ലഖ്‌നൗ: ജമ്മുകശ്മീരിന് നല്‍കിപ്പോന്ന പ്രത്യേക പദവി പിന്‍വലിച്ചുകൊണ്ടുള്ള തീരുമാനം നടപ്പാക്കിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി എടുക്കാന്‍ പോകുന്ന അടുത്ത നടപടിയെ കുറിച്ച് വെളിപ്പെടുത്തി ഹിന്ദുപരിഷത്ത് നേതാവ് സ്വാധി പ്രാചി.
ആര്‍ട്ടിക്കിള്‍ 370 ന് ശേഷം മോദിയുടെ അടുത്ത നടപടി ഫത്‌വ ഇറക്കുന്നവര്‍ക്കെതിരെയാണെന്നാണ് സ്വാധി പ്രാചി ലഖ്‌നൗവില്‍ മാധ്യമങ്ങളോട് പറഞ്ഞത്.
”ജമ്മു കശ്മീരില്‍ നിന്ന് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത ലക്ഷ്യം ഫത്വ നല്‍കുന്നവര്‍ക്കെതിരെയാണ്. ഇത്തരക്കാര്‍ക്കെതിരെ നടപടി വരും ”- എന്നായിരുന്നു സ്വാധി പ്രാചി പറഞ്ഞത്.
പടിഞ്ഞാറന്‍ യു.പി മിനി പാക്കിസ്ഥാനായി മാറിക്കഴിഞ്ഞെന്നും പ്രാചി പറഞ്ഞു. ജിഹാദി ഗ്രൂപ്പുകളില്‍ നിന്ന് തനിക്ക് ഭീഷണി നേരിടുന്നതായ പ്രസ്താവനക്ക് പിന്നാലെയായിരുന്നു പടിഞ്ഞാറന്‍ യു.പിയെ മിനി പാക്കിസ്ഥാന്‍ എന്ന് വിശേഷിപ്പിച്ച് സ്വാധി പ്രാചി രംഗത്തെത്തിയത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഇതുവരെ താന്‍ നിര്‍ഭയമായി രാജ്യം ചുറ്റി സഞ്ചരിക്കാറുണ്ടായിരുന്നെന്നും എന്നാല്‍ ലഖ്നൗവില്‍ കമലേഷ് തിവാരിയെയും മീററ്റില്‍ മുകേഷ് ശര്‍മയെയും കൊലപ്പെടുത്തിയതിന് ശേഷം തനിക്ക് ഭയം തോന്നുന്നുണ്ടെന്നും അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
രാംപൂരിലെ ഒരു നേതാവ് നല്‍കിയ പ്രസ്താവനയ്ക്ക് തിവാരി മറുപടി നല്‍കിയിരുന്നെന്നും ഇതിന് സ്വന്തം ജീവിതം തന്നെ അദ്ദേഹത്തിന് പകരം നല്‍കേണ്ടി വന്നെന്നും പ്രാചി പറഞ്ഞു.
ഒക്ടോബര്‍ 18 നായിരുന്നു ലഖ്നൗവില്‍ വെച്ച് തിവാരിയെ ചിലര്‍ കൊലപ്പെടുത്തിയത്. തിവാരിയുടെ കൊലപാതകത്തിന് ശേഷം പ്രാചി തന്റെ ജീവനും ഭീഷണിയുണ്ടെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരുന്നു.
തനിക്ക് സുരക്ഷ ഒരുക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോടും ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് സര്‍ക്കാരുകളോടും സ്വാധി പ്രാചി ആവശ്യപ്പെട്ടിരുന്നു. തിവാരിയുടെ കൊലപാതകം ജിഹാദികള്‍ നടത്തിയതാണെന്നും അവര്‍ അവകാശപ്പെട്ടു.
‘എനിക്ക് നിരവധി തവണ ഐഎസില്‍ നിന്ന് ഭീഷണികള്‍ ലഭിച്ചിട്ടുണ്ട്. ഞാന്‍ ദൈവത്തില്‍ ഉറച്ചു വിശ്വസിക്കുന്നു, ഇതുവരെ ഞാന്‍ ഇത് ആരുമായും ചര്‍ച്ച ചെയ്തിട്ടില്ല. പക്ഷേ കമലേഷ് തിവാരിയുടെ കൊലപാതകം എന്നെ അസ്വസ്ഥയാക്കി. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് , അജ്ഞാതരായ ചില ആളുകള്‍ എന്റെ ആശ്രമത്തില്‍ വന്ന് എന്നെക്കുറിച്ച് അന്വേഷിച്ചു. അതുകൊണ്ട് തന്നെ എനിക്ക് സുരക്ഷ ആവശ്യമാണെന്ന് തോന്നുന്നു’- സ്വാധി പ്രാചി പറഞ്ഞു.
തിവാരി കൊല്ലപ്പെട്ട അതേദിവസം തന്നെ മീററ്റില്‍ വെടിയേറ്റ് മരിച്ച അഭിഭാഷകനായ മുകേഷ് ശര്‍മയുടെ കുടുംബത്തെയും പ്രാചി സന്ദര്‍ശിച്ചു.
മീററ്റ് ബാര്‍ അസോസിയേഷനിലെ മുതിര്‍ന്ന അംഗമായ ശര്‍മയെ വെള്ളിയാഴ്ച വൈകിട്ടാണ് അജ്ഞാതര്‍ വെടിവച്ച് കൊന്നത്. ബ്രാഹ്മണസഭയുടെ ഭാരവാഹിയായിരുന്നു അദ്ദേഹം.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