| Saturday, 21st May 2022, 11:01 pm

എന്നും ഞങ്ങള്‍ക്ക് ജനങ്ങളാണ് ആദ്യം, ഇന്ധനവില കുറച്ചത് ജനങ്ങള്‍ക്ക് ആശ്വാസമാകും; പ്രധാനമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ധനവില കുറച്ചത് ജനങ്ങളുടെ ജീവിതത്തെ കൂടുതല്‍ അനായാസമാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ധനവില കുറച്ചതിന് പിന്നാലെയാണ് നരേന്ദ്രമോദിയുടെ ട്വീറ്റ്.

‘എന്നും ഞങ്ങള്‍ക്ക് ജനങ്ങളാണ് ആദ്യം. ഇന്നത്തെ തീരുമാനങ്ങള്‍, പ്രത്യേകിച്ചും പെട്രോള്‍, ഡീസല്‍ വിലയില്‍ കാര്യമായ കുറവുവരുത്തിയ പ്രഖ്യാപനം, വിവിധ മേഖലകളെ പോസിറ്റീവായി ബാധിക്കും. ജനങ്ങള്‍ക്ക് ആശ്വാസമാകുകയും അവരുടെ ജീവിതം കൂടുതല്‍ അനായാസമാകുകയും ചെയ്യും’ -മോദി ട്വീറ്റ് ചെയ്തു.

പെട്രോളിന് 9.5 രൂപയും ഡീസലിന് ഏഴ് രൂപയുമാണ് കേന്ദ്രസര്‍ക്കാര്‍ കുറച്ചത്. പെട്രോളിന്റെ എക്‌സൈസ് ഡ്യൂട്ടിയില്‍ എട്ട് രൂപയും ഡീസലിന് ആറ് രൂപയും കുറവ് വരുത്തിയതോടെയാണ് ഇന്ധനവില കുറഞ്ഞത്.

ധനമന്ത്രി നിര്‍മല സീതാരാമനാണ് നികുതി കുറക്കുന്നതായി പ്രഖ്യാപിച്ചത്. പുതിയ വില നാളെ മുതല്‍ നിലവില്‍ വരും.

എല്‍.പി.ജി സിലിണ്ടറിന് 200 രൂപ സബ്സിഡി നല്‍കും. 12 സിലിണ്ടറിന് വരെ സബ്സിഡി ലഭിക്കും. പണപെരുപ്പം രൂപക്ഷമായതോടെയാണ് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍.

അതേസമയം പാചകവാതക സിലിണ്ടറിന് 200 രൂപ സബ്‌സിഡി പ്രധാനമന്ത്രി ഉജ്ജ്വല പദ്ധതിപ്രകാരം നല്‍കുമെന്നും മന്ത്രി അറിയിച്ചു.

സ്റ്റീലിന്റെയും സിമന്റിന്റെയും വില കുറയ്ക്കാനുള്ള ഇടപെടലുകള്‍ നടത്തുമെന്നും കേന്ദ്രം അറിയിച്ചു.

Content Highlights: Narendra Modi’s tweet comes after the reduction in fuel prices

We use cookies to give you the best possible experience. Learn more