National
മുഖ്യമന്ത്രിമാര്‍ക്ക് പ്രവേശനം നിഷേധിച്ചതിന് പിന്നിലും മോദി; പ്രധാനമന്ത്രിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി വീണ്ടും കെജ്‌രിവാള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Jun 17, 03:19 am
Sunday, 17th June 2018, 8:49 am

ന്യൂദല്‍ഹി: സര്‍ക്കാരുമായി നിസ്സഹകരണം തുടരുന്ന ഐ.എ.എസ് ഉദ്യോഗസ്ഥരുടെ തീരുമാനത്തിനുപിന്നില്‍ മോദിയുടെ അനുഗ്രഹാശിസ്സുകളോടെയെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ലഫ്റ്റനന്റ് ഗവര്‍ണര്‍ കൂടിക്കാഴ്ചയ്ക്ക് വിസമ്മതിക്കുന്നതിനും പിന്നിലും പ്രധാനമന്ത്രിയാണെന്നും അദ്ദേഹം എന്‍.ഡി.ടി.വിയോട് പറഞ്ഞു.

” ലഫ്റ്റനന്റ് ഗവര്‍ണറോ പ്രധാനമന്ത്രിയോ കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിക്കുന്നില്ല. ഞങ്ങളുടെ പ്രശ്‌നങ്ങളിലും ഉന്നയിക്കുന്ന ചോദ്യങ്ങളിലും അവര്‍ക്ക് മറുപടിയില്ല. വളരെ ലളിതമായ ആവശ്യങ്ങളാണ് ഞങ്ങള്‍ ഉന്നയിക്കുന്നത്. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശത്തോടെ ലഫ്റ്റനന്റ് ഗവര്‍ണര്‍ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുകയാണ്.”

ALSO READ: കെജ്‌രിവാളിന്റെ സമരത്തെ തള്ളി കോണ്‍ഗ്രസ്; സമരം ഏറ്റെടുക്കാനൊരുങ്ങി മറ്റ് പ്രതിപക്ഷ കക്ഷികള്‍

ആരോഗ്യ-വിദ്യാഭ്യാസ-വൈദ്യുത മേഖലകളില്‍ മികച്ച പ്രകടനം നടത്താന്‍ സര്‍ക്കാരിനായിട്ടുണ്ട്. ദല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ എന്തുകൊണ്ടാണ് ഈ നേട്ടം കാണാനാകാത്തത് എന്ന് ജനങ്ങള്‍ ചോദിച്ചുതുടങ്ങി. ഇതാണ് കേന്ദ്രസര്‍ക്കാര്‍ ദല്‍ഹി സര്‍ക്കാരുമായി യുദ്ധം പ്രഖ്യാപിക്കാന്‍ കാരണം.

സര്‍ക്കാരിനോടുള്ള ഐ.എ.എസ് ഓഫീസര്‍മാരുടെ നിസ്സഹകരണം അവസാനിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് കെജ്രിവാള്‍ ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയായ രാജ്നിവാസില്‍ സമരം ചെയ്യുന്നത്. മനീഷ് സിസോദിയ, സത്യേന്ദര്‍ ജയിന്‍,ഗോപാല്‍ റായ് എന്നിവരാണ് കെജ്രിവാളിനൊപ്പം കുത്തിയിരിപ്പ് സത്യഗ്രഹം അനുഷ്ഠിക്കുന്ന മന്ത്രിമാര്‍.

ALSO READ: കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് മര്‍ദ്ദനം; ഗണേശ് കുമാറിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് വി.എം സുധീരന്‍

നേരത്തെ കെജ്‌രിവാളിന് പിന്തുണയുമായി നാല് മുഖ്യമന്ത്രിമാര്‍ അദ്ദേഹത്തിന്റെ വസതിയിലെത്തിയിരുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി എന്നിവരാണ് അരവിന്ദ് കെജ്രിവാളിന്റെ വീട്ടില്‍ കൂടിക്കാഴ്ച നടത്തിയത്.

ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയില്‍ സമരം ചെയ്യുന്ന കെജ്‌രിവാളിനെ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രിമാരെ അനില്‍ ബൈജാല്‍ അനുവദിച്ചിരുന്നില്ല.

ബി.ജെ.പി എം.പി ശത്രുഘ്‌നന്‍ സിന്‍ഹയും കെജ്‌രിവാളിന് പിന്തുണ അറിയിച്ചിരുന്നു.

WATCH THIS VIDEO: