ന്യൂദല്‍ഹി: പോളിയസ്റ്റര്‍ തുണിയിലുള്ള ഇന്ത്യന്‍ ദേശീയപതാക ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യാനുള്ള ബി.ജെ.പി സര്‍ക്കാരിന്റെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
ചൈനയില്‍ നിന്നും ദേശീയ പതാക ഇറക്കുമതി ചെയ്യാന്‍ അനുവദിക്കില്ലെന്നാണ് കോണ്‍ഗ്രസിന്റെ വാദം.
ഇന്ത്യയുടെ സ്വാതന്ത്ര്യ സമരങ്ങളെക്കുറിച്ചും അതിന്റെ പ്രതീകങ്ങളളെക്കുറിച്ചും ഭരണകക്ഷിയായ ബി.ജെ.പിക്ക് ഒരു ധാരണയുമില്ലെന്നും ബി.ജെ.പി മുന്നോട്ടുവെക്കുന്നത് കപട ദേശീയതയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. പോളിയസ്റ്റര്‍ ദേശീയ പതാകകളുടെ നിര്‍മാണവും ഇറക്കുമതിയും അനുവദനീയമാക്കുന്ന തരത്തില്‍ നാഷണല്‍ ഫ്‌ളാഗ് കോഡില്‍ വരുത്തിയ ഭേദഗതികള്‍ പിന്‍വലിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.
”മെഷീന്‍ നിര്‍മിത പോളിയസ്റ്റര്‍ ദേശീയ പതാകകള്‍ ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കിയതിലൂടെ മഹാത്മാ ഗാന്ധിയുടെ പൈതൃകത്തെയും ഖാദിയുടെ മൂല്യത്തെയുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആക്രമിച്ചിരിക്കുന്നത്. ഖാദി വ്യവസായത്തിലേര്‍പ്പെട്ടിരിക്കുന്ന ആയിരക്കണക്കിന് പേരുടെ തൊഴിലാണ് അദ്ദേഹം നഷ്ടപ്പെടുത്തിയിരിക്കുന്നത്. ഒരു പോളിയസ്റ്റര്‍ കുത്തകമുതലാളിയായി മോദി മാറിയിരിക്കുകയാണ്,” കോണ്‍ഗ്രസ് വക്താവ് അജോയ് കുമാര്‍ പറഞ്ഞു.
ഇന്ത്യന്‍ ഖാദി വ്യവസായം കടുത്ത പ്രതിസന്ധി നേരിടുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാര്‍ ദേശീയപതാക മറ്റൊരു രാജ്യത്ത് നിന്നും ഇറക്കുമതി ചെയ്യുന്നത് എന്നതും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ആത്മനിര്‍ഭര്‍ പദ്ധതി കൊട്ടിഘോഷിക്കുന്ന സര്‍ക്കാര്‍ തന്നെ ഇത്തരമൊരു ഉത്തരവിറക്കിയതും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു.
ലഡാക്കിലും മറ്റ് വടക്കുകിഴക്കന്‍ അതിര്‍ത്തികളിലും ചൈനീസ് കയ്യേറ്റങ്ങള്‍ നടക്കുന്ന സമയത്ത് കൂടിയാണ് ദേശീയ പതാക ഇറക്കുമതിക്ക് ഇന്ത്യ ചൈനക്ക് കരാര്‍ നല്‍കിയിരിക്കുന്നത് എന്നതും കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനം ശക്തമാക്കുന്നുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ കര്‍ണാടക ഖാദി ഗ്രാമോദ്യോഗ സംയുക്തസംഘം ‘ധ്വാജ സത്യാഗ്രഹ്’ എന്ന പേരില്‍ സത്യാഗ്രഹസമരം നടത്തുന്നുണ്ട്. ജൂണ്‍ 30നായിരുന്നു സത്യാഗ്രഹം ആരംഭിച്ചത്.