ന്യൂദല്‍ഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം സര്‍ക്കാര്‍ അധികാരത്തിലേക്ക്. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് മുമ്പാകെ നരേന്ദ്ര മോദി മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. നരേന്ദ്ര മോദിക്ക് ശേഷം സത്യപ്രതിജ്ഞ ചെയ്ത മുന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് മന്ത്രിസഭയിലെ രണ്ടാമനായി.
ശേഷം സത്യപ്രതിജ്ഞ ചെയ്തത് മുന്‍ ആഭ്യന്തര മന്ത്രിയും മോദിയുടെ വലംകൈയുമായ അമിത് ഷായാണ്. പിന്നാലെ മുന്‍ ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയും സത്യപ്രതിജ്ഞ ചെയ്തു. അഭ്യൂഹങ്ങള്‍ക്ക് വിടപറഞ്ഞ് കഴിഞ്ഞ മന്ത്രിസഭയില്‍ മുഴുവന്‍ സമയവും ധനകാര്യമന്ത്രിയായിരുന്ന നിര്‍മല സീതാരാമന്‍ ആദ്യ വനിതാ പ്രതിനിധിയായി സത്യപ്രതിജ്ഞ ചെയ്തു.
സഖ്യകക്ഷികളില്‍ നിന്ന് ആദ്യം സത്യപ്രതിജ്ഞ ചെയ്തത് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ മകനുമായ എച്ച്.ഡി. കുമാരസ്വാമിയാണ്. ബി.ജെ.പിയില്‍ നിന്ന് 36 എം.പിമാരാണ് മന്ത്രിസഭയിലേക്കെത്തുന്നത്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയും കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
മോദിയുടെ മൂന്നാം സര്‍ക്കാരില്‍ സഖ്യകക്ഷികളായ ടി.ഡി.പിയ്ക്ക് രണ്ട് മന്ത്രിസ്ഥാനമുണ്ട്. കേരളത്തില്‍ നിന്ന് രണ്ട് മന്ത്രിമാരാണ് ഉള്ളത്. സംസ്ഥാനത്തെ ആദ്യ ബി.ജെ.പി എം.പിയായ സുരേഷ് ഗോപിയും ബി.ജെ.പി നേതാവുമായ ജോര്‍ജ് കുര്യനുമാണ് മന്ത്രിസഭയിലേക്കെത്തുന്നത്. ഇരുവരും സ്വതന്ത്ര അധികാരമുള്ള സഹമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
72 അംഗ മന്ത്രിസഭയില്‍ ഒരു മുസ്‌ലിം എം.പി പോലും ഉള്‍പ്പെടുന്നില്ല. മുസ്‌ലിം പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതില്‍ മോദിയും എന്‍.ഡി.എ സഖ്യവും പരാജയപ്പെട്ടു. 543 അംഗങ്ങളുള്ള ലോക്‌സഭയില്‍ 74 വനിതാ എം.പിമാര്‍ മാത്രമാണ് ഉള്ളത്. കഴിഞ്ഞ തവണ ഇത് 78 ആയിരുന്നു.
ഏറ്റവും കൂടുതല്‍ വനിതാ എം.പിമാര്‍ ഉള്ളത് ബംഗാളില്‍ നിന്നാണ്. 29 വനിതാ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ച തൃണമൂല്‍ 11 എം.പിമാരെ പാര്‍ലമെന്റിലേക്ക് എത്തിക്കുകയും ചെയ്തു. കഴിഞ്ഞ പാര്‍ലമെന്റില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട മഹുവ മൊയ്ത്ര വന്‍ ഭൂരിപക്ഷത്തോടെ കൃഷ്ണനഗര്‍ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
രാഷ്ട്രത്തലവന്മാര്‍ അടക്കം നിരവധി വിശിഷ്ട വ്യക്തികളാണ് ചടങ്ങില്‍ പങ്കെടുത്തത്. മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയ്‌സു, ബംഗ്ലാദേശ് പ്രധാമന്ത്രി ഷെയ്ഖ് ഹസീന എന്നിവരാണ് സത്യപ്രതിജ്ഞ ചടങ്ങിലെത്തിയ രാഷ്ട്രത്തലവന്മാര്‍.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്, വ്യവസായ പ്രമുഖന്‍ മുകേഷ് അംബാനി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ബോളിവുഡ് സിനിമാ താരങ്ങളായ ഷാരൂഖ് ഖാന്‍, അക്ഷയ് കുമാര്‍, അനിൽ കപൂർ എന്നിവരും സത്യപ്രതിജ്ഞക്ക് സാക്ഷികളായിരുന്നു.
Content Highlight: Narendra Modi-led third government to power