| Saturday, 16th March 2019, 5:36 pm

മോദിയുടെ അഞ്ച് വര്‍ഷങ്ങള്‍ താറുമാറാക്കിയ ഭരണഘടനാസ്ഥാപനങ്ങള്‍

ജിതിന്‍ ടി പി

മോദി സര്‍ക്കാര്‍ അതിന്റെ കാലാവധിയോടടുക്കുകയാണ്. അഞ്ച് വര്‍ഷം മുന്‍പ് മൃഗീയ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വന്ന സര്‍ക്കാര്‍ ഭരണചക്രം പൂര്‍ത്തിയാക്കുമ്പോള്‍ താറുമാറാക്കിയ ഭരണഘടനാസ്ഥാപനങ്ങളെക്കുറിച്ചു കൂടി പരിശോധിക്കേണ്ടതുണ്ട്.

ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഏറ്റവും ശക്തമായി ഭരണഘടനാസ്ഥാപനങ്ങളാണ് സുപ്രീംകോടതിയും തെരഞ്ഞെടുപ്പ് കമ്മീഷനും. അതോടൊപ്പം തന്നെ സി.ബി.ഐ, എന്‍ഫോഴ്സ് ഡിപ്പാര്‍ട്ട്മെന്റും പോലുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികളും, റിസര്‍വ് ബാങ്കും.

ആര് ഭരിക്കുന്നു എന്നതൊന്നും ഈ സ്ഥാപനങ്ങളെ ബാധിക്കുന്ന വിഷയമേയല്ലായിരുന്നു.

ഇവയെല്ലാം പ്രതിക്കൂട്ടിലാകുന്ന സംഭവങ്ങള്‍ വളരെ ഒറ്റപ്പെട്ട് മാത്രമെ നമ്മുടെ രാജ്യത്ത് ഉണ്ടാകാറുള്ളൂ… 2014 വരെ.

ALSO READ: ചോദ്യങ്ങളെ ഭയക്കുന്ന ഭരണാധികാരി, ചോദ്യങ്ങളുയര്‍ത്താന്‍ പ്രേരിപ്പിക്കുന്ന നേതാവ്

എന്നാല്‍ നരേന്ദ്രമോദിയ്ക്ക് കീഴില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഈ പതിവെല്ലാം മാറിയിരിക്കുകയാണ്.

ഹിന്ദു ദേശീയവാദി എന്ന് സ്വയം അഭിസംബോധന ചെയ്ത് അധികാരമേറിയ മോദിയ്ക്ക് ഈ ഭരണഘടനാസ്ഥാപനങ്ങളെയെല്ലാം സംശയത്തിന്റെ നിഴലിലാക്കാന്‍ സാധിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍

കേന്ദ്രസര്‍ക്കാരിന്റെ കൈയിലെ ചട്ടുകമായി പ്രവര്‍ത്തിക്കുന്ന ഒരു ഭരണഘടനാ സ്ഥാപനമായി മാറാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഈ അഞ്ച് വര്‍ഷം ധാരാളമായിരുന്നു.

ദല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിനെതിരായി കേന്ദ്രസര്‍ക്കാര്‍ പ്രതികാര ബുദ്ധിയോടെ പ്രവര്‍ത്തിച്ചപ്പോള്‍ അതിന് വെള്ളവും വളവും നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് യാതൊരു മടിയുമുണ്ടായിരുന്നില്ല.

ALSO READ: “പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രം നല്‍കി വഞ്ചിക്കുന്ന മാര്‍ക്കറ്റിംഗ് കമ്പനിയായി ബി.ജെ.പി മാറി”; ഗുജറാത്തിലെ വനിതാ നേതാവ് പാര്‍ട്ടി വിട്ടു

ആം ആദ്മി പാര്‍ട്ടിയുടെ 20 എം.എല്‍.എമാരെ ഇരട്ട പദവി പ്രശ്നം ഉയര്‍ത്തി തെരഞ്ഞെടുപ്പ് കമ്മീഷന് അയോഗ്യരാക്കുന്നത് നിയമോപദേശം മറികടന്നാണ്. പിന്നീട് ഹെക്കോടതിയാണ് ഈ നടപടി റദ്ദാക്കിയത്.

മോദിയുടെ റാലികളുടെ സമയം അനുസരിച്ച് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്ന അസാധാരണ നടപടികളും ഇക്കാലത്തുണ്ടായി. ഏറ്റവുമൊടുവില്‍ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള തിയതി പ്രഖ്യാപിച്ചതും മോദിയുടെ ഉദ്ഘാടന മഹാമഹം കഴിഞ്ഞ്.

സുപ്രീംകോടതി

ജനാധിപത്യത്തിലെ മൂന്നാം തൂണെന്ന് അറിയപ്പെടുന്ന നിയമവ്യവസ്ഥ ഏറ്റവും കൂടുതല്‍ പ്രതിരോധത്തിലായത് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലാണ്. കക്ഷി രാഷ്ട്രീയഭേദമന്യേ രാജ്യത്തെ പൗരന്‍മാര്‍ ഏറ്റവും അവസാനം അഭയം പ്രാപിക്കുന്നത് നീതി ന്യായവ്യവസ്ഥയിലാണ്.

മോദി കാലത്ത് നീതിന്യായ വ്യവസ്ഥയും സ്വതന്ത്രമല്ലെന്ന് തുറന്നുപറഞ്ഞ് പരമോന്നത കോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ തെരുവിലിറങ്ങി പത്രസമ്മേളനം നടത്തിയത് ഇക്കാലത്താണ്.

ബി.ജെ.പി ദേശീയ അധ്യക്ഷനും ഗുജറാത്ത് മുന്‍ ആഭ്യന്തര മന്ത്രിയുമായിരുന്ന അമിത് ഷാ പ്രതിയായ കേസ് പരിഗണിച്ചിരുന്ന ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസ്, മുതിര്‍ന്ന ജഡ്ജിമാരുടെ ബെഞ്ചിന് നല്‍കാതെ ജൂനിയറായ ജസ്റ്റിസ് മിശ്രയുടെ അധ്യക്ഷതയിലുള്ള 10 ആം നമ്പര്‍ ബെഞ്ചിന് നല്‍കി ചീഫ് ജസ്റ്റിസ് കൈമാറി എന്നതാണ് ജഡ്ജിമാര്‍ ഉയര്‍ത്തിയ ആരോപണം.

ALSO READ: വോട്ടിങ് യന്ത്രവും വിവിപാറ്റും കൊണ്ടുപോകുന്ന വാഹനങ്ങളില്‍ ജി.പി.എസ് നിര്‍ബന്ധം

കോടതിയിലെ കേസുകളുടെ വിന്യാസവുമായി ബന്ധപ്പെട്ട അധികാരം ചീഫ് ജസ്റ്റിസ് ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണം പരസ്യമായി ഉന്നയിക്കപ്പെട്ടപ്പോള്‍, അത് രാജ്യമെമ്പാടും ആശങ്ക പരത്തുന്ന ഒന്നായി മാറി.

മെഡിക്കല്‍പ്രവേശനവുമായി ബന്ധപ്പെട്ട പ്രസാദ് എജുക്കേഷന്‍ ട്രസ്റ്റ് കേസ് കേള്‍ക്കാനുള്ള ബെഞ്ച് നിര്‍ണയിക്കാനുള്ള അവകാശം ജസ്റ്റിസ് ചെലമേശ്വരുടെ ബെഞ്ചിന്റെ ഉത്തരവിനെ അസാധുവാക്കിക്കൊണ്ട് ജസ്റ്റിസ് ദീപക് മിശ്ര തന്നെ അധ്യക്ഷനായ ബെഞ്ച് തിരിച്ചുപിടിച്ചതും സംശയത്തിന്റെ നിഴലിലാക്കി.

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍

രാഷ്ട്രീയ എതിരാളികളെ നിശബ്ദരാക്കാന്‍ സി.ബി.ഐയേയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെയും ഉപയോഗിക്കുന്നത് ഇന്ന് സര്‍വ്വ സാധാരണമാണ്. സി.ബി.ഐ കൂട്ടിലടയ്ക്കപ്പെട്ട തത്തയായത് യു.പി.എ കാലത്താണെങ്കില്‍ റിമോട്ടില്‍ നിയന്ത്രിക്കുന്ന കളിപ്പാവയായത് മോദിയുടെ ഭരണകാലത്താണ്.

