| Thursday, 15th September 2011, 6:10 pm

വികസന നാടകം മോഡിയിലെ രക്തക്കറ മായ്ക്കുമോ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുജറാത്തിന്റെ വികസനത്തെക്കുറിച്ചാണ് ഇപ്പോള്‍ എല്ലാവരും സംസാരിച്ചുകൊണ്ടിരിക്കുന്നത്. വികസനം വരണമെന്ന് എല്ലാ മനുഷ്യരും ആഗ്രഹിക്കുന്നകാര്യമാണ്. വികസനം തുല്യമായി വീതം വെക്കപ്പെടണമെന്നതും. സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാവുകയും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരാവുകയും ചെയ്യുന്ന വികസനമുണ്ട്. ഗുജറാത്തിലേത് ഏത് തരത്തിലുള്ള വികസനമാണെന്ന് പരിശോധിക്കപ്പെടേണ്ടതാണ്. ഗുജറാത്തിലെ വികസനം ഏത് തരത്തിലുള്ളതായാലും നരേന്ദ്ര മോഡിയെന്ന മുഖ്യമന്ത്രിയെ പാടിപ്പുകഴ്ത്തുകയാണ് പലരും. ഗുജറാത്ത് വികസന മാതൃകയായും നരേന്ദ്രമോഡി മികച്ച മുഖ്യമന്ത്രിയായും അവതരിപ്പിക്കപ്പെടുന്നു.

ഏറ്റവുമൊടുവില്‍ അമേരിക്കന്‍ കോണ്‍ഗ്രസ് റിപ്പോര്‍ട്ടില്‍ ഗുജറാത്തിനെ വികസന ഇന്ത്യന്‍ വികസന മാതൃകയായും മോഡിയെ വികസന നായകനായും അവതരിപ്പിച്ചുകഴിഞ്ഞു. കോര്‍പ്പറേറ്റ് വികസനം മുന്നോട്ട് വെക്കുന്ന അമേരിക്ക മോഡിയെ പ്രശംസിക്കുന്നതില്‍ അ്ത്ഭുതപ്പെടാനില്ല. നരേന്ദ്രമോഡിയെ വികസ മുഖംമൂടിയണിയിപ്പിച്ച് ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ അമരിക്കക്ക് പല താല്‍പര്യങ്ങളുമുണ്ടാകാം.

2002ലെ ഗുജറാത്തിനെക്കുറിച്ച് നമുക്കെല്ലാവര്‍ക്കുമറിയാം. ഗോധ്ര സംഭവത്തിന് ശേഷം ഗുജറാത്തില്‍ നടന്ന വര്‍ഗ്ഗീയ കലാപത്തില്‍ ആയിരക്കണക്കിന് മനുഷ്യരാണ് മരിച്ചുവീണത്. കത്തിച്ചാമ്പലായ മനുഷ്യമാംസത്തിന്റെ ഗന്ധം ഇപ്പോഴുമുണ്ട് ഗുജറാത്തിന്റെ തെരുവുകളില്‍. ഭരണകൂടത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പോടെ നടന്നതായിരുന്നു ആ കലാപം. അക്രമം നിയന്ത്രിക്കേണ്ടവര്‍ കലാപകാരികള്‍ക്ക് ഒത്താശ നല്‍കുകയായിരുന്നുവെന്നത് ചരിത്രം. കലാപത്തിന് ശേഷം ഗുജറാത്തില്‍ നടന്ന വ്യാജ ഏറ്റുമുട്ടലുകളും മറ്റ് ഭരണകൂട ഭീകരതയും നാം കണ്ടതാണ്.

