കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനെതിരെ വിമര്‍ശനവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് ബംഗ്ലാദേശ് സന്ദര്‍ശനം നടത്തിയ മോദിയുടെ വിസ റദ്ദാക്കണമെന്ന് മമത പറഞ്ഞു.
‘2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബംഗ്ലാദേശി നടന്‍ ഞങ്ങളുടെ റാലിയില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് ബി.ജെ.പിക്കാര്‍ ബംഗ്ലാദേശിനോട് പറഞ്ഞ് അദ്ദേഹത്തിന്റെ വിസ റദ്ദാക്കി. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ പ്രധാനമന്ത്രി തന്നെ വോട്ട് പിടിക്കാനായി ബംഗ്ലാദേശിലെത്തിയിരിക്കുന്നു. എന്തുകൊണ്ട് മോദിയുടെ വിസ റദ്ദാക്കുന്നില്ല. ഞങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും’, മമത ബാനര്‍ജി പറഞ്ഞു.
മോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനം രാജ്യത്തെ ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. മോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് നേരത്തെ പരാതിയും ലഭിച്ചിരുന്നു.
ബംഗ്ലാദേശിലെ മതുവ വിഭാഗങ്ങള്‍ കൂടുതലായുള്ള പ്രദേശത്താണ് നരേന്ദ്ര മോദി ശനിയാഴ്ച സന്ദര്‍ശനം നടത്തിയത്. മതുവ വിഭാഗങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള അമ്പലത്തിലും മോദി സന്ദര്‍ശനം നടത്തിയിരുന്നു.
പശ്ചിമ ബംഗാളില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന 27ാം തീയ്യതി തന്നെ മോദി മതുവ വിഭാഗത്തിന്റെ ക്ഷേത്രം സന്ദര്‍ശിച്ചത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് എന്ന പരാതിയുയര്‍ന്നിരുന്നു. ബംഗാളിലെ 29 ഓളം സീറ്റുകളില്‍ നിര്‍ണായക സ്വാധീനമുള്ള വിഭാഗമാണ് മതുവ. ഇവരെ സ്വാധീനിച്ച് വോട്ട് ബി.ജെ.പിയുടെ പെട്ടിയിലാക്കാനാണ് മോദി ശ്രമിക്കുന്നതെന്നാണ് നിരീക്ഷണം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനെതിരെ ധാക്കയില്‍ പ്രതിഷേധം നടക്കുന്നതിനിടെ ജഷോരേശ്വരി കാളി ക്ഷേത്രം മോദി ശനിയാഴ്ച സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. കൊവിഡ് മഹാമാരിയില്‍ നിന്ന് ലോകം ഉടന്‍ മോചിക്കപ്പെടണമെന്ന് മാ കാളിയോട് പ്രാര്‍ത്ഥിക്കുന്നുവെന്നാണ് മോദി പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക