| Tuesday, 15th August 2017, 8:27 am

ഒടുക്കം മോദി മിണ്ടി: ചെങ്കോട്ടയിലെ പ്രസംഗത്തില്‍ ഗോരഖ്പൂരിനായി ഒരുവാചകം മാറ്റിവെച്ച് പ്രധാനമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഗോരഖ്പൂര്‍ ശിശുമരണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് പ്രധാനമന്ത്രി അനുശോചനം അറിയിച്ചത്.

ദേശീയ തലത്തില്‍ തന്നെ യു.പി സര്‍ക്കാറിനെതിരെ വലിയ പ്രതിഷേധങ്ങള്‍ക്കു വഴിവെച്ച ഗോരഖ്പൂര്‍ ദുരന്തമുണ്ടായി ഒരാഴ്ചയോടടുക്കുമ്പോഴാണ് പ്രധാനമന്ത്രി അനുശോചനം അറിയിച്ചിരിക്കുന്നത്.

“കഴിഞ്ഞ കുറച്ചുദിവസങ്ങളില്‍ ഇന്ത്യയിലെ ചില ഭാഗങ്ങളില്‍ ചില പ്രകൃതി ദുരന്തങ്ങള്‍ ുണ്ടായിരുന്നു. ഉത്തര്‍പ്രദേശില്‍ ആശുപത്രിയില്‍ കുട്ടികള്‍ മരിച്ച വലിയൊരു ദുരന്തവുമുണ്ടായി. പ്രകൃതി ദുരന്തവും ഗോരഖ്പൂരിലെ ദുരന്തവും കാരണം ദു:ഖമനുഭവിക്കുന്നവര്‍ക്കൊപ്പം തോളോട് തോള്‍ ചേര്‍ന്ന് ഇന്ത്യന്‍ ജനത നിലകൊള്ളും.” എന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.


Must Read: വര്‍ഗീയതയെ വിമര്‍ശിച്ചു പ്രസംഗിച്ച സാമ്പത്തിക വിദഗ്ധനോട് ‘സ്‌റ്റേജില്‍ നിന്ന് ഇറങ്ങിപ്പോകൂ’ എന്ന് ബി.ജെ.പി മന്ത്രിമാര്‍- വീഡിയോ


ഗോരഖ്പൂരില്‍ 70 ലേറെ കുട്ടികളുടെ മരണത്തിന് കാരണമായ ദുരന്തമുണ്ടായിട്ടും പ്രധാനമന്ത്രി ഈ വിഷയത്തില്‍ പാലിച്ച മൗനം വലിയ വിമര്‍ശനങ്ങള്‍ക്കു വഴിവെച്ചിരുന്നു. വിദേശ രാജ്യങ്ങളില്‍ ചെറിയ ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ വരെ നടുക്കം രേഖപ്പെടുത്തിയും അനുശോചനം അറിയിച്ചും ട്വിറ്ററിലൂടെ രംഗത്തുവരാറുള്ള പ്രധാനമന്ത്രി ഈ വിഷയത്തില്‍ മൗനം പാലിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്കു വഴിവെച്ചിരുന്നു.

ബി.ജെ.പി ഭരിക്കുന്ന യു.പിയിലാണ് ദുരന്തമെന്നതിനാലും യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ വീഴ്ചകളാണ് ഇത്തരമൊരു ദുരന്തത്തിലേക്ക് നയിച്ചതെന്നതിനാലുമാണ് പ്രധാനമന്ത്രി മിണ്ടാതിരിക്കുന്നതെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.

We use cookies to give you the best possible experience. Learn more