| Sunday, 26th September 2021, 12:03 pm

ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണ്; ചായക്കടയില്‍ സഹായിച്ച പയ്യന്‍ ഇന്ന് ഇവിടെ സംസാരിക്കുന്നു; സ്വന്തം വളര്‍ച്ചയെക്കുറിച്ച് ഐക്യരാഷ്ട്രസഭയില്‍ സംസാരിച്ച് മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭ പൊതുസമ്മേളനത്തിന്റെ 76-ാം സെഷനില്‍ ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങളെക്കുറിച്ച് സംസാരിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രീയക്കാരനെന്ന നിലയില്‍ സ്വന്തം വളര്‍ച്ചയെക്കുറിച്ച് പരാമര്‍ശിച്ചായിരുന്നു മോദി ഇന്ത്യയെ ‘ജനാധിപത്യങ്ങളുടെ മാതാവ്’ എന്ന് വിശേഷിപ്പിച്ചത്.

”എല്ലാ ജനാധിപത്യങ്ങളുടേയും മാതാവ് എന്നറിയപ്പെടുന്ന ഒരു രാജ്യത്തെയാണ് ഞാന്‍ പ്രതിനിധാനം ചെയ്യുന്നത്. ഇന്ത്യ സ്വതന്ത്രമായിട്ട് ഇപ്പോള്‍ 75-ാം വര്‍ഷത്തേക്ക് കടന്നിട്ടുള്ളു എങ്കിലും ഇന്ത്യക്ക് ആയിരക്കണക്കിന് വര്‍ഷങ്ങളുടെ ജനാധിപത്യ ചരിത്രമുണ്ട്.

ഇന്ത്യയുടെ ശക്തമായ ജനാധിപത്യത്തിന്റെ അടയാളമാണ് ഇവിടത്തെ വൈവിധ്യം. വിവിധ ഭാഷകളും അതിന് തെളിവാണ്. ഒരിക്കല്‍ തന്റെ പിതാവിനെ ചായക്കടയില്‍ സഹായിച്ചിരുന്ന ഒരു കൊച്ചുപയ്യനാണ് ഇന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയായി ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തില്‍ സംസാരിക്കുന്നത് എന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്തിയെയാണ് സൂചിപ്പിക്കുന്നത്,” മോദി പറഞ്ഞു.

ഭീകരവാദ സംഘങ്ങള്‍ക്ക് സഹായം നല്‍കുന്നതും അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്നതുമായ കാര്യങ്ങളെക്കുറിച്ച് പറഞ്ഞപ്പോള്‍ പാകിസ്ഥാനെയും ചൈനയെയും കുറിച്ച് സൂചിപ്പിച്ചായിരുന്നു മോദി സംസാരിച്ചത്. എന്നാല്‍ മോദി ഈ രാജ്യങ്ങളെ പേരെടുത്ത് പരാമര്‍ശിച്ചിരുന്നില്ല.

എന്നാല്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സമ്മേളനത്തില്‍ കശ്മീര്‍ വിഷയത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ ഒന്നിലധികം തവണ ഇന്ത്യയെ പേരെടുത്ത് പരാമര്‍ശിച്ചിരുന്നു.

അഫ്ഗാന്‍ വിഷയങ്ങളിലുള്ള പാകിസ്ഥാന്‍ ഇടപെടലുകളെക്കുറിച്ചും മോദി പരോക്ഷമായി വിമര്‍ശിച്ചു. ”അഫ്ഗാനിസ്ഥാന്റെ ഇപ്പോഴത്തെ ദുര്‍ബലതയും അവിടത്തെ സാഹചര്യവും സ്വന്തം സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി മുതലെടുക്കാന്‍ മറ്റൊരു രാജ്യത്തെയും അനുവദിക്കരുത്,” മോദി പറഞ്ഞു.

