| Saturday, 18th June 2022, 10:45 pm

അന്നത്തെ അബ്ബാസാണ് ഇന്നത്തെ അമിത്; മുസ്‌ലിം സുഹൃത്തിനെക്കുറിച്ചുള്ള മോദിയുടെ 'അയവിറക്കലിനെ' ട്രോളി സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പങ്കുവെച്ച ബ്ലോഗ്‌ പോസ്റ്റിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഇതിനെതിരെ ട്രോളുകള്‍ സജീവമാകുന്നു.

തന്റെ കുട്ടിക്കാല സുഹൃത്ത് എന്ന് പറഞ്ഞുകൊണ്ട് അബ്ബാസ് എന്നയാളെക്കുറിച്ച് മോദി പറയുന്ന കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ട്രോളുകളായി നിറയുന്നത്. തന്റെ അമ്മയുടെ 100ാമത് പിറന്നാളിന്റെ ഭാഗമായി പങ്കുവെച്ച കുറിപ്പിലായിരുന്നു അബ്ബാസ് എന്ന കുട്ടിക്കാല സുഹൃത്തിനെക്കുറിച്ചും മോദി പറഞ്ഞത്.

തീവ്ര ഹിന്ദുത്വ, മുസ്‌ലിം വിരുദ്ധ അജണ്ടകളുമായി പ്രവര്‍ത്തിക്കുന്ന ബി.ജെ.പി സര്‍ക്കാരിന്റെ പ്രധാനമന്ത്രി തന്റെ മുസ്‌ലിം സുഹൃത്തിനെക്കുറിച്ച് ഇത്ര ‘സ്‌നേഹത്തോടെ’ പറയുന്നതിനെയാണ് ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുന്നത്.

”എന്റെ പിതാവിന്റെ ഒരു അടുത്ത സുഹൃത്ത് ഞങ്ങളുടെ തൊട്ടടുത്ത ഗ്രാമത്തില്‍ താമസിച്ചിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ മകന്‍ അബ്ബാസിനെ എന്റെ പിതാവ് ഞങ്ങളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു.

അബ്ബാസ് ഞങ്ങളുടെ കൂടെ താമസിച്ചു. ഞങ്ങളുടെ കൂടെ താമസിച്ചാണ് അവന്‍ അവന്റെ പഠനം പൂര്‍ത്തിയാക്കിയത്.

എല്ലാ വര്‍ഷവും ഈദിന് എന്റെ അമ്മ അബ്ബാസിന് പ്രിയപ്പെട്ട ഭക്ഷണം ഉണ്ടാക്കിയിരുന്നു,” എന്നായിരുന്നു മോദി പറഞ്ഞത്.

ഇതിന് പിന്നാലെയാണ് ട്വിറ്ററില്‍ മീമുകള്‍ സജീവമായിരിക്കുന്നത്. മോദിജിയുടെ സുഹൃത്ത് അബ്ബാസിനെ 2002 മുതല്‍ കാണാനില്ല എന്നും, അന്നത്തെ അബ്ബാസാണ് പിന്നീട് പേര് മാറ്റി ഇന്നത്തെ അമിത് എന്നുമൊക്കെ ട്വീറ്റുകള്‍ പുറത്തുവരുന്നുണ്ട്.

അബ്ബാസിനെ ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പിന് പ്രചാരണം നടത്താന്‍ വേണ്ടി പറഞ്ഞയച്ചിരിക്കുകയാണ്, അതുകൊണ്ടാണ് അദ്ദേഹത്തെ ആരും കാണാത്തത്, എന്നും ഒരു ട്വിറ്റര്‍ യൂസര്‍ പറയുന്നു.

അബ്ബാസിന്റെ ബയോപിക്കിന് വേണ്ടി കാത്തിരിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് നടന്‍ അക്ഷയ് കുമാറിന്റെ ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ടും മോദിയുടെ ‘സുഹൃത് സ്‌നേഹത്തെ’ ആളുകള്‍ ട്രോളുന്നുണ്ട്.

Content Highlight: Narendra Modi’s note mentioning his Muslim friend ‘Abbas’ sparks meme fest and troll on twitter

We use cookies to give you the best possible experience. Learn more