അന്തച്ഛിദ്രങ്ങള്‍ കൊണ്ടും മതേതര ഇന്ത്യയുടെ പ്രതിരോധം കൊണ്ടും വീര്യം കുറഞ്ഞ ഫാഷിസം നരേന്ദ്രമോഡിയില്‍ ഒരു മിശിഹയെ കാണുന്നുണ്ടാവും. എന്നാല്‍ മതേതരത്വത്തില്‍ വിശ്വസിക്കുന്നുവെന്ന് പറയുന്ന കേരളത്തിലെ രാഷ്ട്രീയ-സാംസ്‌കാരിക നേതൃത്വം പോലും വികസനത്തിന്റെ മുഖം മൂടിയണിഞ്ഞ നരോന്ദ്രമോഡിയെ തിരിച്ചറിയുന്നതില്‍ പരാജയപ്പെടുകയാണോ?.വികസനമെന്ന മുദ്രാവാക്യം മാത്രം വിളിക്കുന്ന ഇന്ത്യയിലെ മധ്യവര്‍ഗ്ഗ ജനസമൂഹത്തിനിടയില്‍ ഈ മോഡി വാഴ്ത്തല്‍ ഉണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതങ്ങള്‍ തിരിച്ചറിയപ്പെടാതെ പോവുകയാണോ?. മതേതരത്വത്തെ തകര്‍ക്കാന്‍ തക്കം പാര്‍ത്ത് നില്‍ക്കുന്ന ഫാഷിസം വികസനത്തിന്റെ കപട മുഖം മൂടിയണിഞ്ഞു വരുമ്പോള്‍ ആ മുഖം മൂടി പൊളിച്ചുമാറ്റേണ്ടത് മതേതര വിശ്വാസികളുടെ ബാധ്യതയാണ്. ഡൂള്‍ന്യൂസ് ലഞ്ച് ബ്രേക്ക് ചര്‍ച്ച ചെയ്യുന്നു.വികസന നാടകം മോഡിയിലെ രക്തക്കറ മായ്ക്കുമോ?

ആര്‍.ബി ശ്രീകുമാര്‍, ഗുജറാത്ത് മുന്‍ ഡി.ജി.പി

നരേന്ദ്രമോഡി നടത്തുന്ന വികസനത്തോട് ഞാനൊരിക്കലും യോജിക്കില്ല. സമൂഹത്തിലെ സമ്പന്ന വിഭാഗത്തെ ഉയര്‍ത്തുന്നതും, അവരെ കൊഴുപ്പിക്കുന്നതിനും സഹായിക്കുന്നതാണ് മോഡിയുടെ വികസനം. ഇതിനെയാണ് മോഡിയുടെ വികസന വിസ്മയമെന്ന് ഇവിടുത്ത രാഷ്ട്രീയക്കാരും മാധ്യമങ്ങളും വാഴ്ത്തുന്നത്. ഗുജറാത്ത് നേരിട്ടു കണ്ടാല്‍, അവിടുത്തെ ജനതയെ അടുത്തറിഞ്ഞാല്‍ ആര്‍ക്കും മനസിലാക്കിയെടുക്കാവുന്നതേയുള്ളൂ ഇവിടുത്തെ വികസനമെന്താണെന്ന്.

മോഡി പുരോഗതിയുണ്ടാക്കി നല്‍കിയത് ഗുജറാത്തിനല്ല, അംബാനി, അതാനി, ടാറ്റ, പോലുള്ള മൂന്ന്, നാല് കോര്‍പ്പറേറ്റ് കമ്പനികള്‍ക്കാണ്. അവര്‍ക്ക് വ്യവസായ സംരഭങ്ങള്‍ തുടങ്ങാനായി മുന്‍പിന്‍ നോക്കാതെ ഭൂമി അനുവദിച്ചു. കോടിക്കണക്കിന് രൂപ വിലവരുന്ന ഭൂമി അവര്‍ക്ക് നല്‍കിയത് തുച്ഛമായ വിലയ്ക്കാണ്. വികസനാവശ്യത്തിനായി ഇവിടെ നിന്നും കൈമാറിയ 40% ഭൂമികളും ഈ വന്‍കിട കമ്പനികളുടെ കൈകളിലാണ്. രണ്ട് ലക്ഷം കോടിയിലധികം രൂപയുടെ അഴിമതിയാണ് ഇതില്‍ നടന്നിട്ടുള്ളത്.

