| Thursday, 7th February 2019, 10:55 am

'മോദീ മുര്‍ദാബാദ് എന്ന് വിളിക്കരുത്' ; ആ ഭാഷ ആര്‍.എസ്.എസിനേ ചേരൂ; നമ്മുടെ സംസ്‌ക്കാരം അതല്ല: രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

റൂര്‍ക്കേല: പ്രധാനമന്ത്രി നരേന്ദ്രമോദിയെ മൂര്‍ദാബാദ് വിളിക്കുന്നതില്‍ നിന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിലക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

മൂര്‍ദാബാദ് പോലെയുള്ള വാക്കുകള്‍ ബി.ജെ.പിയും ആര്‍.എസ്.എസും ഉപയോഗിക്കുന്നവയാണെന്നും, അതല്ല നമ്മള്‍ കോണ്‍ഗ്രസുകാരുടെ സംസ്‌ക്കാരമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

റൂര്‍ക്കേലയിലെ റാലിക്കിടെ പ്രവര്‍ത്തകര്‍ നരേന്ദ്രമോദി മൂര്‍ദാബാദ് എന്ന് വിളിച്ചത് ശ്രദ്ധയില്‍പ്പെട്ടപ്പോഴായിരുന്നു രാഹുലിന്റെ പ്രതികരണം. സ്‌നേഹത്തിലും അടുപ്പത്തിലുമാണ് കോണ്‍ഗ്രസ് വിശ്വസിക്കുന്നതെന്നും അതിലൂടെയാണ് നമ്മള്‍ വിജയം കാണേണ്ടതെന്നും രാഹുല്‍ പറഞ്ഞു. വെറുപ്പിന്റെ പ്രചരണം ഇല്ലാതെ തന്നെ ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിന് ആകുമെന്നും രാഹുല്‍ പറഞ്ഞു.


ശശികുമാര വര്‍മയും മോഹന്‍ലാലും; പൊതു സ്വതന്ത്രരുടെ സാധ്യതാ പട്ടികയുമായി ആര്‍.എസ്.എസ്


നരേന്ദ്ര മോദിയുടെ മുഖഭാവത്തില്‍ തന്നെ മാറ്റം വന്നിട്ടുണ്ട്. എല്ലാ ഭാഗത്തുനിന്നും അദ്ദേഹത്തിനെതിരെ എതിര്‍പ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. റാഫേല്‍, കിസാന്‍, മസ് ദൂര്‍, സ്ത്രീകള്‍ എന്നിങ്ങനെ എല്ലാവരും മോദിക്കെതിരെ തിരിഞ്ഞിരിക്കുന്നു.

ഇത് നമ്മള്‍ വെറുപ്പുകൊണ്ടു നേടിയെടുത്തതല്ല. നമ്മള്‍ സ്‌നേഹത്തോടെയാണ് മോദിയെ ചോദ്യം ചെയ്തത്. സ്‌നേഹത്തില്‍ ഊന്നിതന്നെയായിരുന്നു നമ്മുടെ പ്രതികരണങ്ങളും. അദ്ദേഹത്തെ നമ്മള്‍ തോല്‍പ്പിച്ചിരിക്കും- രാഹുല്‍ ഗാന്ധി പറഞ്ഞു.

2018 ജൂലൈ 20 ന് മോദി സര്‍ക്കാറിനെതിരായ അവിശ്വാസ പ്രമേയ ചര്‍ച്ചക്കിടെ നാടകീയരംഗങ്ങള്‍ക്കായിരുന്നു ലോക്‌സഭ സാക്ഷ്യം വഹിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ശക്തമായ ഭാഷയില്‍ കടന്നാക്രമിച്ചു കൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസംഗം. വാഗ്ദാനങ്ങള്‍ നല്‍കി പ്രധാനമന്ത്രി ഈ രാജ്യത്തെ ജനങ്ങളെ വഞ്ചിക്കുകയാണെന്നും, പറയുന്ന വാക്കുകള്‍ക്ക് അര്‍ത്ഥമുണ്ടാകണമെന്നും രാഹുല്‍ തുറന്നടിച്ചു. എന്നാല്‍ രൂക്ഷമായ വിമര്‍ശന പ്രസംഗത്തിന് ശേഷം പ്രധാനമന്ത്രിയെ ആലിംഗനം ചെയ്ത രാഹുല്‍ എല്ലാവരെയും ഞെട്ടിച്ചിരുന്നു.

നിങ്ങള്‍ക്ക് ഞാന്‍ പപ്പു ആയിരിക്കും. പക്ഷേ എന്റെ ഉള്ളില്‍ ഇന്ത്യയാണെന്നും നിങ്ങളോട് യാതൊരു വെറുപ്പുമില്ലെന്നും പറഞ്ഞുകൊണ്ടായിരുന്നു രാഹുല്‍ പ്രസംഗം അവസാനിപ്പിച്ചത്. ശേഷം തന്റെ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റ രാഹുല്‍ പ്രധാനമന്ത്രിയുടെ ഇരിപ്പിടിത്തിനടുത്തേക്ക് പോയി പ്രധാനമന്ത്രിയെ ആലിംഗനം ചെയ്യുകയായിരുന്നു. തികച്ചും അപ്രതീക്ഷതമായ ആലിംഗനം മോദിയെ പോലും ഞെട്ടിച്ചിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more