| Tuesday, 5th June 2018, 7:40 pm

പ്രധാനമന്ത്രിക്ക് ലഫ്‌നന്റ് ഗവര്‍ണറോടു ദേഷ്യമെന്ന് കേജ്രിവാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യുദല്‍ഹി: ആം ആദ്മി പാര്‍ട്ടി നയിക്കുന്ന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിനു സാധിക്കാത്തതിനാല്‍ പ്രധാനമന്ത്രിക്ക് അദ്ദേഹത്തോട് ദേഷ്യമാണെന്ന് കേജ്രിവാളിന്റെ പരിഹാസം.

മുന്‍ ഗവര്‍ണര്‍ നജീബ് ജംഗിനു സ്ഥാനമൊഴിയേണ്ടി വന്നതിന്റെ കാരണവും ഇതുതന്നെയാണെന്ന് ദല്‍ഹി മുഖ്യമന്ത്രി ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു. “പ്രധാനമന്ത്രി ലഫ്‌നന്റ് ഗവര്‍ണറോട് ദേഷ്യത്തിലാണെന്നാണ് എനിക്കറിയാന്‍ സാധിച്ചത്. ബൈജാല്‍ വേണ്ടത്ര തടസ്സങ്ങള്‍ സൃഷ്ടിക്കുന്നില്ലെന്നാണ് അദ്ദേഹം കരുതുന്നത്. എല്ലാ പ്രതിബന്ധങ്ങളും തരണം ചെയ്ത്, ദല്‍ഹി സര്‍ക്കാര്‍ ജനങ്ങള്‍ക്കായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇതേ കാരണത്താലാണ് ജംഗിനും സ്ഥാനമൊഴിയേണ്ടി വന്നത്.” കേജ്രിവാള്‍ ട്വീറ്റില്‍ പറയുന്നു.

സര്‍ക്കാരുമായി മൂന്നു വര്‍ഷം നീണ്ട അസ്വാരസ്യങ്ങള്‍ക്കും ഏറ്റുമുട്ടലുകള്‍ക്കും ശേഷം 2016 ഡിസംബറില്‍ നജീബ് ജംഗ് അപ്രതീക്ഷിതമായി സ്ഥാനമൊഴിഞ്ഞിരുന്നു. ജംഗുമായുള്ള സര്‍ക്കാരിന്റെ അഭിപ്രായവ്യത്യാസങ്ങള്‍ സുപ്രീം കോടതി വരെയെത്തുകയും, ദല്‍ഹി സംസ്ഥാനമല്ലാത്തതിനാല്‍ ഗവര്‍ണര്‍ക്ക് സര്‍ക്കാര്‌ന്റെമേല്‍ പ്രത്യേകാധികാരങ്ങള്‍ വേണമെന്ന് കേന്ദ്രം വാദിക്കുകയും ചെയ്തിരുന്നു.ബൈജല്‍ പദവിയേറ്റതിനു ശേഷവും, സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ബലപരീക്ഷണം തുടര്‍ന്നുപോരുകയാണ്.

“ആം ആദ്മി പാര്‍ട്ടിയുടെ സര്‍ക്കാര്‍ വിദ്യാഭ്യാസം, ആരോഗ്യം, ജല-വൈദ്യുതി വിതരണം എന്നീ മേഖലകളില്‍ നടത്തുന്ന മുന്നേറ്റങ്ങള്‍ക്കു തടയിടാന്‍ ഗവര്‍ണര്‍ ശ്രമിക്കണമെന്നാണ് പ്രധാനമന്ത്രി ആഗ്രഹിക്കുന്നത്. അതു നടക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. ദൈവവും ജനങ്ങളും ഞങ്ങളോടൊപ്പമുണ്ട്.” കേജ്രിവാള്‍ കുറിച്ചു.

ബി.ജെ.പിക്ക് വോട്ടു ചെയ്താല്‍ അത് നഗരങ്ങളുടെയും റെയില്‍വെ സ്‌റ്റേഷനുകളുടെയും പേരിലാണ് മാറ്റങ്ങള്‍ കൊണ്ടുവരിക. എന്നാല്‍ ആം ആദ്മി പാര്‍ട്ടിക്ക് നല്‍കുന്ന വോട്ടുകള്‍ മാറ്റം കൊണ്ടുവരുന്നത് നമ്മുടെ കുട്ടികളുടെ ഭാവിയിലായിരിക്കുമെന്നും മുഗള്‍ സാരായ് റെയില്‍വേ സ്റ്റേഷന്‍ ദീന്‍ ദയാല്‍ ഉപാധ്യായുടെ സ്മരണാര്‍ത്ഥം പുനര്‍നാമകരണം ചെയ്ത സംഭവമുദ്ധരിച്ച് അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more