ദൃശ്യമായ പ്രദേശങ്ങളില്‍ എന്തൊക്കെയോ കാട്ടികൂട്ടി ഗുജറാത്ത് മുഴുവന്‍ ഇങ്ങനെയാണെന്ന തോന്നലുണ്ടാക്കിക്കുകയാണ് മോഡി സര്‍ക്കാര്‍ ചെയ്തത്. അങ്ങനെ അദ്ദേഹം കോര്‍പ്പറേറ്റ് ലോകത്തിന്റെ കണ്ണിലുണ്ണിയായി. ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി തുടങ്ങി പ്രമുഖരായ നിരവിധി പ്രധാനമന്ത്രിമാര്‍ നമുക്കുണ്ടായിട്ടുണ്ട്. എന്നാല്‍ അവരെയാരെയും ഉത്തമമാതൃകയായി കോര്‍പ്പറേറ്റുകളോ, യു.എസോ ഉയര്‍ത്തിക്കാട്ടിയിട്ടില്ല. ഇപ്പോള്‍ മോഡിയെ ആ നിലയിലേക്ക് ഉയര്‍ത്തുന്നത് മോഡി അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നയാളായതിനാലാണ്. മോഡിയെ ഇന്ത്യന്‍ പ്രധാനമന്ത്രിയാക്കാനാണ് ഇവരുടെ ശ്രമം. അതിന് ഗുജറാത്ത് കലാപത്തിന്റെ കറ അദ്ദേഹത്തില്‍ നിന്നും കഴുകി കളയേണ്ടിയിരിക്കുന്നു. അതിനായുള്ള ശ്രമങ്ങളാണ് ഈ കപടവികസന മുഖത്തിലൂടെ നടത്തുന്നത്.

ഒറീസയിലേതിനെക്കാള്‍ മോശം സ്ഥിതിയാണ് ഗുജറാത്തിലെ ജനങ്ങളുടേത്. മാനവവിഭവശേഷിയും, പോഷകാഹാരക്കുറവും, സത്രീ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലെ പിന്നോക്കാവസ്ഥയും ഗുജറാത്തിലുള്ളത്ര ഇന്ത്യയില്‍ മറ്റൊരിടത്തുമില്ല. ഇവിടെ ചെയ്യുന്നത് വന്‍കിട ഗ്രൂപ്പുകള്‍ക്ക് കള്ളക്കടത്തുനടത്താനും, കോടിക്കണക്കിന് രൂപയുടെ ആയുധങ്ങള്‍ അനധികൃതമായി ഇവിടെയെത്തിക്കാനും, മറ്റും സഹായം നല്‍കുകയാണ്. വില്ലേജ് ഓഫീസുകളിലും, പോലീസ് സ്‌റ്റേഷനുകളിലും, തഹസില്‍ ദാര്‍ ഓഫീസുകളിലുമെല്ലാം ലക്ഷക്കണക്കിന് രൂപയുടെ കൈക്കൂലിയാണ് ഒഴുകുന്നത്.

ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കി മാറ്റുക എന്ന ആര്‍.എസ്.എസിന്റെ നയം നടപ്പാക്കുകയാണ് മോഡി ചെയ്യുന്നത്. ഇന്ത്യയില്‍ മറ്റെവിടെയും ആര്‍.എസ്.എസ് പ്രചാരകന്‍ മുഖ്യമന്ത്രിയായിട്ടില്ല. മോഡിയിലൂടെ ആര്‍.എസ്.എസ് ഹിന്ദുരാഷ്ട്രത്തെ സ്വപ്‌നംകാണുകയാണ്. മോഡി ചെയ്ത കുറ്റകൃത്യങ്ങളെ മറയ്ക്കാന്‍ അവര്‍ വികസനത്തെ ഉപയോഗിക്കുന്നു.

