| Wednesday, 18th September 2019, 8:41 pm

ഇന്ത്യ: രാജാവിന്റെ ജന്മദിനാഘോഷങ്ങള്‍ക്കായി വെള്ളത്തില്‍ മുങ്ങേണ്ടി വരുന്ന പ്രജകളുടെ രാജ്യം

ഷഫീഖ് താമരശ്ശേരി

പതിവുപോലെ ഇത്തവണയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷം സംഭവബഹുലമായ ചടങ്ങുകളോടുകൂടി, ഗുജറാത്തിലെ കെവഡിയയില്‍ വെച്ച് നടന്നു. സാധാരണ ഭരണകര്‍ത്താക്കളുടെ ജന്മദിനാഘോഷങ്ങള്‍ ഔദ്യോഗികമായി സംഘടിപ്പിക്കുന്ന രീതി അപൂര്‍വമാണ്. എന്നാല്‍ രാജവാഴ്ചാ കാലത്തെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍, നരേന്ദ്രമോദിയുടെ ജന്മദിനം തുടര്‍ച്ചയായി പൊതുഖജനാവില്‍ നിന്നും കോടികള്‍ ചെലവഴിച്ചുകൊണ്ട് രാജ്യത്ത് ആഘോഷിക്കപ്പെടുകയാണ്.

ഭരണാധികാരിയുടെ പിറന്നാളാഘോഷങ്ങളുടെ ആലങ്കാരികതകള്‍ക്ക് വേണ്ടി, വെള്ളത്തിനടിയിലാകുന്നത് ആയിരക്കണക്കിന് ഗ്രാമീണ ജനതയുടെ ജീവിതമാണ്. ഭരണകൂടങ്ങളുടെ തുടര്‍ച്ചയായ വഞ്ചനകള്‍ക്കിരയായി, മുന്നോട്ടുള്ള ജീവിതത്തില്‍ ശൂന്യത മാത്രം ബാക്കിയായ, കര്‍ഷകരും ദളിതരും ആദിവാസികളുമായ ഗ്രാമീണജനതയുടെ വിലാപങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും മീതെ അധികാര ധാര്‍ഷ്ട്യത്തിന്റെ പരവതാനി വിരിച്ചുകൊണ്ട് രാജ്യവും പ്രധാനമന്ത്രിയും മുന്നോട്ടുനീങ്ങുകയുമാണ്.

നരേന്ദ്രമോദിയുടെ 69-ാം ജന്മദിനാഘോഷം

രാജ്യത്തെ സവിശേഷമായ ഒരു ഭൂപ്രദേശത്ത് ജീവിക്കുന്ന ഗ്രാമീണ ജനത ചരിത്രപരമായി അനുഭവിക്കുന്ന അനീതികളെ പുകമറകള്‍ക്കുള്ളിലാക്കി, അവരെ വീണ്ടും വീണ്ടും ദുരിതങ്ങളുടെ ആഴത്തിലേക്ക് വലിച്ചെറിഞ്ഞുകൊണ്ട് കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി ഒരേ സ്ഥലത്ത് നടന്ന മൂന്ന് ജന്മദിനാഘോഷങ്ങളെക്കുറിച്ചാണ് ഇവിടെ പറയാന്‍ പോകുന്നത്.

മൂന്ന് വര്‍ഷം മുമ്പ് 2017 സെപ്തംബര്‍ 17ന് നരേന്ദ്രമോദിയുടെ അറുപത്തിയേഴാം ജന്മദിനം ആഘോഷിക്കപ്പെട്ടത് സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്റെ ഉദ്ഘാടനത്തോടുകൂടിയായിരുന്നു. ദീര്‍ഘകാലത്തെ ആസൂത്രണ പദ്ധതികളാണ് അതിന് പിന്നിലുണ്ടായിരുന്നത്. വരാന്‍ പോകുന്ന ഗുജറാത്ത് അസംബ്ളി തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അന്ന് സംഘപരിവാര്‍ നടത്തിയ നീക്കങ്ങളുടെ ഭാഗമായി പ്രധാനമന്ത്രിയുടെ ജന്മദിനം ”നര്‍മ്മദ മഹോത്സവം’ എന്ന പേരില്‍ ദിവസങ്ങളോളം നീണ്ടുനിന്ന ആഘോഷപരമ്പരകളായി സംഘടിപ്പിക്കപ്പെടുകയായിരുന്നു.

സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്റെ ഉദ്ഘാടനം

നരേന്ദ്രമോദിയുടെ മാതൃസംസ്ഥാനമായ ഗുജറാത്തിന്റെ എക്കാലത്തെയും സ്വപ്ന പദ്ധതിയായ സര്‍ദാര്‍ സരോവര്‍ അണക്കെട്ട് വലിപ്പത്തില്‍ രാജ്യത്തെ ഒന്നാമത്തതെന്നും ലോകത്തില്‍ രണ്ടാമത്തതെന്നുമുള്ള വിശേഷണങ്ങളോടുകൂടി അന്നേ ദിവസം രാജ്യത്തിന് സമര്‍പ്പിക്കപ്പെട്ടു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഗുജറാത്തിലെ നര്‍മ്മദ ജില്ലയിലെ കെവഡിയ കോളനിയില്‍ വെച്ച് നടന്ന വിപുലമായ ചടങ്ങില്‍ നൂറുകണക്കിന് വിശിഷ്ടാതിഥികളാണ് അന്ന് പങ്കെടുത്തത്. ”ഗുജറാത്തിന്റെ ജീവരേഖയായ സര്‍ദാര്‍ സരോവര്‍ പദ്ധതി ഞാനിതാ പൂര്‍ത്തിയാക്കിയിരിക്കുന്നു. മറ്റൊരു ഹരിതവിപ്ലവത്തിനാണ് ഇനി ഗുജറാത്ത് സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ഇത്രയേറെ ആക്രമണങ്ങള്‍ നേരിട്ട വേറൊരു വികസനപദ്ധതിയുണ്ടാവില്ല. രാജ്യതാത്പര്യത്തിന് വിരുദ്ധമായി നില്‍ക്കുന്ന ദുഷ്ട ശക്തികളുടെ നിരന്തരമായ ഗൂഢ നീക്കങ്ങള്‍ പദ്ധതിയെ തടയാന്‍ ശ്രമിച്ചുവെങ്കിലും ഒടുക്കം നാം വിജയം കണ്ടെത്തി” ഇങ്ങനെ പോകുന്നതായിരുന്നു നരേന്ദ്രമോദിയുടെ ജന്മദിന പ്രസംഗം.

സര്‍ദാര്‍ സരോവര്‍ അണക്കെട്ട്‌ (ഫോട്ടോ- ഷഫീഖ് താമരശ്ശേരി)

ഒരു വര്‍ഷത്തിന് ശേഷം 2018 ഒക്ടോബര്‍ 31 ന് രാജ്യം മറ്റൊരു പിറന്നാളാഘോഷത്തിന് സാക്ഷ്യം വഹിച്ചു. സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ 143ാം ജന്മദിനമായിരുന്നു അത്. ലോകത്തിലെ തന്നെ ഏറ്റവും വലുതെന്ന് വിശേഷിപ്പിക്കപ്പെട്ട, 3000 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മിച്ച ‘ഐക്യത്തിന്റെ പ്രതിമ'(സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ഏകതാ പ്രതിമ) അന്ന് രാജ്യത്തിന് സമര്‍പ്പിക്കപ്പെട്ടു.

”…’ഏക ഭാരത്, ശ്രേഷ്ഠ് ഭാരത്” എന്നതിന്റെ അടയാളമാണ് ഏകതാ പ്രതിമ. ഇതിന്റെ ഉയരം രാജ്യത്തിന്റെ ശോഭനമായ ഭാവിയെക്കുറിച്ച് യുവതലമുറയ്ക്കുള്ള ഓര്‍മ്മപ്പെടുത്തലാണ്. ഒറ്റക്കെട്ടായ രാജ്യത്തിന്റെ പ്രതിഫലനമാണ് തലയുയര്‍ത്തി നില്‍ക്കുന്നത്….” ഇങ്ങനെ പോകുന്നതായിരുന്നു അന്ന് പ്രധാനമന്ത്രി നടത്തിയ പ്രസംഗം.

സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ഏകതാ പ്രതിമ

വീണ്ടും ഒരു വര്‍ഷത്തിനിപ്പുറം ഇക്കഴിഞ്ഞ സെപ്തംബര്‍ 17ന് മുന്‍പത്തേത് പോലെ നരേന്ദ്രമോദിയുടെ ജന്മദിനാഘോഷം വലിയ രീതിയില്‍ തന്നെ സംഘടിപ്പിക്കപ്പെട്ടു. സര്‍ദാര്‍ സരോവര്‍ അണക്കെട്ടിലെ ജലനിരപ്പ് അതിന്റെ പരമാവധി വാഹകശേഷിയായ 139.68 മീറ്ററിലേക്ക് ഉയര്‍ത്തിയതിന്റെ ഭാഗമായി ‘നമാമി നര്‍മദ ഫെസ്റ്റിവല്‍’ എന്ന പേരിലായിരുന്നു ഇത്തവണത്തെ ജന്മദിനാഘോഷം.

