കൊച്ചി: വത്തിക്കാനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രാന്‍സിസ് മാര്‍പാപ്പയും തമ്മില്‍ നടന്ന കൂടിക്കാഴ്ച വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മുതലെടുക്കാന്‍ ബി.ജെ.പിയെ അനുവദിക്കരുതെന്നാവശ്യപ്പെട്ട് സീറോ മലബാര്‍ സഭയുടെ എറണാകുളം അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപത്തില്‍ ലേഖനം.
ന്യൂനപക്ഷ ക്രിസ്ത്യന്‍ സമൂഹത്തിന്റെ ജീവനും അവകാശങ്ങളും അന്തസും നിരന്തരം ഭീഷണി നേരിടുന്ന ഘട്ടത്തില്‍ ഈ കൂടിക്കാഴ്ച നിര്‍ണായകമാണെന്നും ലേഖനത്തില്‍ പറയുന്നു.
‘ഹിന്ദുരാഷ്ട്രത്തിലേയ്ക്കുള്ള പാതയില്‍ നിന്ന് ഇന്ത്യയെ അതിന്റെ മതേതര പാതയിലേക്ക് വഴിതിരിച്ചു വിടാന്‍ മാര്‍പാപ്പ-മോദി ചര്‍ച്ചകള്‍ക്ക് കഴിയുമെങ്കില്‍, അതായിരിക്കും വത്തിക്കാന്‍ കൂടിക്കാഴ്ചയുടെ ഏറ്റവും വലിയ ഫലം. അതേസമയം, ഗോവയിലും മണിപ്പൂരിലും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ നേട്ടത്തിനായി മാര്‍പാപ്പ- മോദി കൂടിക്കാഴ്ച്ച മുതലെടുക്കാന്‍ ബി.ജെ.പിയെ സഭാ നേതൃത്വം അനുവദിക്കരുത്,’ ഫാദര്‍ സുരേഷ് മാത്യു പറയുന്നു.
2014-ല്‍ കേന്ദ്രത്തില്‍ ബി.ജെ.പി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ മുതല്‍ മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കണമെന്ന് വിവിധ സഭാ അധികാരികള്‍ മോദി സര്‍ക്കാരിനോട് അഭ്യര്‍ത്ഥന നടത്തിയിരുന്നുവെന്നും എന്നാല്‍ ദുരൂഹമായ ഏതോ കാരണങ്ങളാല്‍, ക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ ഏഴ് വര്‍ഷം വൈകിയെന്നും ലേഖനത്തില്‍ പരാമര്‍ശമുണ്ട്.
ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ ഹിന്ദുത്വ ശക്തികളില്‍നിന്ന് ബഹുമുഖ ആക്രമണങ്ങള്‍ നേരിടുന്ന ഒരു സമയത്ത്, ആ വിഷയം ചര്‍ച്ചയില്‍ ഉന്നയിക്കപ്പെടുമെന്ന് സമുദായം പ്രതീക്ഷിച്ചത് സ്വാഭാവികമാണ്.
ഈ ചെറു സമൂഹം അവരുടെ വീടുകളിലും ആരാധനാലയങ്ങളിലും സ്ഥാപനങ്ങളിലുമെല്ലാം സംഘപരിവാര്‍ ശാഖകളുടെ രോഷത്തിന് ഇരകളായിക്കൊണ്ടിരിക്കുകയാണെന്നും ലേഖനത്തില്‍ പറയുന്നു.
രാജ്യത്ത് കഴിഞ്ഞ കുറച്ച് നാളായി തുടര്‍ച്ചയായി ക്രിസ്ത്യാനികള്‍ ആക്രമിക്കപ്പെടുന്നതിനെക്കുറിച്ചും ലേഖനത്തില്‍ സൂചിപ്പിക്കുന്നുണ്ട്.
‘ചില ഗ്രാമങ്ങളില്‍ പതിറ്റാണ്ടുകള്‍ പഴക്കമുള്ള പള്ളികള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. വര്‍ഗീയവാദികളുടെ ആള്‍ക്കൂട്ടം നിയമം കൈയിലെടുക്കുകയും ക്രിസ്ത്യാനികളെ വലയ്ക്കുകയും ചെയ്യുമ്പോള്‍ നിയമപാലകര്‍ പുലര്‍ത്തുന്ന നിസംഗത അതിലും മോശമാണ്,’ ഫാദര്‍ സുരേഷ് മാത്യു പറയുന്നു.
ക്രിസ്ത്യാനികള്‍ക്കെതിരായ വര്‍ഗീയ അക്രമങ്ങളില്‍ ഇടപെടണമെന്ന് പലയാവര്‍ത്തി വിവിധ സഭകള്‍ പ്രധാനമന്ത്രിയ്ക്ക് കത്തയച്ചിരുന്നെന്നും ലേഖനത്തില്‍ പറയുന്നു
‘ഒരു ദേശീയ ദിനപത്രം (ദ ടെലഗ്രാഫ്) കൂടിക്കാഴ്ചയുടെ വാര്‍ത്ത കൊടുത്തത് ”നിങ്ങള്‍ ഫാ. സ്റ്റാനിനെ കുറിച്ചു ചര്‍ച്ച ചെയ്തുവോ പ്രധാനമന്ത്രി?’ എന്ന അര്‍ത്ഥഗര്‍ഭമായ തലക്കെട്ടിലായിരുന്നുവെന്നത് വെറുതെയല്ല,’ ഫാദര്‍ പറയുന്നു.
ഇന്ത്യയിലെ തകര്‍ന്ന മതസ്വാതന്ത്ര്യത്തില്‍ പാപ്പ-മോദി കൂടിക്കാഴ്ച എത്രത്തോളം സ്വാധീനം ചെലുത്തുമെന്നും ഇതുമായി ബന്ധപ്പെട്ട ഭരണഘടനാപരമായ ഉറപ്പു സംരക്ഷിക്കാന്‍ മോദി ഭരണകൂടം എത്രത്തോളം ശ്രമിക്കുമെന്നതുമാണ് രാഷ്ട്രം ഉറ്റുനോക്കുന്നതെന്നും ലേഖനത്തില്‍ പറയുന്നു.
ന്യൂനപക്ഷ സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം പടര്‍ത്തുന്ന ദക്ഷിണേന്ത്യയിലെ ബി.ജെ.പി അനുകൂല ക്രിസ്ത്യന്‍ നേതാക്കള്‍ക്ക് നേട്ടമുണ്ടാക്കാനും ഇടയാക്കരുത് എന്ന് പറഞ്ഞാണ് ലേഖനം അവസാനിക്കുന്നത്.