പട്‌ന: ബീഹാറിലെ അര്‍വാല്‍ ജില്ലയില്‍ നിന്നും കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ പട്ടികയില്‍ തിരിമറി കണ്ടെത്തല്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി, സിനിമാ താരങ്ങളായ അക്ഷയ് കുമാര്‍, പ്രിയങ്ക ചോപ്ര എന്നിവര്‍ ജില്ലയില്‍ നിന്നും വാക്‌സിനെടുത്തതായുള്ള പട്ടികയാണ് പുറത്ത് വന്നിരിക്കുന്നത്.
ജില്ലയിലെ കര്‍പി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നിന്നും ഇവര്‍ വാക്‌സിന്‍ എടുത്തതായുള്ള വിവരങ്ങളടങ്ങിയ പട്ടികയാണ് വാക്‌സിനേഷന്‍ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്തിരുന്നത്.
ഇതില്‍ നടത്തിയ പരിശോധനയില്‍ തട്ടിപ്പ് കണ്ടെത്തിയതിന് പിന്നാലെ ഡാറ്റ എന്‍ട്രി ചുമതലയുണ്ടായിരുന്ന രണ്ട് കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍മാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
പട്ടികയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിച്ചതോടെ പ്രാദേശിക ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. എങ്ങനെയാണ്, ആരുടെ നിര്‍ദേശത്തിന്റെ പുറത്താണ് ഈ ഡാറ്റ തട്ടിപ്പ് നടത്തിയത് എന്ന് അന്വേഷിക്കുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ജെ. പ്രിയദര്‍ശിനി അറിയിച്ചു.
സംഭവത്തില്‍ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യുമെന്നും മാതൃകാപരമായ നടപടിയെടുക്കുമെന്നും കര്‍പി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് പുറമെ മറ്റ് ആരോഗ്യ കേന്ദ്രങ്ങളിലേയ്ക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നും മജിസ്‌ട്രേറ്റ് പറഞ്ഞു.
സംഭവത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഇത്തരത്തിലുള്ള കൂടുതല്‍ സംഭവങ്ങള്‍ പുറത്ത് വരുന്നതിനനുസരിച്ച് നടപടിയെടുക്കുമെന്നും ബിഹാര്‍ ആരോഗ്യമന്ത്രി മംഗള്‍ പാണ്ഡെ പ്രതികരിച്ചു.
നേരത്തെ രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാനായി കേന്ദ്രങ്ങളിലെത്തിയ ആളുകളോട് അവര്‍ രണ്ട് ഡോസ് വാക്‌സിനും എടുത്ത് കഴിഞ്ഞതാണെന്ന രേഖ ആരോഗ്യപ്രവര്‍ത്തകര്‍ കാണിച്ച സംഭവവുമുണ്ടായിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Narendra Modi, Priyanka Chopra, Sonia Gandhi on Bihar Covid jab list in data fraud