ന്യൂദല്‍ഹി: ബി.ബി.സിയുടെ ‘ഇന്ത്യ, ദ മോദി ക്വസ്റ്റിയന്‍'(India: The Modi Question) എന്ന ഡോക്യുമെന്ററി സീരീസുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്ര തീരുമാനത്തിനെതിരെ വലിയ വിമര്‍ശനമാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്.
കേന്ദ്ര സര്‍ക്കാര്‍ വിമര്‍ശനങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നാണ് ആരോപണം. ഇതിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ കാലയളവില്‍ പങ്കുവെച്ച ചില ട്വീറ്റുകളും ചര്‍ച്ചയാകുന്നുണ്ട്.
ജനാധിപത്യത്തെ ശക്തിപ്പെടുത്താനുള്ള വിമര്‍ശനങ്ങളെ താന്‍ സ്വഗതം ചെയ്യുമെന്നാണ് മുമ്പ് ചില ട്വീറ്റുകളിലായി മോദി പറഞ്ഞിരുന്നത്.
‘എന്റെ സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനം ഞാന്‍ സ്വാഗതം ചെയ്യുന്നു. നിങ്ങള്‍ എന്നെ വിമര്‍ശിക്കൂ, ആരോഗ്യകരമായ വിമര്‍ശനങ്ങള്‍ നമ്മുടെ ജനാധിപത്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തുകയും സജീവമാക്കുകയും ചെയ്യു,’ എന്നാണ് ‘നരേന്ദ്ര മോദി’ എന്ന തന്റെ അക്കൗണ്ടില്‍ നിന്നും പി.എം.ഒ ഇന്ത്യ എന്ന അക്കൗണ്ടില്‍ നിന്നും മോദി ട്വീറ്റ് ചെയ്തിട്ടുള്ളത്.
കാപട്യം(Hypocrisy)എന്ന ക്യാപ്ഷനോടെയാണ് മോദി ജനാധിപത്യത്തെക്കുറിച്ച് പറയുന്ന ട്വീറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടും ബി.ബി.സി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിലക്കിന്റെ വാര്‍ത്തയുടെ പോസ്റ്റര്‍ പങ്കുവെച്ചും ബി.ആര്‍.എസ് നേതാവ് വൈ. സതീഷ് റെഢി ട്വീറ്റ് ചെയ്തത്.
ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട യൂട്യൂബ് വീഡിയോകളും അവയുടെ വെബ് ലിങ്കുകള്‍ അടങ്ങിയ 50ലധികം ട്വീറ്റുകളും ബ്ലോക്ക് ചെയ്യാന്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചെന്നാണ് റിപ്പോര്‍ട്ട്.
ഇതുസംബന്ധിച്ച് ട്വിറ്ററിനും യൂട്യൂബിനും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി റൂള്‍സ്, 2021ന് കീഴിലുള്ള അടിയന്തര അധികാരങ്ങള്‍ ഉപയോഗിച്ചാണ് ലിങ്കുകള്‍ നീക്കം ചെയ്യാന്‍ ഐ.ബി മന്ത്രാലയം ഉത്തരവിട്ടിരിക്കുന്നത്.
തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഡെറിക് ഒബ്രിയനടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ വാളില്‍ നിന്ന് ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട ട്വീറ്റ് ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു.
Content Highlight: Narendra Modi’s old tweets discussing after BBC documentary censorship