World News
ജയ് ഹനുമാന്‍ വിളിച്ച് ഹനുമാന്‍ കൈന്‍ഡിനെ കെട്ടിപിടിച്ച് നരേന്ദ്ര മോദി; വീഡിയോ വൈറല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Sep 23, 06:08 am
Monday, 23rd September 2024, 11:38 am

ന്യൂയോര്‍ക്ക്: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി യു.എസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ന്യൂയോര്‍ക്കിലെ സംഗീതനിശക്കിടയിലെ വീഡിയോ വൈറല്‍ ആവുന്നു.

സംഗീത ലോകത്തെ പുത്തന്‍ താരോദയവും മലയാളികൂടിയുമായ ഹനുമാന്‍ കൈന്‍ഡിനെ വേദിയില്‍വെച്ച് കെട്ടിപ്പിടിക്കുമ്പോള്‍ മോദി ജയ്ശ്രീറാം വിളിച്ച വീഡിയോ ആണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുന്നത്.

ന്യൂയോര്‍ക്കില്‍ ‘മോദി ആന്‍ഡ് യു.എസ്’ എന്ന പേരില്‍ സംഘടിപ്പിച്ച പ്രോഗ്രാമിനിടെയായിരുന്നു സംഭവം. പ്രധാനമന്ത്രിക്ക് വേണ്ടി ഹനുമാന്‍ കൈന്‍ഡും സംഘവും ബിഗ് ഡോഗ്‌സ് ഉള്‍പ്പെടെയുള്ള അവരുടെ ഹിറ്റ് ഗാനങ്ങള്‍ വേദിയില്‍ അവതരിപ്പിച്ചിരുന്നു.

അതിന് ശേഷം പരിപാടി അവതരിപ്പിച്ച കലാകാരന്‍മാരെ മോദി കെട്ടിപ്പിടിച്ച് അഭിനന്ദിക്കുകയുണ്ടായി. ഇതിനിടിലാണ് മലയാളി റാപ്പറായ ഹനുമാന്‍ കൈന്‍ഡിന് ഷേയ്ക് ഹാന്‍ഡ് നല്‍കുന്നതിനിടെ പ്രധാനമന്ത്രി ‘ജയ് ഹനുമാന്‍’ പറഞ്ഞത്. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ പ്രകടനത്തെ പ്രധാനമന്ത്രി പുകഴ്ത്തുകയും ചെയ്തിരുന്നു.

ഹനുമാന്‍ കൈന്‍ഡിന് പുറമെ ആദിത്യ ഗാധ്വി, ദേവി ശ്രീ പ്രസാദ് എന്നിവരും വേദിയിലുണ്ടായിരുന്നു.

 

മലപ്പുറം ജില്ലയിലെ പൊന്നാനി സ്വദേശിയായ ഹനുമാന്‍ കൈന്‍ഡിന്റെ യഥാര്‍തഥ നാമം സൂരജ് ചെറുകാട് എന്നാണ്. ചെറിയ റാപ്പ് ഇവന്റുകളിലൂടെ സംഗീത ലോകത്ത് തന്റെതായ ഇടം പിടിച്ച ഹനുമാന്‍ കൈന്‍ഡിന്റെ ബിഗ് ഡോഗ്‌സ് എന്ന ഗാനം യൂട്യൂബില്‍ കണ്ടത് 12 കോടിയിലധികം  ആളുകളാണ്.

ധൈര്യം, വിശ്വാസം എന്നിങ്ങനെയെല്ലാം അര്‍ത്ഥം വരുന്ന ഹനുമാന്‍ എന്ന പേരും മനുഷ്യകുലം എന്ന അര്‍തഥം വരുന്ന കൈന്‍ഡ് എന്ന വാക്കും കൂടിച്ചേര്‍ത്താണ് സൂരജ് ബാന്‍ഡിന് ഹനുമാന്‍ കൈന്‍ഡ് എന്ന പേര് നല്‍കിയത്.

Content Highlight: Narendra Modi said Jai Hanuman to Rapper Hanuman Kind; The video went viral