അക്ഷരങ്ങള്‍ കൂട്ടി വായിക്കാനും എഴുതാനും കൃത്യമായി ഉച്ഛരിക്കാനുമൊന്നും കഴിയാത്ത അല്ലെങ്കില്‍ ബുദ്ധിമുട്ടുന്ന അവസ്ഥയെയാണ് ഡിസ്ലെക്സിയ അഥവാ പദാന്ധത എന്ന് വിളിക്കുന്നത്. അക്ഷരങ്ങളെ അവയുടെ ശബ്ദങ്ങളുമായി കൂട്ടിച്ചേര്‍ക്കാന്‍ ഈ അവസ്ഥയിലൂടെ കടന്ന പോകുന്നവര്‍ക്ക് കഴിയാറില്ല. ഭാഷയെ ക്രമീകരിക്കുന്ന തലച്ചോറിന്റെ ഭാഗം കൃത്യമായി പ്രവര്‍ത്തിക്കാതെ വരുമ്പോഴാണ് ഈ അവസ്ഥയുണ്ടാകുന്നത്.
വിദ്യാഭ്യാസ കാലഘട്ടത്തില്‍ കൃത്യമായി തിരിച്ചറിഞ്ഞാല്‍ ഈ അവസ്ഥ മാറ്റിയെടുക്കാവുന്നതെ ഉള്ളു.
ഇന്ത്യയിലെ പത്ത് ശതമാനം കുട്ടികള്‍ ഈ അവസ്ഥയിലൂടെ കടന്നു പോവുന്നു എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. അറിവില്ലായ്മ മൂലം കുട്ടികളിലെ ഡിസ്ലെക്സിയ തിരിച്ചറിയാതെ പോയാല്‍ ഈ കുട്ടികള്‍ രക്ഷിതാക്കളുടെയും അധ്യാപകരുടെ ഭാഗത്ത് നിന്നുള്ള സമ്മര്‍ദ്ദത്തിന് ഇരയാവകുവാന്‍ സാധ്യതയുണ്ട്. ഇത് അവരുടെ ജവിതത്തെ തന്നെ ദോഷകരമായി ബാധിച്ചേക്കാം.
ഇപ്പറഞ്ഞ 10 ശതമാനത്തോടും അവരുടെ ബന്ധുക്കളോടും രാജ്യം ഭരിക്കുന്നവര്‍ക്ക് ഒരു ഉത്തരവാദിത്വമുണ്ട്. നിര്‍ഭാഗ്യവശാല്‍ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇതൊക്കെ ഒരു തമാശയാണ്.
ഡെറാഡൂണില്‍ സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണിന്റെ ഭാഗമായി ഐ.ഐ.ടി വിദ്യാര്‍ഥികളുമായുള്ള പ്രധാനമന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സിങ്ങിനിടെയാണ് മോദി ഡിസ്ലെക്സിയ എന്ന അവസ്ഥയേയും അതിലൂടെ കടന്നു പോകുന്ന വിദ്യാര്‍ത്ഥികളേയും പരിഹസിച്ചത്. ഡിസ്ലെക്‌സിയുമായി ബന്ധപ്പെട്ട് തയാറാക്കിയ പ്രോജക്ട് പ്രധാനമന്ത്രിക്ക് മുമ്പാകെ അവതരിപ്പിക്കുകയായിരുന്ന വിദ്യാര്‍ത്ഥിയോട്, ഈ പ്രോജക്ട് നാല്‍പത് വയസിനും അമ്പത് വയസിനും ഇടയിലുള്ള കുട്ടികള്‍ക്കും പ്രയോജനപ്പെടുമോ എന്ന പരിഹാസരൂപേണയുള്ള മറു ചോദ്യമാണ് പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.
“അടിസ്ഥാനപരമായി ഞങ്ങളുടെ ആശയം ഡിസ്ലെക്സിയ ബാധിച്ചവരുമായി ബന്ധപ്പെട്ടാണ്. ഡിസ്ലെക്സിയ ഉള്ള കുഞ്ഞുങ്ങള്‍ക്ക് എഴുതാനും പഠിക്കാനുമുള്ള വേഗത കുറവായിരിക്കും, പക്ഷേ അവരുടെ ബുദ്ധിയും ക്രിയേറ്റിവിറ്റിയും വളരെ നല്ലതാണ്…താരേ സമീന്‍ പര്‍ സിനിമയിലെ ദര്‍ശീലിന്റെ ക്യാരക്ടര്‍ ക്രിയേറ്റിവിറ്റിയില്‍ വളരെ നല്ലതായിരുന്നതുപോലെ.” എന്നാല്‍ വിദ്യാര്‍ത്ഥി പറഞ്ഞ് തീരും മുമ്പ് മോദി ഇടപെട്ടു.
“പത്തുനാല്‍പ്പത് വയസുള്ള കുട്ടികള്‍ക്കും കണ്ടുപിടിത്തം കൊണ്ട് ഉപകാരമുണ്ടാവുമോ” വിദ്യാര്‍ത്ഥിയോടു ചോദിച്ചയുടനെ മോദി ചിരിച്ചു. പിന്നാലെ വിദ്യാര്‍ത്ഥികളും.
പ്രയോജനപ്പെടുമെന്നായിരുന്നു വിദ്യാര്‍ത്ഥിയുടെ മറുപടി. അങ്ങനെയാണെങ്കില്‍ അത്തരം കുട്ടികളുടെ അമ്മമാര്‍ക്ക് ഇത് സന്തോഷമുണ്ടാക്കുമെന്ന് പറഞ്ഞ് കൊണ്ട് സ്വയം മറന്ന് ചിരിച്ച പ്രധാനമന്ത്രി അപമാനിച്ചത് രാജ്യത്തെ തന്നെയാണ്. ഇത്രയും ക്രൂരമായ ഒരു തമാശയോട് കൈയ്യടിച്ച് കൊണ്ട് പ്രതികരിച്ചത് രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികളാണെന്നതും നിരാശാജനകമാണ്.
ഒരു ലേണിങ്ങ് ഡിസോര്‍ഡറിനെപ്പോലും രാഷ്ട്രീയ എതിരാളിയെ അപമാനിക്കാനായി ദുരുപയോഗിക്കുന്ന പ്രധാനമന്ത്രി ഇനി എവിടെവരെ തരം താഴും എന്നാണ് ഡിസ്ലെക്സിയ അനുഭവിക്കുന്നവരുടെ രക്ഷിതാക്കളുടെ ചോദ്യം. സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്ന ഒരു വിഭാഗത്തെ മുന്നിലേക്ക് കൊണ്ടുവരാനുള്ള മാര്‍ഗം ഒരു വിദ്യാര്‍ത്ഥി പറഞ്ഞുകൊണ്ടിരിക്കുമ്പൊള്‍ അവരെ പരിഹസിക്കുന്നതിനു തുല്യമുള്ള ” തമാശ ” പറയുന്ന പ്രധാനമന്ത്രി രാജ്യത്തിനു നല്‍കുന്ന സന്ദേശമെന്താണ്? പ്രധാനമന്ത്രിയുടെ അപക്വമായ പെരുമാറ്റത്തില്‍ രാജ്യത്ത് വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നു വന്നത്.
WATCH THIS VIDEO: