ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനം തുടരുകയാണ്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് മോദി ഫ്രാന്‍സിലെത്തിയത്.
ഫ്രാന്‍സിലെ ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയെ കുറിച്ചും മോദി സംസാരിച്ചിരുന്നു. എംബാപ്പെക്ക് ഫ്രാന്‍സിലുള്ളതിനേക്കാള്‍ ആരാധകര്‍ ഇന്ത്യയിലുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ നാക്കുപിഴ മോദിയെ ചതിക്കുകയായിരുന്നു.
എംബാപ്പെയുടെ പേര് തെറ്റിച്ച് പറഞ്ഞതോടെയാണ് ട്രോളന്‍മാര്‍ മോദിയുടെ പിന്നാലെ കൂടിയത്. എംബാപ്പെ എന്നതിന് പകരം ‘കിലിയന്‍ മാപ്പേ’ എന്നാണ് മോദി പറഞ്ഞത്. ഗോള്‍ ഇന്ത്യ തങ്ങളുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവെച്ച വീഡിയോയും വൈറലായിരിക്കുകയാണ്.
#WATCH | French football player Kylian Mbappe is superhit among the youth in India. Mbappe is probably known to more people in India than in France, said PM Modi, in Paris pic.twitter.com/fydn9tQ86V
അതേസമയം, പി.എസ്.ജിയുമായുള്ള എംബാപ്പെയുടെ കരാറിനെ ചൊല്ലിയുള്ള പ്രതിസന്ധികള്‍ തുടരുകയാണ്. 2024ഓടെ പി.എസ്.ജിയില്‍ നിന്ന് പടിയിറങ്ങുമെന്ന് എംബാപ്പെ അറിയിച്ചിരുന്നു. കരാര്‍ അവസാനിച്ച ശേഷവും അടുത്ത ഒരു വര്‍ഷത്തേക്ക് കൂടി എംബാപ്പെയെ ക്ലബ്ബില്‍ നിലനിര്‍ത്താനാണ് പി.എസ്.ജി പദ്ധതിയിട്ടിരുന്നതെങ്കിലും താരം തന്റെ തീരുമാനം മാനേജ്‌മെന്റിന് കത്തെഴുതി അറിയിക്കുകയായിരുന്നു.
എന്നാല്‍ ലോക ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ മൂല്യമുള്ള താരം ഫ്രീ ഏജന്റായി ക്ലബ്ബ് വിടുമ്പോഴുണ്ടാകുന്ന നഷ്ടം ചൂണ്ടിക്കാട്ടി പി.എസ്.ജി താരത്തെ വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.
പി.എസ്.ജി വിടുന്നതോടെ എംബാപ്പെ സ്പാനിഷ് വമ്പന്‍ ക്ലബ്ബായ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറാനാണ് സാധ്യത. ലോസ് ബ്ലാങ്കോസുമായുള്ള കരാര്‍ നടന്നിട്ടില്ലെങ്കില്‍ താരം പ്രീമിയര്‍ ലീഗ് ക്ലബ്ബായ ലിവര്‍പൂളിലേക്ക് ചേക്കേറുമെന്നും അഭ്യൂഹങ്ങളുണ്ട്.
എംബാപ്പെ ഇംഗ്ലണ്ടിലേക്കാണ് ചേക്കേറുന്നതെങ്കില്‍ അത് ലിവര്‍പൂളിലേക്ക് ആയിരിക്കില്ലെന്നും താരം ആഴ്സണലുമായി സൈനിങ് നടത്താനാണ് സാധ്യതയെന്നുമാണ് മീഡിയ ഔട്ട്ലെറ്റായ ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ആഴ്സണലിനോടാണ് എംബാപ്പെക്ക് കൂടുതല്‍ താത്പര്യമെന്നും എന്നാല്‍ ഇതൊരു വിദൂര സാധ്യതയായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റയലില്‍ കളിക്കുകയെന്ന ദീര്‍ഘകാലത്തെ സ്വപ്നം സാക്ഷാത്കരിക്കാനാണ് താരം ശ്രമിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
Content Highlight: Narendra Modi mispronounce Kylian Mbappe’s name