ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ബോളിവുഡ് താരങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി.
ഗാന്ധിസത്തെ കൂടുതല്‍ ജനകീയമാക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ബോളിവുഡിലെ മുന്‍നിര താരങ്ങളുമായി കൂടിക്കാഴ്ച്ച നടത്തിയത്.
ആമിര്‍ ഖാന്‍, ഷാരൂഖ് ഖാന്‍, കങ്കണ റനൗട്ട്, ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, ഏക്താ കപൂര്‍, അനുരാഗ് ബസു, ബോണി കപൂര്‍, ഇംതിയാസ് അലി തുടങ്ങിയ താരങ്ങള്‍ പങ്കെടുത്തു.
രാഷ്ട്രപിതാവിന്റെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് മഹാത്മാഗാന്ധിയെയും ഗാന്ധിസത്തെയും ജനപ്രിയമാക്കുന്ന ചലച്ചിത്രങ്ങളും ടെലിവിഷന്‍ ഷോകളും നിര്‍മ്മിക്കാന്‍ ചലച്ചിത്ര മേഖലയെ ക്ഷണിക്കുകയായിരുന്നു കൂടിക്കാഴ്ചയുടെ ലക്ഷ്യം.
കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പ്രധാനമന്ത്രി മോദി തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
ഗാന്ധി ലാളിത്യത്തിന്റെ പര്യായമാണ്.അദ്ദേഹത്തിന്റെ ചിന്തകള്‍ ദൂരവ്യാപകമായി പ്രതിഫലിക്കുന്നതാണ്. സര്‍ഗ്ഗാത്മകതയുടെ ശക്തി വളരെ വലുതാണ്, ഈ സര്‍ഗ്ഗാത്മകതയെ നമ്മുടെ രാജ്യത്തിനായി ഉപയോഗപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ചലച്ചിത്ര-ടെലിവിഷന്‍ ലോകത്ത് നിന്നുള്ള നിരവധി ആളുകള്‍ മികച്ച പ്രവര്‍ത്തനം നടത്തുമ്പോള്‍ മഹാത്മാഗാന്ധിയുടെ ആശയങ്ങള്‍ ജനപ്രിയമാക്കുന്നതിന് ഇത് കാരണമാകണമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.