| Friday, 2nd December 2016, 3:46 pm

മോദി മണ്ണൊരുക്കുന്നത് റിലയന്‍സിന് വേണ്ടിയോ: നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം കുത്തകകള്‍ക്ക് വേണ്ടിയെന്ന ആരോപണം ശക്തമാകുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജിയോയുടെ പുതിയ പ്രഖ്യാപനങ്ങള്‍ നടത്തവെ, കറന്‍സി രഹിത സമ്പദ് വ്യവസ്ഥയിലേയ്ക്ക് മാറാനുള്ള പ്രധാനമന്ത്രിയുടെ നീക്കത്തെ മുകേഷ് അംബാനി പ്രശംസിച്ചിരുന്നു.


ന്യൂദല്‍ഹി: പ്രധാനമന്ത്രി മോദിയുടെ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനവും റിലയന്‍സ് ജിയോയ്ക്കായുള്ള മുകേഷ് അംബാനിയുടെ പ്രഖ്യാപനവും തമ്മിലുള്ള കേവല സാദൃശ്യത്തിനപ്പുറം പുതിയ പരിഷ്‌കാരം തന്നെ കുത്തകകള്‍ക്ക് വേണ്ടിയാണെന്ന ആരോപണം ഉയരുന്നു.

മുകേഷ് അംബാനിയുടെ പ്രസംഗം തുടങ്ങുന്നത് മൈ ഫെലോ ഇന്ത്യന്‍സ് എന്നും മോദിയുടേത് മേരെ പ്യാരി ദേശ് വാസിയോം എന്നുമാണെന്നുമുള്ള സാദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയ നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തോടെ പിന്നീട് മോദിക്ക് പറയേണ്ടി വന്ന കാഷ്‌ലെസ് എക്കണോമിയും റിലയന്‍സ് ഉള്‍പ്പെടെയുള്ള കുത്തകകള്‍ക്ക് വേണ്ടിയാണെന്നാണ് വ്യക്തമാകുന്നത്.


Dont Miss സഖാക്കളെന്ന ലേബല്‍ വഹിക്കുന്ന ചിലര്‍ ചെയ്ത അനീതിക്ക് മാപ്പ്: ശീതള്‍ ശ്യാമിനോട് ക്ഷമ ചോദിച്ച് എം.ബി രാജേഷ്


മുകേഷ് അംബാനിയും നരേന്ദ്രമോദിയും പറയുന്നത് കാഷ്‌ലെസ് എക്കണോമിയെ കുറിച്ചാണ്. മോദി കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്ത കറന്‍സി രഹിത സമ്പദ് വ്യവസ്ഥയ്ക്ക് അടിത്തറയൊരുക്കുന്നത് തന്നെയായിരുന്നു റിലയന്‍സിന്റെ പുതിയ പ്രഖ്യാപനങ്ങളും. മോദിയെപ്പോലെ ഡിജിറ്റില്‍ എക്‌ണോമിയിലേക്കുള്ള ചുവടുമാറ്റം തന്നെയാണ് അംബാനിയുടെ പ്രസംഗത്തിന്റെയും ചുരുക്കം.

മുകേഷ് അംബാനി പ്രഖ്യാപിച്ച ജിയോ മണി മര്‍ച്ചന്റ് സോല്യൂഷന്‍സ് എന്ന ഇവാലറ്റ് സംവിധാനവും ഇനി പ്രഖ്യാപിക്കാനിരിക്കുന്ന ജിയോ പെയ്‌മെന്റ്‌സ് ബാങ്കും കറന്‍സി രഹിത സമ്പദ് വ്യവസ്ഥയ്ക്കുള്ള തുടക്കം തന്നെയാണ്.

ഇന്ത്യയിലെ സാധാരണക്കാരും പാവപ്പെട്ടവരും ഡിജിറ്റല്‍ ലോകത്തേക്ക് വരണമെന്നായിരുന്നു മോദി കഴിഞ്ഞ ദിവസം നടത്തിയ മന്‍കി ബാത്ത് പ്രസംഗത്തില്‍ പറഞ്ഞത്. ചില്ലറകച്ചവടക്കാരോടും കൂലിത്തൊഴിലാളികളും ഡിജിറ്റല്‍ പേമെന്റ് എങ്ങനെ എന്ന് മനസിലാക്കണമെന്നും സാവധാനം പുതിയ “ലെസ് ക്യാഷ്” സമൂഹം നിലവില്‍ വരുമെന്നും പിന്നീട് കറന്‍സിരഹിത സമൂഹവും വരുമെന്നുമായിരുന്നു മോദിയുടെ വാക്കുകള്‍. ഈ വാക്കുകളെ ചുവടുപിടിച്ചാണ് റിലയന്‍സിനായി മുകേഷ് അംബാനി പുതിയ പ്രഖ്യാപനങ്ങള്‍ നടത്തിയത്.

