ന്യൂദൽഹി: നീറ്റ്-പിജി 2024 പരീക്ഷ മാറ്റി വെച്ചതിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ചോദ്യ പേപ്പർ റാക്കറ്റിനും മാഫിയക്കും മുന്നിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി നിസ്സഹായനാണെന്നും രാഹുൽ മോദിയെ പരിഹസിച്ചു. വിദ്യാർത്ഥികളുടെ ഭാവിക്ക് ഏറ്റവും വലിയ ഭീഷണി ബി.ജെ.പി സർക്കാരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മത്സര പരീക്ഷകളിലെ ക്രമക്കേടുകളെ ചൊല്ലിയുള്ള വിവാദത്തെ തുടർന്നാണ് മുൻകരുതൽ നടപടിയായി ഇന്ന് നടത്താനിരുന്ന നീറ്റ്-പിജി പരീക്ഷ മാറ്റിവെച്ചത്. പുതിയ തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ ആരോഗ്യ മന്ത്രാലയം അറിയിക്കുകയായിരുന്നു. ബിരുദ മെഡിക്കൽ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് നിർണായകമായ നീറ്റ്-യുജി പരീക്ഷകളിൽ പേപ്പർ ചോർന്നെന്ന ആരോപണത്തെ തുടർന്നാണ് പെട്ടെന്നുള്ള തീരുമാനം.
എന്നാൽ മോദിയുടെ കഴിവുകേടുകൊണ്ടാണ് ഇത്തരം നടപടികൾ സ്വീകരിക്കേണ്ടി വന്നതെന്നും, വിദ്യാഭ്യാസം ചില മാഫിയകളുടെ കയ്യിലാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
‘ഇപ്പോൾ നീറ്റ് പിജിയും മാറ്റി വെച്ചു. നരേന്ദ്ര മോദിയുടെ ഭരണത്തിൻ കീഴിലുള്ള വിദ്യാഭ്യാസ സമ്പ്രദായം തകർന്നതിൻ്റെ മറ്റൊരു ദൗർഭാഗ്യകരമായ ഉദാഹരണമാണിത്,’ രാഹുൽ ഗാന്ധി എക്‌സിൽ പറഞ്ഞു.
‘ഓരോ തവണയും നിശബ്ദനായി കാഴ്ചകൾ കണ്ടിരുന്ന മോദി, പേപ്പർ ചോർച്ച റാക്കറ്റിനും വിദ്യാഭ്യാസ മാഫിയയ്ക്കും മുന്നിൽ പൂർണമായും നിസ്സഹായനാണ്. നരേന്ദ്ര മോദിയുടെ കഴിവുകെട്ട സർക്കാരാണ് വിദ്യാർത്ഥികളുടെ ഭാവിക്ക് ഏറ്റവും വലിയ ഭീഷണി. അതിൽ നിന്നും നമ്മൾ നമ്മുടെ വിദ്യാർത്ഥികളെ രക്ഷിക്കേണ്ടതുണ്ട്,’ അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ചില പരീക്ഷകളുടെ ക്രമക്കേടുകൾ കണക്കിലെടുത്ത് ദേശീയ പരീക്ഷ ബോർഡ് നടത്തുന്ന നീറ്റ്-പിജി പ്രവേശന പരീക്ഷയെ കുറിച്ചുള്ള സമഗ്രമായ വിലയിരുത്തൽ നടത്താൻ തീരുമാനിച്ചിരിക്കുകയാണെന്ന് വിദ്യാഭ്യാസ ആരോഗ്യ മന്ത്രാലയം പറഞ്ഞു. പരീക്ഷാ നടപടിക്രമങ്ങളിൽ പരിഷ്ക്കാരങ്ങൾ നിർദേശിക്കാൻ കേന്ദ്രം ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.