കോര്‍പ്പറേറ്റുകളും മോഡിയെ വലിയ തോതില്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. മോഡിയ്‌ക്കെതിരായ കേസില്‍ അന്വേഷണം വേണമോ എന്ന കാര്യം തീരുമാനിക്കാന്‍ സുപ്രീംകോടതി ചുമതലപ്പെടുത്തിയ ആര്‍.കെ രാഘവന്‍ ടാറ്റയുടെ വൈസ് പ്രസിഡന്റാണ്. ഈ കേസുമായി ബന്ധപ്പെട്ട ഒരു സാക്ഷിയെപ്പോലും ചോദ്യം ചെയ്യാതെയാണ് അയാള്‍ മോഡിക്കനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയത്. ഒന്നരലക്ഷത്തോളം പ്രതിഫലം പറ്റിയ ഇയാള്‍ ഒരാഴ്ചപോലും ഗുജറാത്തില്‍ നില്‍ക്കാതെയാണ് ഈ റിപ്പോര്‍ട്ട് നല്‍കിയത്.

മോഡിയെ വളര്‍ത്താന്‍ ചില മാധ്യമങ്ങളും ശ്രമിക്കുന്നുണ്ട്. നാളെ മോഡി പ്രധാനമന്ത്രിയായാലോ എന്ന് കണ്ട് ഒരു മുഴം നീട്ടിയെറിയാനാണ് അവര്‍ ശ്രമിക്കുന്നത്. കഴിഞ്ഞദിവസം മോഡിയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തത് കണ്ടാല്‍ തന്നെ ഇത് വ്യക്തമാകും. മോഡി രക്ഷപ്പെട്ടു എന്ന തരത്തിലാണ് പല മാധ്യമങ്ങളും ചര്‍ച്ച നടത്തിയത്. എന്നാല്‍ ഈ കേസില്‍ നടപടിയെടുക്കാനുള്ള അധികാരം മജിസ്‌ട്രേറ്റ് കോടതിക്ക് വിടുകയാണ് സുപ്രീംകോടതി ചെയ്തിട്ടുള്ളത്. മജിസ്‌ട്രേറ്റ് കോടതി മോഡിക്കെതിരെ അന്വേഷണം വേണ്ടെന്ന് പറയുകയാണെങ്കില്‍ പരാതിക്കാരന് വീണ്ടും മേല്‍ക്കോടതിയെ സമീപിക്കാമെന്നും വിധിയില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇതൊന്നു പറയാതെ മോഡിക്ക് ആശ്വാസമായി എന്ന രീതിയിലാണ് മാധ്യമങ്ങള്‍ ഈ വിധിയെ കൈകാര്യം ചെയ്തത്.


മധുരേഷ് കുമാര്‍, നാഷണല്‍ അലയന്‍സ് ഓഫ് പീപ്പിള്‍ മൂവ്‌മെന്റ് കോ-ഓര്‍ഡിനേറ്റര്‍

ആരൊക്കെയാണ് നരേന്ദ്ര മോഡിയെ പുകഴ്ത്തുന്നത് എന്ന് നമ്മള്‍ ആദ്യം ആലോചിക്കണം. അമേരിക്ക മോഡിയെ പുകഴ്ത്തുന്നതില്‍ അത്ഭുതമൊന്നുമില്ല. മോഡി എന്ന ഭരണാധികാരിയെ ആണ് അവര്‍ പുകഴ്ത്തുന്നത്. പക്ഷേ അതേ രാജ്യം മോഡിക്ക് മുന്‍പ് വിസ നിഷേധിച്ചിട്ടുമുണ്ട്. രാജ്യത്തെ പ്രകൃതി വിഭവങ്ങള്‍ നവസാമ്പത്തിക ശക്തികള്‍ക്ക് വില്‍ക്കുകയാണ് മോഡി ചെയ്തു കൊണ്ടിരിക്കുന്നത്. അതാണ് അമേരിക്കക്കാവിശ്യം. അത്‌കൊണ്ടാണ് അവര്‍ മോഡിയെ പുകഴ്ത്തുന്നത്. ഗുജ്‌റാത്തില്‍ നിന്നു തന്നെ മോഡിയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്. മിദ്ദീ വിരുദ്ധി ആണവനിലയം, നിര്‍മ്മ സിമന്റ് ഫാക്ടറി, നദീസംയോജന പദ്ധതി, സര്‍ദാര്‍ സരോവര്‍ ഡാം തുടങ്ങിയ പദ്ധതികള്‍ക്കെതിരെയെല്ലാം സാമൂഹിക പ്രതിഷേധങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു.

