| Thursday, 10th August 2023, 5:30 pm

അവിശ്വാസ പ്രമേയം നമുക്ക് ലഭിച്ച ഭാഗ്യമാണ്; പ്രതിപക്ഷത്തിന് നന്ദി: നരേന്ദ്ര മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയിലെ ജനങ്ങള്‍ക്ക് സര്‍ക്കാരില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവിശ്വാസ പ്രമേയം പ്രതിപക്ഷത്തിന്റെ പരീക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു. അവിശ്വാസം കൊണ്ടു വന്ന പ്രതിപക്ഷത്തിനോട് നന്ദിയുണ്ടെന്നും അദ്ദേഹം ലോക്‌സഭയില്‍ അവിശ്വാസ പ്രമേയത്തിന് മറുപടി പറഞ്ഞുകൊണ്ട് സംസാരിച്ചു.

‘2024ഉം ബി.ജെ.പിക്ക് റെക്കോര്‍ഡ് വിജയമുണ്ടാകും. അവിശ്വാസ പ്രമേയം ദൈവത്തിന്റെ സമ്മാനമാണ്. അവിശ്വാസ പ്രമേയം ഞങ്ങള്‍ക്ക് എപ്പോഴും ശുഭകരമാണ്.

പ്രമേയത്തില്‍ വോട്ടെടുപ്പ് നടന്നപ്പോള്‍ അവര്‍ പരാജയപ്പെട്ടു. ഞങ്ങള്‍ പൊതുസമൂഹത്തിലേക്ക് പോയപ്പോള്‍ ജനങ്ങള്‍ അവരില്‍ അവിശ്വാസം കാട്ടി. എന്‍.ഡി.എക്കും ബി.ജെ.പിക്കും കൂടുതല്‍ നോട്ട് കിട്ടി. ഒരു തരത്തില്‍ പറഞ്ഞാല്‍ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ഞങ്ങള്‍ക്ക് ലഭിച്ച ഭാഗ്യമാണ്. എന്‍.ഡി.എയും ബി.ജെ.പിയും വലിയ ജനവിധിയോടെ തിരിച്ചുവരുമെന്ന് ഞങ്ങള്‍ തീരുമാനിച്ചു,’ അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയെയും പരിഹസിച്ച് നരേന്ദ്ര മോദി സംസാരിച്ചു. കോണ്‍ഗ്രസ് അധിര്‍ രഞ്ജനെ സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും അദ്ദേഹത്തോട് തങ്ങള്‍ക്ക് സഹതാപമുണ്ടെന്നും നരേന്ദ്ര മോദി പറഞ്ഞു. അഞ്ച് വര്‍ഷം കിട്ടിയിട്ടും പ്രതിപക്ഷത്തിന് തയ്യാറെടുത്ത് വന്നു കൂടെയെന്നും അദ്ദേഹം പറഞ്ഞു.

‘ഞാന്‍ നിങ്ങള്‍ക്ക് അഞ്ച് വര്‍ഷം തന്നില്ലേ, നിങ്ങള്‍ തയ്യാറായി വരണ്ടേ. ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവിനെ സ്പീക്കര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 1999ല്‍ ശരദ് പവാര്‍ അവിശ്വാസ പ്രമേയം നയിച്ചു. 2003ല്‍ സോണിയ ഗാന്ധിയും. എന്നാല്‍ എന്തുകൊണ്ടാണ് ഇന്ന് അധിര്‍ രഞ്ജന്‍ ചൗധരിയെ സംസാരിക്കാന്‍ അനുവദിക്കാത്തത്. അദ്ദേഹത്തിന്റെ പാര്‍ട്ടി അദ്ദേഹത്തെ സംസാരിക്കാന്‍ അനുവദിച്ചില്ല.

എന്തുകൊണ്ടാണ് അധിര്‍ രഞ്ജന്‍ ചൗധരിയെ മാറ്റി നിര്‍ത്തിയത്. ഒരു പക്ഷേ കൊല്‍ക്കത്തയില്‍ നിന്ന് ഫോണ്‍ വന്നത് കൊണ്ടാകാം. ഞങ്ങള്‍ക്ക് അധിര്‍ രഞ്ജനോട് സഹതാപം തോന്നുന്നു,’ മോദി പറഞ്ഞു.

CONTENT HIGHLIGHTS: narendra modi replies no trust motion

We use cookies to give you the best possible experience. Learn more