അംബാനി നടത്തിയ പ്രസംഗത്തില്‍ റസ്‌റ്റോറന്റുകള്‍, ചെറിയ കടകള്‍, റയില്‍വേ ടിക്കറ്റ് കൗണ്ടറുകള്‍, ബസുകള്‍ തുടങ്ങി പൊതുജനങ്ങള്‍ വലിയ തോതില്‍ പണമിടപാട് നടത്തുന്ന ഇടങ്ങളിലെല്ലാം കറന്‍സി രഹിത ഇടപാടകള്‍ സാധ്യമാക്കുന്നതാണ് ജിയോ മണി മര്‍ച്ചന്റ് സോല്യൂഷന്‍സ് എന്ന പുതിയ സംവിധാനമെന്നായിരുന്നു പ്രഖ്യാപനം.


ജിയോയുടെ പുതിയ പ്രഖ്യാപനങ്ങള്‍ നടത്തവെ, കറന്‍സി രഹിത സമ്പദ് വ്യവസ്ഥയിലേയ്ക്ക് മാറാനുള്ള പ്രധാനമന്ത്രിയുടെ നീക്കത്തെ മുകേഷ് അംബാനി പ്രശംസിച്ചിരുന്നു. കറന്‍സി നിരോധനം, ഡിജിറ്റല്‍ ഇടപാടുകള്‍ വ്യാപകമാക്കുമെന്നും സമ്പദ് വ്യവസ്ഥയില്‍ വലിയ കുതിപ്പുണ്ടാക്കുമെന്നും മുകേഷ് അംബാനി തന്റെ പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

പ്രധാനമന്ത്രി നോട്ട് നിരോധനം പ്രഖ്യാപിച്ച് രണ്ട് ദിവസത്തിനു ശേഷമാണ് റിലയന്‍സിന്റെ സ്ഥാപനങ്ങളായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചേര്‍ന്ന് ജിയോ പെയ്‌മെന്റ്‌സ് ബാങ്ക് ലിമിറ്റഡ് എന്ന ഒരു പുതിയ സംരംഭം തുടങ്ങിയത്.

റിലയന്‍സ് ജിയോയുടെ ഡിജിറ്റല്‍ പണമിടപാടിനുള്ള പുതിയ സംവിധാനമായ ജിയോ മണി മര്‍ച്ചന്റ് സോല്യൂഷന്‍സ് പ്രഖ്യാപിച്ചുകൊണ്ട്     മുകേഷ് അംബാനി പറഞ്ഞത് ഡിജിറ്റല്‍ ഇടപാടുകള്‍ രാജ്യത്തെ സമ്പദ് വ്യവസ്ഥയെ കുതിപ്പിലേയ്ക്ക് നയിക്കുമെന്നായിരുന്നു.

കറന്‍സി രഹിത സാമ്പത്തിക ഇടപാടുകളിലൂടെ രാജ്യമെമ്പാടും ഒരു ഡിജിറ്റല്‍ ഇക്കോ സിസ്റ്റം നിലവില്‍വരുമെന്നും ചെറുകിട വ്യാപാര രംഗത്ത് വലിയ കുതിപ്പുണ്ടാകുമെന്നുമെന്നും തന്നെയായിരുന്നു അംബാനിയുടെ വാക്കുകള്‍.

നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തെ തുടര്‍ന്നുണ്ടായ പ്രയാസങ്ങളെ മൊബൈല്‍ ബാങ്കിങ്ങിലൂടെ മറികടക്കണമെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ച് ആഹ്വാനം ചെയ്യുമ്പോള്‍ അതേ ആഹ്വാനം തന്നെയാണ് ജിയോ പ്ലാന്‍ പ്രഖ്യാപനങ്ങളിലൂടെ അംബാനിയും നടത്തുന്നത്.

അഴിമതിയെയും കള്ളപ്പണത്തെയും നേരിടാനായി എല്ലാവരും അവരുടെ മൊബൈല്‍ ഫോണിനെ “ബാങ്ക് ബ്രാഞ്ചാ”യി മാറ്റണമെന്ന് മോദി ആവശ്യപ്പെടുന്നത് മുകേഷ് അംബാനിയെപ്പോലുള്ള കുത്തകകളെ സഹായിക്കാനാണ് എന്ന ആക്ഷേപങ്ങള്‍ക്ക് ബലമേകുന്നത് തന്നെയാണ് ഇരുവരുടേയും പ്രഖ്യാപനങ്ങളും.

We use cookies to give you the best possible experience. Learn more