ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റിനെ വരവേല്‍ക്കാനായിരുന്നു തിടുക്കം; മോദി കൊറോണ സൂപ്പര്‍ സ്‌പ്രെഡറെന്ന് ഐ.എം.എ വൈസ് പ്രസിഡന്റ്
ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകാന്‍ കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് ഐ.എം.എ ദേശീയ വൈസ് പ്രസിഡന്റ് ഡോ. നവജ്യോത് ദാഹിയ. മോദിയെ കൊറോണ വൈറസ് സൂപ്പര്‍ സ്‌പ്രെഡര്‍ എന്ന് വിളിച്ചായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
കൊവിഡ് രണ്ടാം തരംഗം രൂക്ഷമായപ്പോഴും കുംഭമേള നടത്താനും തെരഞ്ഞെടുപ്പ് റാലികള്‍ സംഘടിപ്പിക്കാനും മോദി നടത്തിയ ശ്രമങ്ങളാണ് സ്ഥിതി വഷളാക്കിയതെന്ന് നവജ്യോത് പറഞ്ഞു.
‘കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാന്‍ ജനങ്ങളെ ബോധവത്കരിക്കുന്ന സമയത്ത് അവയെല്ലാം കാറ്റില്‍പ്പറത്തി മോദി തെരഞ്ഞെടുപ്പ് റാലികള്‍ നടത്തുകയായിരുന്നു. ഇന്ത്യയില്‍ ആദ്യത്തെ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത സമയത്ത് അമേരിക്കന്‍ പ്രസിഡന്റിനെ വരവേല്‍ക്കാന്‍ വന്‍ സന്നാഹങ്ങളൊരുക്കുകയായിരുന്നു മോദി’, നവജ്യോത് പറഞ്ഞു.
രാജ്യം നേരിടുന്ന ഓക്‌സിജന്‍ ക്ഷാമത്തിലും കൃത്യമായി ഇടപെടല്‍ നടത്താന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും നവജ്യോത് പറഞ്ഞു. ഓക്‌സിജന്‍ പ്ലാന്റുകള്‍ നിര്‍മ്മിക്കാനുള്ള പല പ്രോജക്ടുകളും ഇപ്പോഴും ചുവപ്പുനാടയ്ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 3,23144 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2771 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1,76,36,307 ആയി ഉയര്‍ന്നു. 28,82,204 ആക്ടീവ് കേസുകളാണ് നിലവില്‍ ഉള്ളത്. 1,97,894 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.
രാജ്യത്തെ കൊവിഡ് വ്യാപനം അതി രൂക്ഷമായി തുടരുകയാണ്. ദല്‍ഹി പോലുള്ള സംസ്ഥാനങ്ങളില്‍ ഓക്സിജന്‍ ക്ഷാമം മൂലം രോഗികള്‍ക്ക് കൃത്യമായി ചികിത്സ നല്‍കാന്‍ പറ്റാത്ത അവസ്ഥയാണ്. ഓക്സിജന്‍ കിട്ടാതെ നിരവധിപേരാണ് ദല്‍ഹിയില്‍ മരിച്ചത്. ഹരിയാനയിലും സമാനമായ അവസ്ഥയാണ്.
അതേസമയം, ഭാരത് ബയോടെക്കിനോടും സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനോടും വാക്‌സിന്‍ വില കുറയ്ക്കുന്നതിനുള്ള സാധ്യതകള്‍ കേന്ദ്രസര്‍ക്കാര്‍ ചോദിച്ചിരുന്നു.
കൊവിഡിനുള്ള ഭാരത് ബയോടെക്കിന്റെ വാക്സിനായ കൊവാക്സിന്റെ നിരക്ക് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. സംസ്ഥാനങ്ങള്‍ക്ക് ഒരു ഡോസിന് 600 രൂപയ്ക്കും സ്വകാര്യ ആശുപത്രികള്‍ക്ക് 1200 രൂപയ്ക്കും കൊവാക്സിന്‍ നല്‍കും.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക