മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വഡോദര: സൈന്യം മുതല്‍ ഖനനം വരെ ഏത് മേഖലയിലായാലും സ്ത്രീകളുടെ ക്ഷേമം മുന്നില്‍ക്കണ്ടാണ് ഇന്ത്യയില്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ശനിയാഴ്ച, ഗുജറാത്തില്‍ 21,000 കോടിയുടെ വിവിധ വികസന പദ്ധതികളുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഇന്ത്യയുടെ വികസനം സ്ത്രീ ശാക്തീകരണം എന്നീ വിഷയങ്ങളില്‍ ഊന്നിക്കൊണ്ടായിരുന്നു മോദിയുടെ പ്രസംഗം.

”ഞങ്ങളുടെ ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ കഴിഞ്ഞ എട്ട് വര്‍ഷമായി സ്ത്രീകളെ ശാക്തീകരിക്കുകയാണ്. ഇന്ത്യയുടെ വികസനത്തിന് സ്ത്രീ ശാക്തീകരണം അനിവാര്യമാണ്.

സൈന്യം മുതല്‍ ഖനനം വരെ, ഏത് മേഖലയിലായാലും സ്ത്രീകളുടെ ക്ഷേമവും ആഗ്രഹങ്ങളും മനസില്‍ കണ്ടാണ് ഇന്ന് ഇന്ത്യയില്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതും തീരുമാനങ്ങളെടുക്കുന്നതും.

സ്ത്രീകളുടെ ലൈഫ് സൈക്കിളിലെ എല്ലാ ഘട്ടങ്ങളും മനസില്‍ വെച്ച് വിവിധ പദ്ധതികള്‍ ഞങ്ങള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്ക് അവരുടെ ജീവിതം ബുദ്ധിമുട്ടുകള്‍ കുറച്ച് കൂടുതല്‍ എളുപ്പമാക്കാനും മുന്നോട്ട് പോകാന്‍ അവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കാനുമാണ് സര്‍ക്കാര്‍ ഏറ്റവും മുന്‍ഗണന നല്‍കുന്നത്,” ഉദ്ഘാടന ചടങ്ങില്‍ വെച്ച് ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞു.

ഡിസിഷന്‍ മേക്കിങ്ങ് സ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷം അവസാനമാണ് ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.

Content Highlight: Narendra Modi says India is making policies keeping in mind the welfare and aspirations of women

We use cookies to give you the best possible experience. Learn more