ന്യൂദല്‍ഹി: ബി.ബി.സിയുടെ ‘ഇന്ത്യ, ദ മോദി ക്വസ്റ്റിയന്‍'(India: The Modi Question) എന്ന ഡോക്യുമെന്ററി സീരീസുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്ര തീരുമാനത്തിനെതിരെ വലിയ വിമര്‍ശനമാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്.
കേന്ദ്ര സര്‍ക്കാര്‍ വിമര്‍ശനങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നാണ് ആരോപണം. ഇതിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ കാലയളവില്‍ പങ്കുവെച്ച ചില ട്വീറ്റുകളും ചര്‍ച്ചയാകുന്നുണ്ട്.
ജനാധിപത്യത്തെ ശക്തിപ്പെടുത്താനുള്ള വിമര്‍ശനങ്ങളെ താന്‍ സ്വഗതം ചെയ്യുമെന്നാണ് മുമ്പ് ചില ട്വീറ്റുകളിലായി മോദി പറഞ്ഞിരുന്നത്.
‘എന്റെ സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനം ഞാന്‍ സ്വാഗതം ചെയ്യുന്നു. നിങ്ങള്‍ എന്നെ വിമര്‍ശിക്കൂ, ആരോഗ്യകരമായ വിമര്‍ശനങ്ങള്‍ നമ്മുടെ ജനാധിപത്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തുകയും സജീവമാക്കുകയും ചെയ്യു,’ എന്നാണ് ‘നരേന്ദ്ര മോദി’ എന്ന തന്റെ അക്കൗണ്ടില്‍ നിന്നും പി.എം.ഒ ഇന്ത്യ എന്ന അക്കൗണ്ടില്‍ നിന്നും മോദി ട്വീറ്റ് ചെയ്തിട്ടുള്ളത്.
കാപട്യം(Hypocrisy)എന്ന ക്യാപ്ഷനോടെയാണ് മോദി ജനാധിപത്യത്തെക്കുറിച്ച് പറയുന്ന ട്വീറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടും ബി.ബി.സി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിലക്കിന്റെ വാര്‍ത്തയുടെ പോസ്റ്റര്‍ പങ്കുവെച്ചും ബി.ആര്‍.എസ് നേതാവ് വൈ. സതീഷ് റെഢി ട്വീറ്റ് ചെയ്തത്.