| Monday, 8th April 2019, 9:45 am

ചാനല്‍ അഭിമുഖത്തിനിടെ റാഫേല്‍ അഴിമതിയുമായി ബന്ധപ്പെട്ട ചോദ്യത്തോട് പൊട്ടിത്തെറിച്ച് മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ചാനല്‍ അഭിമുഖത്തിനിടെ അവതാരകയോട് പൊട്ടിത്തെറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എ.പി.ബി ന്യൂസിന് വേണ്ടി അനുവദിച്ച അഭിമുഖത്തിനിടെയായിരുന്നു സംഭവം.

റഫേല്‍ അഴിമതിയുമായി ബന്ധപ്പെട്ട ചോദ്യമാണ് മോദിയെ ചൊടിപ്പിച്ചത്. മോദി അവതാരകനോട് ദേഷ്യപ്പെടുന്ന വീഡിയോ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് ട്വിറ്ററില്‍ പുറത്തുവിട്ടത്.

മാധ്യമപ്രവര്‍ത്തകയായ റുബികാ ലിയാഖത്തായിരുന്നു റാഫേലുമായി ബന്ധപ്പെട്ട ചോദ്യം മോദിയോട് ചോദിച്ചത്. ” റാഫേല്‍ കരാറില്‍ അനില്‍ അംബാനിക്ക് അനുകൂലമായി താങ്കള്‍ പ്രവര്‍ത്തിച്ചു എന്നത് കള്ളമാണോ” എന്നായിരുന്നു അവതാരികയുടെ ചോദ്യം.

ചോദ്യം കേട്ടതോടെ ദേഷ്യപ്പെട്ട മോദി നിങ്ങള്‍ക്ക് സുപ്രീം കോടതിയെപ്പോലും വിശ്വാസമില്ലേ എന്നായിരുന്നു തിരിച്ചു ചോദിച്ചത്. ”എ.ബി.പി ന്യൂസിന് സുപ്രീം കോടതിയെപ്പോലും വിശ്വാസമില്ലെങ്കില്‍ അതിനേക്കാളും വലിയ നിര്‍ഭാഗ്യമില്ല. നിങ്ങള്‍ സി.എ.ജിയെ വിശ്വസിക്കുന്നില്ലേ? ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞ കാര്യങ്ങള്‍ നിങ്ങള്‍ അംഗീകരിക്കുന്നില്ലേ? ഇന്ത്യന്‍ പാര്‍ലമെന്റിനെ വിശ്വസിക്കുന്നില്ലേ? – എന്നായിരുന്നു മോദി തിരിച്ചുചോദിച്ചത്.

താനുമായി അഭിമുഖം നടത്തുന്നതില്‍ ചാനലിന് ചില അസ്വസ്ഥതകള്‍ ഉണ്ടെന്നാണ് തോന്നുന്നതെന്നും മോദി അഭിമുഖത്തില്‍ പറയുന്നുണ്ട്.

നിങ്ങള്‍ ചെയ്ത കര്‍മത്തിന്റെ ഫലം നിങ്ങള്‍ അനുഭവിക്കുക തന്നെ ചെയ്യുമെന്ന് പറഞ്ഞാണ് രാഹുല്‍ അഭിമുഖത്തിന്റെ വീഡിയോ ക്ലിപ്പ് ഷെയര്‍ ചെയ്തത്.

” നിങ്ങള്‍ക്ക് ഓടാം. പക്ഷേ ഒളിക്കാനാവില്ല”. നിങ്ങള്‍ ചെയ്ത കര്‍മം നിങ്ങളെ പിന്തുടരുമെന്നും രാഹുല്‍ പറയുന്നു. നിങ്ങളില്‍ നിന്ന് തന്നെ ഈ രാജ്യം സത്യമറിയും. സത്യത്തിന്റെ ശക്തി വലുതാണ്. അഴിമതിയുടെ കാര്യത്തില്‍ നിങ്ങളെ ഞാന്‍ വെല്ലുവിളിക്കുകയാണ്. ”- രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

We use cookies to give you the best possible experience. Learn more