ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രത്യാക്രമണവുമായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു.
ചന്ദ്രബാബു നായിഡുവിനെ ബാഹുബലി സിനിമയിലെ വില്ലനായ ബല്ലാല ദേവനായിട്ടായിരുന്നു കഴിഞ്ഞ ദിവസം മോദി പരിഹസിച്ചത്. ഇതിനെതിരെയാണ് ചന്ദ്രബാബു നായിഡു രംഗത്തെത്തിയത്. നരേന്ദ്രമോദി ഹൃദയം കൊണ്ട് തീവ്രവാദിയാണെന്നും അദ്ദേഹം ഒരിക്കലും ഒരു നല്ല മനുഷ്യനല്ലെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.
2002 ലെ ഗുജറാത്ത് കലാപ സമയത്ത് മോദിയുടെ രാജി ആവശ്യപ്പെട്ട ആദ്യവ്യക്തി ഞാനാണ്. ഇതിന് ശേഷം നിരവധി രാജ്യങ്ങള്‍ മോദിക്ക് അവിടേക്കുള്ള സന്ദര്‍ശനാനുമതി നിഷേധിച്ചു. ഒരു തവണ കൂടി അധികാരത്തിലെത്തിയാല്‍ അദ്ദേഹം ന്യൂനപക്ഷങ്ങളെ ആക്രമിക്കും. അതില്‍ സംശയമില്ല. – ചന്ദ്രബാബു നായിഡു പറഞ്ഞു.
മോദിയുടെ പരിപാടി സംപ്രേഷണം ചെയ്തു; ദൂരദര്‍ശനോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി
ഇവിടെ കൂടിച്ചേര്‍ന്നിട്ടുള്ള ന്യൂനപക്ഷത്തോട് എനിക്ക് ഒരു കാര്യമാണ് പറയാനുള്ളത്. നിങ്ങള്‍ മോദിക്ക് വോട്ട് ചെയ്യുകയാണെങ്കില്‍ നിരവധി പ്രശ്‌നങ്ങള്‍ നിങ്ങളെ തേടി വരും. മുത്തലാഖ് ബില്‍ പാസ്സാക്കിയത് മോദിയാണ്. നിങ്ങളെ ജയിലിലടക്കാവുന്ന നിയമമാണ് ഇത്. അല്ലേ? – ചന്ദ്രബാബു നായിഡു ചോദിച്ചു.
എപ്രില്‍ 1 ന് തെലങ്കാനയില്‍ നടന്ന തെരഞ്ഞെടുപ്പു റാലിയില്‍ ചന്ദ്രബാബു നായിഡുവിനെ യൂടേണ്‍ ബാബു എന്നായിരുന്നു മോദി അഭിസംബോധന ചെയ്തത്. ജനങ്ങളുടെ വിവരങ്ങള്‍ ടി.ഡി.പി ചോര്‍ത്തിയെടുത്തെന്നും മോദി ആരോപിച്ചിരുന്നു.
സേവാ മിത്ര ആപ്പ് ഉപയോഗിച്ച് ജനങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തുകയാണെന്നും സൈബര്‍ കുറ്റകൃത്യത്തിന്റെ പരിധിയില്‍ വരാവുന്ന കുറ്റമാണ് ഇതെന്നും മോദി പറഞ്ഞിരുന്നു. ടി.ഡി.പി സര്‍ക്കാരിന്റെ പ്രതിച്ഛായ നഷ്ടമായെന്നും മോദി ആരോപിച്ചിരുന്നു.
പറഞ്ഞ കാര്യങ്ങള്‍ മാറ്റിപ്പറയുകയും വാഗ്ദാനങ്ങള്‍ പാലിക്കാതെയുമിരിക്കുന്ന ചന്ദ്രബാബു നായിഡു ബാഹുബലി സിനിമയിലെ ബല്ലാല ദേവനെപ്പോലയാണെന്നായിരുന്നു മോദിയുടെ പരിഹാസം. ഇതിനെതിരെയാണ് ചന്ദ്രബാബു നായിഡു രംഗത്തെത്തിയത്.