ഇന്ത്യയില്‍ വേണ്ട വികസനം എന്നത് സമത്വത്തിലും നീതിയിലും അതിഷ്ഠിതമായ സുസ്ഥിരമായ വികസനമാണ്. രാജ്യത്തെ മുസ്ലിംകളോട് മാപ്പു പറയണമെന്നാണ് കോണ്‍ഗ്രസ്സ് പറയുന്നത്, എന്നാല്‍ മാപ്പു പറയുകയല്ല വേണ്ടത്, മോഡിയുടെ കൈയ്യില്‍ രക്തം പുരണ്ടിരിക്കുന്നു, മുസ്ലിംകള്‍ക്ക് വേണ്ടത് നീതിയാണ്.
അയോധ്യ സംഭവത്തില്‍ അദ്വാനിക്ക് പങ്കുള്ളതിനാലാണ് പ്രധാനമന്ത്രി സ്്ഥാനം വാജ്‌പേയിക്ക് നല്‍കേണ്ടി വന്നത്. ഒട്ടേറെ കലാപങ്ങളുടെ കറ നരേന്ദ്ര മോഡിയില്‍ ഉള്ളതിനാല്‍ അത്ര പെട്ടന്ന് ബി. ജെ. പി.ക്ക് പ്രധാനമന്ത്രി പദത്തിലേക്ക് മോഡിയെ ഉയര്‍ത്താനായില്ല. മതേതര ഇന്ത്യ ഒരിക്കലും നരേന്ദ്ര മോഡിയെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കില്ല.

രോഹിത് പ്രജാപതി, ഗുജറാത്തിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍

നരേന്ദ്ര മോഡിയുടെ വികസനം പ്രധാനമായും നാലു തരത്തിലാണ്. തൊഴില്‍ രഹിത വികസനം, ഫലഭൂയിഷ്ഠമായ ഭൂമി ഇല്ലാതാക്കുന്ന വികസനം, പാരിസ്ഥിതികമായ സന്തുലിതാവസ്ഥ തകര്‍ക്കുന്ന വികസനം, സാധരണക്കാരുടെ ആരോഗ്യം നശിപ്പിക്കുന്ന വികസനം എന്നിവയാണ്. നരേന്ദ്ര മോഡിയുടെ വികസന മാതൃകയെ അമേരിക്ക പുകഴ്ത്തിയതില്‍ അതിശയമൊന്നുമില്ല. ഒരു ആക്ടിവിസ്റ്റ് എന്ന നിലക്ക് യുദ്ധ ഭ്രാന്തുള്ള അമേരിക്കന്‍ ഗവണ്‍മെന്റിന്റെ വികസനം എനിക്ക് അംഗീകരിക്കാനാവില്ല. നരേന്ദ്ര മോഡിയുടെ സര്‍ക്കാര്‍ ഫാസിസ്റ്റ് രൂപത്തിലുള്ള സര്‍ക്കാറാണ്. മോഡി ഒറ്റയ്ക്കാണ് എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത്.

