ഏറെ വൈകാരികമായ പ്രസംഗം ആയിരുന്നു ഇന്ന് പ്രധാനമന്ത്രിയുടേത്. കാശ്മീരില്‍ ഭീകരാക്രമണം നടന്നപ്പോള്‍ അവിടെ കുടുങ്ങിപ്പോയ ഗുജറാത്തികളെ തിരികെയെത്തിക്കുവാന്‍ ഗുലാം നബി ആസാദും, പ്രണബ് മുഖര്‍ജിയും നടത്തിയ ശ്രമങ്ങള്‍ അദ്ദേഹം ഓര്‍മിച്ചതു ഹൃദയസ്പര്‍ശിയായിരുന്നു…
ഞാനപ്പോള്‍ വെറുതെ ആ രാത്രി ഓര്‍ത്തുപോയി. ഒരിക്കല്‍ ഇതേ പാര്‍ലമെന്റിലെ അംഗമായിരുന്ന എന്ന മുതിര്‍ന്ന കോണ്ഗ്രസുകാരന്‍, ഇഹ്‌സാന്‍ ജാഫ്രി 2002ലെ ആ ശപിക്കപ്പെട്ട രാത്രിയില്‍ തനിക്ക് ചുറ്റും കൂടിയ ഗുല്‍ബര്‍ഗ സൊസൈറ്റിയിലെ പേടിച്ചരണ്ട സാധു മനുഷ്യരെ രക്ഷിക്കാന്‍ മോദിയും അദ്വാനിയും അടക്കം എത്രപേരെ വിളിച്ചു!
ദല്‍ഹിയിലേക്കും, ഗാന്ധി നഗറിലേക്കും മാറി മാറി..അദ്ദേഹവും ചുറ്റും കൂടിയ മനുഷ്യരും ഗുജറാത്തികള്‍ തന്നെ ആയിരുന്നില്ലേ? അന്ന് ‘അധികാരം’ നൈതികമായി, അതിലേറെ വെറും മനുഷ്യസ്‌നേഹത്തിന്റെ അടയാളമായി എങ്കിലും ഉപയോഗിച്ചിരുന്നുവെങ്കില്‍, ഇപ്പോള്‍ ഇന്ന് ആ സഭയില്‍ ഒരു പക്ഷെ ഇഹ്‌സാന്‍ ജാഫ്രിയും ഉണ്ടാകുമായിരുന്നു കൈയ്യടിക്കാന്‍.