'പ്രജ്ഞാ സിങ് ഠാക്കൂറിന് മാപ്പില്ല' ; ഗോഡ്‌സെ വിവാദത്തില്‍ പ്രജ്ഞയെ തള്ളി മോദിയും
D' Election 2019
'പ്രജ്ഞാ സിങ് ഠാക്കൂറിന് മാപ്പില്ല' ; ഗോഡ്‌സെ വിവാദത്തില്‍ പ്രജ്ഞയെ തള്ളി മോദിയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th May 2019, 3:10 pm

 

ന്യൂദല്‍ഹി: ഗാന്ധി ഘാതകനായ നാഥുറാം വിനായക് ഗോഡ്‌സെ രാജ്യസ്‌നേഹിയാണെന്ന മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയും ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ പ്രജ്ഞാ സിങ് ഠാക്കൂറിന്റെ പ്രസ്താവന തള്ളി പ്രധാനമന്ത്രി നരേന്ദ്രമോദി.

അവരെ ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാക്കിയത് താനാണെങ്കിലും മഹാത്മാ ഗാന്ധിയെ അവഹേളിച്ചതിന് പ്രജ്ഞാ സിങ് ഠാക്കൂറിനോട് തനിക്ക് ഒരിക്കലും ക്ഷമിക്കാന്‍ കഴിയില്ലെന്നാണ് മോദി പറഞ്ഞത്.

പ്രജ്ഞാ സിങ് ഗോഡ്‌സെയെ രാജ്യസ്‌നേഹിയെന്ന് വിശേഷിപ്പിച്ച് 24 മണിക്കൂറിനുശേഷമാണ് പ്രധാനമന്ത്രി ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുന്നത്. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുള്‍പ്പെടെയുള്ള നേതാക്കള്‍ നേരത്തെ പ്രജ്ഞയെ തള്ളി രംഗത്തെത്തിയിരുന്നു. ഈ വേളയിലെല്ലാം പ്രധാനമന്ത്രി മൗനം പാലിച്ചതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

പ്രജ്ഞയെ പിന്തുണച്ച് കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഡ്‌ഗെ അടക്കമുള്ള നേതാക്കള്‍ രംഗത്തുവന്നതിനു പിന്നാലെയാണ് അമിത് ഷാ പരാമര്‍ശം തള്ളി രംഗത്തുവന്നത്. നേതാക്കളുടെ പ്രസ്താവനകളുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്നാണ് അമിത് ഷാ ദല്‍ഹിയില്‍ പറഞ്ഞത്.

‘അവര്‍ പ്രസ്താവനകള്‍ പിന്‍വലിക്കുകയും മാപ്പു പറയുകയും ചെയ്തിട്ടുണ്ട്. ബി.ജെ.പി ഇവരുടെ പ്രസ്താവനകള്‍ ഗൗരവമായി കാണുകയും അച്ചടക്ക കമ്മിറ്റിക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്.’ എന്നും അമിത് ഷാ പറഞ്ഞിരുന്നു.

പ്രജ്ഞാ സിങ് ഠാക്കൂറിന്റെ പ്രസ്താവനയില്‍ അവര്‍ മാപ്പ് പറയേണ്ടതില്ലെന്നും ഇപ്പോള്‍ ഗോഡ്‌സെയെ കുറിച്ച് ചര്‍ച്ച ഉയരുന്നതില്‍ സന്തോഷമുണ്ടെന്നുമായിരുന്നു ഹെഗ്ഡെയുടെ പ്രതികരണം.

ഏഴ് പതിറ്റാണ്ടിനു ശേഷം ഇന്നത്തെ തലമുറ ഗോഡ്സെയെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ അദ്ദേഹം സന്തോഷിക്കുന്നുണ്ടാകുമെന്നായിരുന്നു നളിന്‍ കുമാറിന്റെ പ്രതികരണം. ഒരാളെ കൊന്ന ഗോഡ്‌സെ ആണോ 17000 പേരെ കൊന്ന രാജീവ് ഗാന്ധി ആണോ കൂടുതല്‍ ക്രൂരനെന്നു പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പ്രജ്ഞാസിങ് ഠാക്കൂറിന്റെ പ്രസ്താവന ബി.ജെ.പിയുടെ നിലപാടല്ലെന്ന് വക്താവ് ജി.വി.എല്‍ നരസിംഹ റാവു പറഞ്ഞിരുന്നു.

ഗോഡ്‌സെ ദേശഭക്തനാണെന്നും അദ്ദേഹത്തെ തീവ്രവാദിയെന്ന് വിളിക്കുന്നവര്‍ പുനപരിശോധന നടത്തണമെന്നുമായിരുന്നു പ്രജ്ഞാ സിങിന്റെ പരാമര്‍ശം. ഗോഡ്‌സെയെ തീവ്രവാദി എന്ന് വിളിക്കുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മറുപടി ലഭിക്കുമെന്നും പ്രജ്ഞാ സിംഗ് പറഞ്ഞു. ഇന്ത്യയിലെ ആദ്യ ഭീകരവാദി ഹിന്ദുവായ ഗോഡ്‌സെയാണെന്ന കമല്‍ഹാസന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു പ്രജ്ഞാ സിംങ്.

ഗോദ്‌സെയാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഹിന്ദു തീവ്രവാദിയെന്ന കമല്‍ഹാസന്റെ പ്രസ്താവനയ്ക്കു പിന്നാലെയായിരുന്നു പ്രജ്ഞ ഇങ്ങനെ പറഞ്ഞത്. അറവകുറിച്ചി നിയോജക മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കുവേണ്ടി തെരഞ്ഞെടുപ്പു പ്രചരണ റാലിയില്‍ സംസാരിക്കവേയായിരുന്നു കമല്‍ഹാസന്‍ ഹിന്ദു തീവ്രവാദത്തെക്കുറിച്ച് പറഞ്ഞത്.

‘ഇവിടെ ഒരുപാട് മുസ്‌ലീങ്ങള്‍ ഉണ്ടെന്നതിനാലല്ല ഞാനിതു പറയുന്നത്. ഗാന്ധിയുടെ പ്രതിമയുടെ മുമ്പില്‍വെച്ചാണ് ഞാനിതു പറയുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യ തീവ്രവാദ ഒരു ഹിന്ദുവാണ്. അയാളുടെ പേര് നാഥുറാം ഗോദ്സെയെന്നാണ്.’ എന്നായിരുന്നു കമല്‍ ഹാസന്റെ വാക്കുകള്‍.