|

'ദശാബ്ദങ്ങള്‍ക്കിപ്പുറം ശ്രീനഗറിലെ തിയേറ്ററുകള്‍ നിറഞ്ഞ് കവിയുന്നു'; പത്താനെ പ്രശംസിച്ച് നരേന്ദ്ര മോദി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നീണ്ട നാളത്തെ ഇടവേളക്ക് ശേഷം ഒരു ബോളിവുഡ് ചിത്രത്തിന്റെ വന്‍ വിജയത്തിനാണ് ഇന്ത്യന്‍ ബോക്സ് ഓഫീസ് സാക്ഷ്യം വഹിക്കുന്നത്. ഷാരൂഖ് ഖാന്‍ – ദീപിക പദുക്കോണ്‍ ചിത്രം പത്താന്‍ 850 കോടി കടന്നിരിക്കുകയാണ്. സംഘപരിവാറിന്റെ ബഹിഷ്‌കരണ ആഹ്വാനമുണ്ടായ ചിത്രം ഇന്ന് വന്‍ വിജയമാണ് കൈവരിച്ചിരിക്കുന്നത്.

നിരവധി വ്യക്തികളാണ് പത്താനെ പ്രശംസിച്ച് രംഗത്തെത്തുന്നത്. ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചിത്രത്തെ പ്രശംസിച്ചിരിക്കുകയാണ്. ശ്രീനഗറിലെ ഇനോക്സ് റാം മുന്‍ഷി ബാഗില്‍ നടന്ന പത്താന്റെ ഹൗസ്ഫുള്‍ ഷോകളെ കുറിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ച് സംസാരിച്ചത്.

ദശാബ്ദങ്ങള്‍ക്കിപ്പുറം ശ്രീനഗറിലെ തിയേറ്ററുകള്‍ ഹൗസ്ഫുള്‍ ആയി എന്നാണ് മോദി പറഞ്ഞത്. ലോകസഭയില്‍ സംസാരിക്കവെയാണ് മോദിയുടെ പത്താനെ പ്രശംസിച്ചത്.

ബോക്സ് ഓഫീസ് പടയോട്ടത്തിനിടക്ക് നിരവധി വമ്പന്‍ ചിത്രങ്ങളുടെ റെക്കോഡാണ് പത്താന്‍ മറികടന്നത്. ഇന്ത്യക്ക് പുറത്തേക്കും വമ്പന്‍ സ്വീകരണമാണ് പത്താന് ലഭിക്കുന്നത്. മലേഷ്യയിലെ തിയേറ്ററില്‍ പത്താനിലെ ഗാനത്തിനൊപ്പം ചുവട് വെക്കുന്ന പ്രേക്ഷകരുടെ വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു.

ഷാരൂഖ്, ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം എന്നിവര്‍ പങ്കെടുത്ത സക്സസ് മീറ്റും നടന്നിരുന്നു. അമര്‍, അക്ബര്‍, ആന്റണി ആണ് തങ്ങള്‍ മൂന്ന് പേരുമെന്നാണ് ഷാരൂഖ് സക്സസ് മീറ്റില്‍ വെച്ച് പറഞ്ഞത്. സിനിമ നിര്‍മിക്കുന്നത് സ്‌നേഹം, സന്തോഷം, സാഹോദര്യം എന്നിവ വ്യാപിപ്പിക്കാനാണെന്നും അല്ലാതെ ആരുടെയും വികാരം വ്രണപ്പെടുത്താന്‍ അല്ലെന്നും അദ്ദേഹം പറഞ്ഞു. സിനിമയില്‍ തങ്ങള്‍ വെറും കഥാപാത്രങ്ങളായാണ് അഭിനയിക്കുന്നതെന്നും ഷാരൂഖ് പറഞ്ഞു.

ഞങ്ങള്‍ നിങ്ങളെ സ്‌നേഹിക്കുന്നു, അതുകൊണ്ടാണ് സിനിമകള്‍ നിര്‍മിക്കുന്നത്. ഞങ്ങള്‍ നിങ്ങളെ സ്‌നേഹിക്കുന്നതുപോലെ നിങ്ങള്‍ ഞങ്ങളെയും സ്‌നേഹിക്കണം. സിനിമകള്‍ നിര്‍മിക്കുന്നത് സ്‌നേഹം, സന്തോഷം, സാഹോദര്യം, ദയ എന്നിവ വ്യാപിപ്പിക്കാനാണ്. ജോണ്‍ ഈ സിനിമയില്‍ ഒരു നെഗറ്റീവ് കഥാപാത്രമായാണ് അഭിനയിക്കുന്നത്. ഞാനും ജോണും മോശമായി അഭിനയിക്കുന്നുണ്ടെങ്കില്‍ അത് സിനിമയില്‍ മാത്രമാണ്. ഞങ്ങള്‍ വെറും കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്.

സിനിമ നിര്‍മിക്കുന്നത് ആരുടെയും വികാരം വ്രണപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയല്ല. സിനിമയില്‍ എന്തെങ്കിലും കാണിക്കുകയോ പറയുകയോ ചെയ്യുന്നുണ്ടെങ്കില്‍ അത് ഗൗരവതരമായി എടുക്കരുത്. ഇതെല്ലാം വെറും വിനോദമാണ്, ഷാരൂഖ് ഖാന്‍ പറഞ്ഞു.

content highlight: narendra modi praised pathan movie