വ്യാവസായിക വത്കരണം ഒരു ഫാസിസ്റ്റ് ഗവണ്‍മെന്റിന് അത്യാവശ്യമാണ്. എന്തുകൊണ്ടെന്നാല്‍ വളരെ വേഗത്തിലുള്ള വളര്‍ച്ചയാണ് അവര്‍ ആഗ്രഹിക്കുന്നത്. വളരെ തന്ത്രപരമായ ഒരു നീക്കമാണിത്. ഒരേസമയം വര്‍ഗ്ഗീയമായ ലഹളകള്‍ ഉണ്ടാക്കുകയും മറുവശത്ത് വ്യാവസായിക വികസനം പ്രോത്സാഹിപ്പിക്കുന്നത് ജനങ്ങളുടെ ശ്രദ്ധയെ വ്യതിചലിപ്പിക്കാന്‍ വേണ്ടിയാണ്. ഉപരിമധ്യവര്‍ഗ്ഗം മാത്രമേ മോഡിയെ പിന്തുണക്കുകയുള്ളൂ. ഭട്ട്‌വാരിയ, ബെറൂച്ച്, ബറോഡ, അഹമ്മദാബാദ്, സൂറത്ത്, കച്ച്, ഗുജ്‌റാത്തിന്റെ വടക്ക് മുതല്‍ തെക്ക് വരെ വളരെയധികം പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരികയാണ്.

കെ. സുരേന്ദ്രന്‍, യുവമോര്‍ച്ച പ്രസിഡന്റ്

ഇന്ത്യയില്‍ ഏറ്റവും നന്നായി പെര്‍ഫോം ചെയ്യുന്ന സര്‍ക്കാരാണ് നരേന്ദ്രമോഡിയുടെ കീഴിലുള്ള ഗുജറാത്ത് സര്‍ക്കാര്‍. 15വര്‍ഷത്തിനുള്ളില്‍ അഭൂതപൂര്‍വമായ വികസനമാണ് ഗുജറാത്തില്‍ ഉണ്ടായിട്ടുള്ളത്. വികസനം മാത്രമല്ല, ഗുജറാത്തില്‍ സമാധാന അന്തരീക്ഷം പുനസ്ഥാപിക്കുന്നതിലും മോഡി സര്‍ക്കാര്‍ വിജയിച്ചിട്ടുണ്ട്. ഗ്രോധ കൂട്ടക്കൊലയ്ക്കുശേഷം ഗുജറാത്തില്‍ ഒരു അക്രമസംഭവങ്ങള്‍ പോലും ഉണ്ടായിട്ടില്ല.

വന്‍കിട പദ്ധതികള്‍ക്ക് മാത്രമല്ല ചെറുകിട ഗ്രാമീണ വ്യവസായങ്ങള്‍ക്കും മോഡി ഒരുപോലെ പ്രാധാന്യം നല്‍കി. കൃഷിക്ക് അനുയോജ്യമായ ഭൗതിക സാഹചര്യം ഇല്ലാതിരുന്നിട്ടുകൂടി ഗുജറാത്ത് കാര്‍ഷിക വളര്‍ച്ചയും കൈവരിച്ചു. എല്ലാ മേഖലയും വികസനം കാണാം.

വര്‍ഗീയമുഖം മറക്കാനുള്ള ശ്രമമാണ് മോഡി നടത്തുന്നതെന്ന് പറയാന്‍ കഴിയില്ല. വര്‍ഗീയമായി മോഡിയെ വേട്ടയാടിവരെല്ലാം ഇന്ന് അദ്ദേഹത്തെ പ്രകീര്‍ത്തിക്കുകയാണ്. അദ്ദേഹം മുന്നോട്ടുവച്ച വികസനം മാതൃകയാക്കണമെന്ന് പറയുകയാണ്. മോഡിയെ എതിര്‍ത്ത ജമാഅത്ത ഇസ്‌ലാമിയുള്‍പ്പെടെയുള്ള മുസ്‌ലിം സംഘടനകള്‍വരെ അദ്ദേഹത്തിന്റെ വികസനത്തെ അംഗീകരിക്കുന്നുണ്ട്. മോഡിയെ വര്‍ഗീയവാദിയെന്നും, ഘാതകന്‍ എന്നുമൊക്കെ വിശേഷിപ്പിച്ച അമേരിക്കയും മോഡിയുടെ വികസനത്തെ പ്രകീര്‍ത്തിച്ചിരിക്കുകയാണ്.

