ന്യൂദല്‍ഹി: താന്‍ അമ്മയെ കാണാന്‍ പോകുമ്പോഴെല്ലാം അമ്മ തനിക്ക് പൈസ തരാറുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അക്ഷയ് കുമാറുമായുള്ള അഭിമുഖത്തിലാണ് മോദിയുടെ ഈ അവകാശവാദം.
അമ്മയ്ക്ക് പണമയക്കാറുണ്ടോയെന്ന ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി.
മോദിയ്ക്കു മുമ്പില്‍ ഒരു ഭൂതം പ്രത്യക്ഷപ്പെട്ടാല്‍ അദ്ദേഹത്തോട് ചോദിക്കുന്ന മൂന്ന് ആഗ്രഹങ്ങള്‍ പറയാന്‍ പറഞ്ഞപ്പോള്‍ ജനങ്ങള്‍ ഭൂതങ്ങളുടെ കഥയില്‍ വിശ്വസിക്കുന്നത് അവസാനിപ്പിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് മോദി പറഞ്ഞു.
പ്രതിപക്ഷത്ത് തനിക്ക് നിരവധി സുഹൃത്തുക്കളുണ്ടെന്നും അഭിമുഖത്തില്‍ മോദി അവകാശപ്പെട്ടു. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ കാര്യമാണ് അദ്ദേഹം ഉദാഹരണമായി നിരത്തിയത്.
തെരഞ്ഞെടുപ്പ് സമയത്ത് മുടക്കം സംഭവിക്കാറുണ്ടെങ്കിലും മമത ബാനര്‍ജി എല്ലാ വര്‍ഷവും തനിക്ക് ഒന്നോ രണ്ടോ കുര്‍ത്തകള്‍ സമ്മാനമായി നല്‍കാറുണ്ടെന്നായിരുന്നു മോദി പറഞ്ഞത്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന എനിക്ക് ബംഗാളി പലഹാരങ്ങള്‍ തന്നു എന്നറിഞ്ഞപ്പോള്‍ മമത തനിക്ക് മധുരപലഹാരങ്ങള്‍ തരാന്‍ തുടങ്ങിയെന്നും മോദി പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഒബാമ ആദ്യമായി തന്നെ കണ്ടപ്പോള്‍ കൂടുതല്‍ സമയം ഉറങ്ങണമെന്ന് പറഞ്ഞിരുന്നു. പിന്നെ കാണുമ്പോഴെല്ലാം ഉറക്കത്തിന്റെ സമയം കൂട്ടിയോ എന്നദ്ദേഹം ചോദിക്കും. പക്ഷെ തന്റെ ശരീരത്തിന് 3-4 മണിക്കൂര്‍ ഉറക്കം മതിയെന്നും മോദി അക്ഷയ് കുമാറിനോട് പറഞ്ഞു.
‘റിട്ടയര്‍മെന്റ് പ്ലാനുകളെ കുറിച്ച് ആലോചിച്ചിട്ടില്ല. എപ്പോഴും ജോലി ചെയ്യുകയും എന്തെങ്കിലും ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. എനിക്ക് എന്തെങ്കിലുമൊരു മിഷന്‍ ഉണ്ടാവുമെന്ന് ഉറപ്പാണ്’ മോദി പറഞ്ഞു.
‘ഞാന്‍ പ്രധാനമന്ത്രിയാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. മറ്റുപലരുമാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. ചില പശ്ചാത്തലത്തില്‍ വരുന്ന ആളുകള്‍ അത്തരം കാര്യങ്ങള്‍ സ്വപ്നം കണ്ടിരിക്കാം. 1962ലെ യുദ്ധവേളയില്‍ ഗുജറാത്തിലെ മെഹ്‌സാനയില്‍ നിന്നും പട്ടാളക്കാര്‍ ട്രെയിനില്‍ കയറുന്നത് ഞാന്‍ കാണാറുണ്ടായിരുന്നു. അവരും അവരുടെ ത്യാഗങ്ങളും എനിക്ക് പ്രചോദനമായിരുന്നു.’ മോദി പറഞ്ഞു.
‘ കള്ളംപറഞ്ഞുകൊണ്ട് ഏറെക്കാലം ആളുകളെ പിടിച്ചുനിര്‍ത്താനാവില്ല. എനിക്കുവേണ്ടി ഞാന്‍ തന്നെ ചില ചിട്ടവട്ടങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. എളുപ്പം ദുര്‍വ്യാഖ്യാനം ചെയ്യാമെന്നതിനാല്‍ തമാശ പറയുകയെന്നത് ബുദ്ധിമുട്ടാണ്. സുഹൃത്തുക്കളുമായി തമാശ പറയാറുണ്ട്. പക്ഷേ സോഷ്യല്‍ മീഡിയയില്‍ കുറേക്കൂടി ശ്രദ്ധിച്ചേ ഇടപെടാറുള്ളൂ. പ്രത്യേകിച്ച് ടി.ആര്‍.പികളില്‍ വലിയ താല്‍പര്യമുള്ള ആളുകളുമായി.’ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
ചെറുപ്പത്തില്‍ താനെന്താവാനാണ് ആഗ്രഹിച്ചതെന്ന് പറയാന്‍ ബുദ്ധിമുട്ടാണ്. പക്ഷേ ഇന്ന് എത്തിയിരിക്കുന്ന നിലയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. രാഷ്ട്രീയത്തിനു പുറമേയുള്ള കാര്യങ്ങള്‍ സംസാരിക്കുന്നത് നല്ലതാണ്. ഒപ്പം പ്രവര്‍ത്തിച്ചവരോട് ക്രുദ്ധനാവേണ്ട ഒരു സാഹചര്യവുമുണ്ടായിട്ടില്ല. താന്‍ വളരെ സ്ട്രിക്ടാണ് പക്ഷേ ക്രുദ്ധനായിട്ടില്ലെന്നും മോദി പറഞ്ഞു.
തിരുവനന്തപുരത്ത് പോകാന്‍ പ്ലാന്‍ എയും ബിയും സിയുമുണ്ടായിരുന്നു; പക്ഷേ എല്ലാം പാളി: വോട്ടു ചെയ്യാനാവാതെ സുരേഷ് ഗോപി
‘വര്‍ഷങ്ങള്‍ക്കു മുമ്പേ കുടുംബത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നവനാണ് ഞാന്‍. ഇപ്പോള്‍ ഇതാണെന്റെ ജീവിതം. എന്തിനെക്കുറിച്ചാണ് നമ്മള്‍ സംസാരിക്കുകയെന്ന് എന്റെ അമ്മ പലപ്പോഴും ചോദിക്കാറുണ്ട്. ഇപ്പോള്‍ കുടുംബത്തിനൊപ്പം ചിലവഴിക്കാന്‍ സമയം കണ്ടെത്താന്‍ പറ്റാത്ത അവസ്ഥയാണ്. ഞാന്‍ അങ്ങേയറ്റം കര്‍ക്കശക്കാരനാണ് എന്ന തരത്തിലുള്ള ഇമേജ് സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്’. മോദി പറഞ്ഞു.