ന്യൂദല്‍ഹി: ലോകത്ത് കഴിഞ്ഞ നൂറു വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും അപകടകാരിയായ വൈറസാണ് കൊവിഡ് മഹാമാരിയ്ക്ക് കാരണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ മന്‍കി ബാത്തിനിടെയാണ് മോദിയുടെ പരാമര്‍ശം.
മഹാമാരിക്കിടയിലും രണ്ട് ചുഴലിക്കാറ്റുകളെ നേരിടാന്‍ രാജ്യത്തെ പൗരന്‍മാര്‍ കാണിച്ച ധൈര്യത്തെ താന്‍ അഭിനന്ദിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
‘കൊവിഡ് രണ്ടാം തരംഗത്തിന്റെ അസാധാരണവുമായ അവസ്ഥയിലും ചുഴലിക്കാറ്റ് ബാധിച്ച എല്ലാ സംസ്ഥാനങ്ങളിലെയും ആളുകള്‍ പ്രതിരോധത്തിനായി ധൈര്യം കാണിച്ചു. പ്രതിസന്ധിയുടെ ഈ സമയത്തും വളരെ ക്ഷമയോടും അച്ചടക്കത്തോടും കൂടി അവര്‍ പെരുമാറി. അവരെ ഞാന്‍ അഭിനന്ദിക്കുന്നു,’ മോദി പറഞ്ഞു.
ചുഴലിക്കാറ്റില്‍ നഷ്ടം സംഭവിച്ചവരുടെ വേദനയില്‍ പങ്കുചേരുന്നു. ഇന്ത്യ സംയമനത്തോടെയാണ് വെല്ലുവിളികളെ നേരിടുന്നത്. രാജ്യം സര്‍വശക്തിയും ഉപയോഗിച്ച് വെല്ലുവിളികള്‍ക്കെതിരെ പോരാടും. ദുരന്തങ്ങളില്‍ ജീവഹാനി പരമാവധി കുറയ്ക്കാനായെന്നും പ്രധാനമന്ത്രി പറഞ്ഞു.
കൊവിഡ് മുന്‍നിരപ്പോരാളികളായ ആരോഗ്യപ്രവര്‍ത്തകരെയും മോദി മന്‍കി ബാത്തില്‍ അഭിനന്ദിച്ചു. അതേസമയം രാജ്യത്തെ ഓക്‌സിജന്‍ ഉല്പ്പാദനം പത്തിരട്ടിയായി വര്‍ധിപ്പിച്ചെന്നും അദ്ദേഹം പറയുന്നു.