കൊവിഡ് മഹാമാരിയില്‍ ജീവന്‍ നഷ്ടമായ ആളുകള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് കൊണ്ടായിരുന്നു മോദി ഐക്യരാഷ്ട്രസഭയിലെ തന്റെ പ്രസംഗം ആരംഭിച്ചത്. പിന്നീട് കാലാവസ്ഥാ വ്യതിയാനം, ദാരിദ്ര്യം, അഫ്ഗാനിലെ പ്രശ്‌നങ്ങള്‍, യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ പുനസംഘടന എന്നീ വിഷയങ്ങളില്‍ മോദി സംസാരിച്ചു.

ഇന്ത്യ കൊറോണയെ നേരിട്ട രീതിയെക്കുറിച്ചും വാക്‌സിനുകള്‍ ഉല്‍പാദിപ്പിക്കുന്നതില്‍ ഇന്ത്യ കൈവരിച്ച മുന്നേറ്റങ്ങളും മോദി പ്രസംഗത്തില്‍ സൂചിപ്പിച്ചു. ആഗോള വാക്‌സിന്‍ നിര്‍മാതാക്കളെ ഇന്ത്യയിലേയ്ക്ക് ക്ഷണിക്കുകയും ചെയ്തു.

കൊവിഡ്-19 മഹാമാരിയെ അതിജീവിക്കുന്നതിന് പ്രതീക്ഷയോടെ പരസ്പരം ആശ്രയിക്കുക, സ്ഥിരത പുനര്‍നിര്‍മിക്കുക എന്നതായിരുന്നു ഈ വര്‍ഷത്തെ ഐക്യരാഷ്ട്രസഭ പൊതുസമ്മേളന സംവാദങ്ങളുടെ വിഷയം.

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് സംസാരിക്കവെ ഇന്ത്യയുടെ വികസനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും മോദി സംസാരിച്ചു. ” ലോകമെമ്പാടുമുള്ള ജനങ്ങളെ നോക്കുമ്പോള്‍ ആറ് പേരില്‍ ഒരാള്‍ ഇന്ത്യക്കാരനാണ്. ഇന്ത്യ വളരുമ്പോള്‍ ലോകവും വളരും. ഇന്ത്യയിലെ മാറ്റങ്ങള്‍ ലോകത്തേയും മാറ്റി മറിക്കും,” അദ്ദേഹം പറഞ്ഞു.

കാലാവസ്ഥ വ്യതിയാനം, കൊവിഡ്, ഭീകരവാദം, അഫ്ഗാനിസ്ഥാന്‍ വിഷയം എന്നിവ ഐക്യരാഷ്ട്രസഭയുടെ വിശ്വാസ്യതയില്‍ ഇടിവ് വരുത്തിയിട്ടുണ്ടെന്ന് പറഞ്ഞ മോദി ചാണക്യന്റെ അര്‍ത്ഥശാസ്ത്രത്തിലെ ചില വരികള്‍ ഉദ്ധരിച്ചായിരുന്നു ഇത് സൂചിപ്പിച്ചത്. ”ശരിയായ തീരുമാനം ശരിയായ സമയത്ത് എടുത്തില്ലെങ്കില്‍, ആ തീരുമാനം ഒരു പരാജയമാകുമെന്ന് സമയം തന്നെ ഉറപ്പ് വരുത്തും,” എന്നായിരുന്നു ആ വരികള്‍.

സെപ്റ്റംബര്‍ 22 മുതല്‍ 25 വരെ നീണ്ടുനിന്ന ത്രിദിന സന്ദര്‍ശനമായിരുന്നു മോദിയുടേത്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസുമായി നടത്തിയ കൂടിക്കാഴ്ചകള്‍ക്ക് ശേഷമായിരുന്നു മോദിയുടെ ഐക്യരാഷ്ട്രസഭയിലെ പ്രസംഗം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Narendra Modi’s speech at UN General assembly

We use cookies to give you the best possible experience. Learn more