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പ്രതിപക്ഷ കക്ഷികളുടെ നേതാക്കളുടെ വീടുകളില്‍ റെയ്ഡ് നടത്തുക എന്നത് മാത്രമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ വര്‍ഷങ്ങളില്‍ ചെയ്യുന്ന പണി.

റിസര്‍വ് ബാങ്ക്

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലെ ഏറ്റവും ഉയര്‍ന്ന സ്ഥാപനമായ റിസര്‍വ് ബാങ്കിനും മോദി സര്‍ക്കാരിന്റെ ഹിന്ദുത്വ അജണ്ട നടപ്പാക്കലില്‍ നിന്ന് മാറിനില്‍ക്കാനായില്ല. നോട്ടുനിരോധനം പോലുള്ള സാമ്പത്തിക മണ്ടത്തരങ്ങള്‍ റിസര്‍വ് ബാങ്കിന് മേല്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നെന്ന് കഴിഞ്ഞ ദിവസം പുറത്തായിരുന്നു.

2016 നവംബര്‍ എട്ടിന് നോട്ടുനിരോധനം പ്രഖ്യാപിക്കുന്നതിന് രണ്ടര മണിക്കൂര്‍ മുമ്പാണ് ഇതുസംബന്ധിച്ച സര്‍ക്കാര്‍ നിര്‍ദേശം ഊര്‍ജിത് പട്ടേലിന്റെ നേതൃത്വത്തിലുള്ള ആര്‍.ബി.ഐ സെന്‍ട്രല്‍ ബോര്‍ഡിനു ലഭിച്ചത്.

ALSO READ: മൂന്ന് കോടി മുസ്‌ലീങ്ങളും നാല് കോടി ദളിതരും 2019ലെ വോട്ടര്‍പട്ടികയ്ക്ക് പുറത്തെന്ന് പഠന റിപ്പോര്‍ട്ട്

സ്വയംഭരണത്തെ ചൊല്ലി കേന്ദ്രസര്‍ക്കാരിന് നേരിട്ട് ഏറ്റുമുട്ടേണ്ട സ്ഥിതിയിലേക്കും റിസര്‍വ് ബാങ്ക് എത്തി. കരുതല്‍ ധനത്തില്‍ നിന്ന് 3.6 ലക്ഷം കോടി നല്‍കണമെന്ന കേന്ദ്രനിര്‍ദേശം ആര്‍.ബി.ഐ തള്ളിയതോടെയാണ് ഭിന്നത മൂര്‍ച്ഛിച്ചത്.

ഇതിന് പിന്നാലെ ഉര്‍ജിത് പട്ടേല്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനം രാജിവെക്കുകയും ചെയ്തിരുന്നു. 1990ന് ശേഷം ആദ്യമായാണ് ഒരു ആര്‍.ബി.ഐ ഗവര്‍ണ്ണര്‍ കലാവധിക്കു മുമ്പ് രാജി വെച്ച് പുറത്തു പോകുന്നത്.

ആര്‍.എസ്.എസ് ചിന്തകരായ എസ്.ഗുരുമൂര്‍ത്തി, സതീഷ് മറാത്തെ എന്നിവരെ ആഗസ്തില്‍ കേന്ദ്ര സര്‍ക്കാര്‍ ആര്‍.ബി.ഐ ബോര്‍ഡില്‍ അംഗങ്ങളാക്കിയിരുന്നു.

ഇന്ത്യ എന്ന ആശയത്തെ ഏറ്റവും പ്രതിലോമപരമായി നിര്‍വചിക്കാന്‍ ശ്രമിച്ചൊരു സര്‍ക്കാരാണ് നരേന്ദ്രമോദിയുടേത്. ഭരണഘടനാശില്‍പ്പികള്‍ വിഭാവനം ചെയ്ത ഉന്നതമായ ജനാധിപത്യത്തെ ബോധത്തേയും നാനാത്വത്തേയും ഹിന്ദുത്വം എന്ന ഏകത്വത്തിലേക്ക് പ്രതിഷ്ഠിക്കാന്‍ ശ്രമിച്ചതാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തെ മോദി സര്‍ക്കാരിന്റെ നേട്ടം.

ജിതിന്‍ ടി പി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2017 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.