ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ സ്വന്തം മണ്ഡലമായ യു.പിയിലെ വാരണാസിയിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ക്ക് വേണ്ടി കോടികള്‍ ചെലവഴിച്ചതായി റിപ്പോര്‍ട്ട്.
ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ സ്വന്തം മണ്ഡലമായ യു.പിയിലെ വാരണാസിയിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ക്ക് വേണ്ടി കോടികള്‍ ചെലവഴിച്ചതായി റിപ്പോര്‍ട്ട്.
ഇന്ന് (ഞായറാഴ്ച്ച) വാരണാസിയില്‍ എത്തുന്ന മോദിയെ സ്വീകരിക്കാനായി നഗരത്തില്‍ സ്ഥാപിച്ചത് 500 ഓളം ഹോര്‍ഡിങ്ങുകള്‍ (പരസ്യപ്പലകകള്‍) ആണ്. സ്വച്ഛ് ഭാരത് മിഷന്‍, ജന്‍ ധന്‍ യോജന, മേക്ക് ഇന്‍ ഇന്ത്യ തുടങ്ങിയ കേന്ദ്ര പദ്ധതികളുടെ പരസ്യങ്ങളാണ് നഗരത്തിലുടനീളം സ്ഥാപിച്ചിരിക്കുന്നത്.
ഇക്കൂട്ടത്തില്‍ ഏറെ കൗതുകമുള്ള പരസ്യപ്പലകയായി മാറിയത് പ്രധാനമന്ത്രിയുടെ പത്ത് കൈകളുള്ള പരസ്യമാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ പരസ്യത്തില്‍ മോദിയുടെ ഓരോ കൈകളില്‍ ഓരോ പദ്ധതികളെക്കുറിച്ചാണുള്ളത്. അതേസമയം മോദിയുടെ ഈ പരസ്യങ്ങള്‍ നഗരത്തില്‍ ഒരു ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങളായ ദി ഹിന്ദുവും ഇക്കണോമിക് ടൈംസും റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ ഈ ഹോര്‍ഡിങ്ങുകള്‍ എല്ലാം രാജ്യത്തെ ജനങ്ങളുടെ വികസനത്തിനോടും ക്ഷേമത്തിനോടുമുള്ള നരേന്ദ്രമോദിയുടെ പ്രതിബന്ധതയാണ് സൂചിപ്പിക്കുന്നതെന്നാണ് ബി.ജെ.പി യുവമോര്‍ച്ച ജില്ല പ്രസിഡന്റ് അമന്‍ സോങ്കര്‍ പ്രതികരിച്ചത്.
നമ്മുടെ രാജ്യം മാത്രമല്ല ലോകം മുഴുവന്‍ തന്നെ അദ്ദേഹത്തിനെ ഒരു യുഗപുരുഷനായി കണക്കാക്കുന്നുവെന്ന് സോങ്കര്‍ പ്രതികരിച്ചു. കാശി എന്ന് പറയുന്നത് ശിവ ഭഗവാന്റെയും നരേന്ദ്ര മോദിയുടേയും സിറ്റിയാണെന്ന് പറഞ്ഞ സോങ്കര്‍ ശിവന്റെ അനുഗ്രഹം ഉള്ളതുകൊണ്ടാണ് മോദി നിരന്തരമായി ഈ മണ്ഡലത്തില്‍ നിന്ന് ജയിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിലും ജമ്മു കശ്മീരിലെ പ്രകടനത്തിലും പ്രധാനമന്ത്രിയെ അഭിനന്ദിക്കാനും ബി.ജെ.പി കാശി മേഖല പരിപാടികള്‍ തയ്യാറാക്കിയതായി മേഖല പ്രസിഡന്റ് ദിലീപ് പട്ടേല്‍ പ്രതികരിച്ചു.
സ്വന്തം മണ്ഡലത്തിലെ 6000 കോടിയുടെ വികസനപദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി വാരണാസിയില്‍ എത്തിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കണ്ണാശുപത്രി, വിമാനത്താവളം, ഹോസ്റ്റല്‍ തുടങ്ങി 20 ല്‍ അധികം പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടുമെന്ന് ഡിവിഷണല്‍ കമ്മീഷണര്‍ കൗശല്‍ രാജ് ശര്‍മ പറഞ്ഞു. നിലവിലെ ഷെഡ്യൂളുകള്‍ പ്രകാരം ഉച്ചയ്ക്ക് 12.30 ഓടെ മോദി ബാബത്പൂര്‍ വിമാനത്താവളത്തിലെത്തും. തുടര്‍ന്ന് റിംഗ് റോഡിലെ ശങ്കര ഐ ഹോസ്പിറ്റലിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
Content Highlight: Narendra Modi’s visit to Varanasi:; 500 hoardings placedin city