സ്വാതന്ത്ര്യ സമരത്തില്‍ ജനങ്ങളെ ഒരുമിച്ച് നിര്‍ത്തിയത് ഗണേശോത്സവം: നരേന്ദ്ര മോദി
national news
സ്വാതന്ത്ര്യ സമരത്തില്‍ ജനങ്ങളെ ഒരുമിച്ച് നിര്‍ത്തിയത് ഗണേശോത്സവം: നരേന്ദ്ര മോദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 17th September 2024, 7:10 pm

ന്യൂദല്‍ഹി: ഗണേശ പൂജയുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ വീട് സന്ദര്‍ശിച്ച സംഭവത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യ സമരത്തില്‍ രാജ്യത്തെ ജനങ്ങളെ ഒരുമിച്ച് നിര്‍ത്താന്‍ ലോക് മാന്യ തിലക് ഗണേശ പൂജയിലൂടെ ശ്രമിച്ചിരുന്നെന്നും ഇന്നും ഗണേശ പൂജയിലൂടെ എല്ലാ സമുദായത്തില്‍പ്പെട്ടവരെയുംം ഒന്നിച്ച് നിര്‍ത്താന്‍ സാധിക്കുന്നുണ്ടെന്നും മോദി ഭുവനേശ്വറില്‍ നടന്ന റാലിയില്‍ പറഞ്ഞതായി ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ഗണേശോത്സവത്തിന്റെ ഭാഗമായി ചീഫ് ജസ്റ്റിസിന്റെ വീട്ടില്‍വെച്ചു നടന്ന പൂജയെ വിമര്‍ശിച്ച കോണ്‍ഗ്രസിനെതിരെയും മോദി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. അധികാരത്തില്‍ എത്താനായി ഗണപതി വിഗ്രഹത്തെ അഴിക്കുള്ളിലാക്കിയവരാണ് ഗണേശ പൂജയില്‍ അസ്വസ്ഥരാവുന്നതെന്നും ബ്രിട്ടീഷുകാര്‍ക്കും കോണ്‍ഗ്രസിനെപ്പോലെ ഇത്തരത്തില്‍ ഗണേശോത്സവത്തില്‍ പ്രശ്‌നമുണ്ടായിരുന്നെന്നും മോദി പറഞ്ഞു.

‘ഗണേശോത്സവം കേവലം ഞങ്ങള്‍ക്ക് ഒരു വിശ്വാസത്തിന്റെ മാത്രം കാര്യമല്ല. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ ലോക മാന്യ തിലക് ഗണേശ പൂജയിലൂടെയാണ് ജനങ്ങളെല്ലാവരേയും ഒന്നിപ്പിച്ചത്. ഇന്നത്തെക്കാലത്തും എല്ലാ സമുദായത്തില്‍പ്പെട്ടവരും ഗണേശപൂജയില്‍ പങ്കെടുക്കാറുണ്ട്.

ബ്രിട്ടീഷ് ഭരണത്തിന് കീഴിലും ആളുകള്‍ക്ക് ഗണേശോത്സവുമായി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. എന്തിന് ഇന്നത്തെക്കാലത്തും സമൂഹത്തെ വിഭജിക്കണം എന്ന് താത്പര്യമുള്ളവര്‍ക്ക് ഗണേശോത്സവുമായി പ്രശ്‌നമുണ്ട്. ഞാന്‍ ഗണേശ പൂജയില്‍ പങ്കെടുത്തതില്‍ കോണ്‍ഗ്രസും നിരാശയിലാണ്. കര്‍ണാടകയില്‍ ഗണേശ വിഗ്രഹം അഴിക്കുള്ളിലാക്കിയവരാണ് അവര്‍. ഈ വിദ്വേഷം രാജ്യത്തിന് ദോഷമാണ്,’ നരേന്ദ്ര മോദി പറഞ്ഞു.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ വസതിയില്‍ നടന്ന പൂജ ചടങ്ങില്‍ പ്രധാന മന്ത്രിപങ്കെടുത്തതിനെതിരെ പ്രതിപക്ഷ നേതാക്കളില്‍ നിന്നടക്കം വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. മുതിര്‍ന്ന അഭിഭാഷകരായ ഇന്ദിര ജയ്സിങ്ങും പ്രശാന്ത് ഭൂഷണും ഉള്‍പ്പെടെ നിരവധി ആളുകള്‍ പ്രധാനമന്ത്രിക്കെതിരെയും ചീഫ് ജസ്റ്റിസിനെതിരെയും രംഗത്തെത്തിയിരുന്നു.

വിനായക ചതുര്‍ത്ഥിയോട് അനുബന്ധിച്ച പൂജയ്ക്കായാണ് പ്രധാനമന്ത്രി ചീഫ് ജസ്റ്റിസിന്റെ വസതിയിലെത്തിയത്.

എക്‌സിക്യൂട്ടീവും ജുഡീഷ്യറിയും തമ്മിലുള്ള അധികാര വിഭജനത്തില്‍ ചീഫ് ജസ്റ്റിസ് വിട്ടുവീഴ്ച ചെയ്തുവെന്നാണ് ഇന്ദിര ജയ്സിങ് പ്രതികരിച്ചത്. ചീഫ് ജസ്റ്റിസിന്റെ സ്വാതന്ത്ര്യത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും ഇന്ദിര ജയ്സിങ് ചൂണ്ടിക്കാട്ടി. എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലാണ് ചീഫ് ജസ്റ്റിസിനെ അഭിഭാഷക വിമര്‍ശിച്ചത്. പൂജയുടെ ചിത്രങ്ങള്‍ സാമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

Content Highlight:  Narendra Modi says Ganesh festival brought people together in freedom struggle