സി. പി. ജോണ്‍, സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം, സി.എം.പി നേതാവ്

ഗുജറാത്തിലേത് ഉണ്ടായി എന്ന് ഇവര്‍ പറയുന്ന വികസനം റോഡുകളുടെയും വ്യവസായങ്ങളുടെയും വികസനമാണ്. വികസനം എന്നതിനര്‍ത്ഥം കോണ്‍ക്രീറ്റ് സൗധങ്ങളുടെയും റോഡിന്റെയും വികസനം എന്നല്ല. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും വികാസം കൂടിയുണ്ടെങ്കിലേ വികസനം പൂര്‍ണ്ണമാകുന്നുള്ളൂ. ഞാന്‍ പറയുന്നത് ഗുജ്‌റാത്തില്‍ വികസനം നടന്നിട്ടില്ല എന്നല്ല, മനുഷ്യരുടെ മനസ്സിലെ പാലങ്ങള്‍ തകര്‍ത്തിട്ടാണ് അവിടെ കോണ്‍ക്രീറ്റ് പാലങ്ങള്‍ പണിതത്. സമൂഹത്തേയും സമുദായത്തേയും ബന്ധിപ്പിക്കുന്ന റോഡുകള്‍ തകര്‍ത്തിട്ടാണ് അവിടെ ടാറിട്ട റോഡുകള്‍ പണിതത്. ഗുജ്‌റാത്തില്‍ നടന്നത് necessary but not sufficeint ആയ വികസനമാണ്. ഒരു വര്‍ഗ്ഗീയ കലാപത്തെ ന്യായീകരിക്കാന്‍ വേണ്ടിയാണ് ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ നടത്തുന്നത്.

കെ. എം. ഷാജി എം.എല്‍.എ യൂത്ത് ലീഗ് നേതാവ്

അമേരിക്കയുടെ വികസന കാഴ്ചപ്പാടുകളോട് ലോകം എങ്ങിനെ വിയോജിക്കുന്നുവോ അങ്ങിനെയാണ് നരേന്ദ്ര മോഡിയുടെ വികസനത്തോട് ഞാന്‍ വിയോജിക്കുന്നത്. ലോകത്തിലെ ദുര്‍ബലരായ ജനങ്ങളെ നിഷ്‌കരുണം കൊന്നൊടുക്കിയാണ് അമേരിക്ക ലോകമേധാവിത്വം ചമയുന്നത്. അത്‌പോലെ തന്നെയാണ് മോഡിയും ചെയ്യുന്നത്. പാവപ്പെട്ട ന്യൂനപക്ഷങ്ങളെ നിഷ്ഠൂരമായി കൊലചെയ്ത് നടത്തിയ വികസനമാണിത്.

മനുഷ്യന്മാരെ മനുഷ്യന്മാരായി കാണാനായില്ലെങ്കില്‍ പിന്നെ എല്ലാം അപ്രസക്തമാണ്. നരാധമന്മാരായ ഒരാള്‍ക്കൂട്ടത്തെ ഉണ്ടാക്കയെടുത്ത് വികസനം എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല.

RELATED ARTICLES

പ്രിയപ്പെട്ട മോഡീ, താങ്കള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുന്നു

മല്ലികാ സാരാഭായിയെ ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തു

വാജ്‌പേയിയുടെ കത്ത് മോഡിയെ വേട്ടയാടുന്നു

നരേന്ദ്രമോഡി ഇന്ത്യന്‍ വികസന നായകന്‍: യു.എസ്


Latest Stories

We use cookies to give you the best possible experience. Learn more