India
'2014ലെ തെരഞ്ഞെടുപ്പു വേളയില്‍ മോദി വാഗ്ദാനം നല്‍കിയ ആ കാര്യങ്ങള്‍ക്കുവേണ്ടിയാണ് കര്‍ഷകര്‍ ഇപ്പോള്‍ സമരം ചെയ്യുന്നത്' തെളിവ് ഇതാ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Jun 11, 10:23 am
Sunday, 11th June 2017, 3:53 pm

ഭോപ്പാല്‍: മധ്യപ്രദേശില്‍ കര്‍ഷകര്‍ സമരം ചെയ്യുന്നത് 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പു വേളയിലെ റാലികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം നല്‍കിയ കാര്യങ്ങള്‍ക്കുവേണ്ടി. ഹസാരിബങ്ക്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നടത്തിയ റാലിയില്‍ മോദി ഉറപ്പു നല്‍കിയ കാര്യങ്ങള്‍ക്കുവേണ്ടിയാണ് മധ്യപ്രദേശ് സര്‍ക്കാറിനു മുമ്പില്‍ പ്രതിഷേധവുമായി കര്‍ഷകര്‍ രംഗത്തുവന്നത്.

കര്‍ഷകരുടെ ഉല്പാദന ചിലവ് സംരക്ഷിച്ച് അടിസ്ഥാന ലാഭം ഉറപ്പുവരുത്തുമെന്നും അടിസ്ഥാന താങ്ങുവില തിരിച്ചുകൊണ്ടുവരുമെന്നുമായിരുന്നു മോദി ഈ റാലികളില്‍ ഉറപ്പുനല്‍കിയത്.


Also Read:‘ഗോമാതാവിനെ കൊല്ലുന്നത് നമ്മള്‍ അവസാനിപ്പിക്കണം’ എ.ആര്‍ റഹ്മാന്റെ പേരില്‍ വ്യാജ പ്രചരണവുമായി സംഘികള്‍: പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ


” താങ്ങുവിലയില്‍ ഞങ്ങള്‍ മാറ്റംകൊണ്ടുവരും. ഒരു പുതിയ ഫോര്‍മുല ഉണ്ടാവും- അതായത് ഉല്പാദന ചിലവും 50%ലാഭവും. ഇത് കര്‍ഷകരെ സഹായിക്കുമെന്ന് മാത്രമല്ല, കര്‍ഷകരെ ചൂഷണം ചെയ്യാന്‍ ആരെയും അനുവദിക്കുകയുമില്ല.” എന്നായിരുന്നു മോദിയുടെ പ്രസംഗം.

ഒരാഴ്ചയ്ക്കുശേഷം ഗുജറാത്തിലെ സുരേന്ദ്രനഗറില്‍ കൂടിനിന്ന പരുത്തി കര്‍ഷകര്‍ക്കു മുമ്പിലും മോദി ഈ വാക്കുകള്‍ ആവര്‍ത്തിച്ചു.

” ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക് എം.എസ്.പി തീരുമാനിക്കുന്ന രീതിവരുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പു നല്‍കുന്നു. കര്‍ഷകര്‍ വിത്തിനും, ജലസേചനത്തിനും, വൈദ്യുതിക്കും കാര്‍ഷിക ഉപകരണങ്ങള്‍ക്കും വളങ്ങള്‍ക്കുമൊക്കെയായി ചിലവഴിച്ച തുകയും ഞങ്ങള്‍ പരിഗണിക്കും. ഈ ഉല്പാദന ചിലവിനൊപ്പം കര്‍ഷകര്‍ക്ക് 50% ലാഭവും നല്‍കും. അതായത് നൂറാണ് ഉല്പാദന ചിലവെങ്കില്‍ എം.എസ്.പിയായി 150 ലഭിക്കും.” എന്നാണ് മോദി പരുത്തി കര്‍ഷകരോടു പറഞ്ഞത്.

കര്‍ഷകര്‍ ആത്മഹത്യ ചെയ്യേണ്ട അവസ്ഥ ഇതുമൂലം ഉണ്ടാവില്ലെന്നും മോദി പറഞ്ഞിരുന്നു.

ഇപ്പോള്‍ ബി.ജെ.പി ഭരിക്കുന്ന മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ സമരരംഗത്തിറങ്ങിയ കര്‍ഷകര്‍ ഉയര്‍ത്തുന്നതും ഇതേ ആവശ്യങ്ങളാണ്. മധ്യപ്രദേശില്‍ അഞ്ചു കര്‍ഷകരെ പൊലീസ് വെടിവെച്ചു കൊല്ലുന്ന അവസ്ഥവരെയുണ്ടായി. എന്നാല്‍ ഇതുവരെ നരേന്ദ്രമോദി ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.