തുടര്‍ച്ചയായ ഈ മൂന്ന് വര്‍ഷങ്ങളിലും, കേന്ദ്ര സര്‍ക്കാറും ഗുജറാത്ത് സര്‍ക്കാറും ബി.ജെ.പിയും ചേര്‍ന്നൊഴുക്കിയ കോടികളുടെ വര്‍ണ്ണപ്പകിട്ടില്‍ ഗുജറാത്തിലെ കെവഡിയയും സാധുബേട്ട് കുന്നുമെല്ലാം ആഘോഷങ്ങളില്‍ ആടിത്തിമര്‍ത്തപ്പോള്‍ തൊട്ടപ്പുറത്ത് മദ്ധ്യപ്രദേശിലെയും മഹാരാഷ്ട്രയിലെയും നിമാഡ് പ്രദേശങ്ങളിലും ഗുജറാത്തിലെ തന്നെ നവ്ഗാം, ലിംദി, വഗാരിയ, കോദി, ഗോറ തുടങ്ങിയ ഗ്രാമങ്ങളിലും ലക്ഷക്കണക്കിന് മനുഷ്യര്‍ അവരുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിനായി പരക്കം പായുകയായിരുന്നു.

ആഘോഷങ്ങള്‍ക്കായി ബലിയാടായ ജനത

2017 സെപ്തംബറില്‍ നടന്ന നര്‍മദ മഹോത്സവം മുന്നില്‍ കണ്ട് അത്തവണ ജൂണ്‍ 17 മുതല്‍ തന്നെ സര്‍ദാര്‍ സരോവറിലെ ചെറുഗേറ്റുകളെല്ലാം അടച്ച് റിസര്‍വോയറിലെ ജലനിരപ്പുയര്‍ത്തിയിരുന്നു. പിറന്നാളാഘോഷത്തിന്റെ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഡാമിന്റെ പ്രധാന ഗേറ്റുകളുമടച്ചു. ഇതെത്തുടര്‍ന്ന് സെപ്തംബര്‍ 14 ന് വൈകുന്നേരത്തോടുകൂടി റിസര്‍വോയറിലെ ജലനിരപ്പ് അപ്രതീക്ഷിതമായി ഉയര്‍ന്നുവന്നു.

മദ്ധ്യപ്രദേശിലെ ചിക്കല്‍ദ എന്ന ഗ്രാമത്തിലെ വീടുകള്‍ വെള്ളത്തിലായി. അവര്‍ പ്രക്ഷോഭവുമായി രംഗത്ത് വന്നു. സെപ്തംബര്‍ 15 ന് രാവിലെ ശക്തമായ മഴകൂടി പെയ്തതോടെ പ്രദേശത്താകമാനം വെള്ളമിരച്ചുകയറി. രാജ്ഘട്ട്, നിസര്‍പൂര്‍ തുടങ്ങി വിവിധ ഗ്രാമങ്ങളിലേക്ക് വെള്ളം കയറിവന്നു. മഴയെ അവഗണിച്ചുകൊണ്ട് ജനങ്ങള്‍ ഒത്തുകൂടി. മദ്ധ്യപ്രദേശ്, മഹരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലെ നദീതീര ഗ്രാമങ്ങളിലായി പലയിടത്തും പ്രതിഷേധങ്ങള്‍ നടന്നു.

ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് ആദിവാസി സ്ത്രീകള്‍ നടത്തിയ പ്രക്ഷോഭം (കടപ്പാട്- ദ വയര്‍)

ഗുജറാത്തിലെ കച്ച് ജില്ലയിലെ ”അന്‍ജാര്‍” പട്ടണത്തില്‍ നടന്ന പ്രതിഷേധ സമ്മേളനത്തില്‍ ബി.ജെ.പി അനുയായികള്‍ പോലും കൂട്ടമായി പങ്കെടുത്തു. പെരുമഴയത്ത് നടന്ന പ്രകടനത്തില്‍ ആയിരങ്ങള്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി. നിസര്‍പൂരിലും, ചിക്കല്‍ദയിലും ചോട്ടാ ബര്‍ദയിലുമെല്ലാം വേറെയും സമരങ്ങള്‍ നടന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

”മുങ്ങിപ്പോകല്‍ ഭീഷണി നേരിടുന്ന മുഴുവന്‍ കുടുംബങ്ങളെയും ഇതിനകം പുനരധിവസിപ്പിച്ചുകഴിഞ്ഞു” എന്ന സര്‍ക്കാറിന്റെ അവകാശ വാദത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട് ചോട്ടാ ബര്‍ദയിലെ ജനങ്ങള്‍ തങ്ങളുടെ ഗ്രാമ കവാടത്തില്‍ വലിയൊരു ബാനര്‍ തൂക്കി. ”യഹാം സിര്‍ഫ് ഭൂത്-പ്രേത് രഹ്തേ ഹേ (ഇവിടെ കേവലം ഭൂതങ്ങളും പ്രേതങ്ങളും മാത്രമാണ് വസിക്കുന്നത്) എന്നായിരുന്നു അതിലെഴുതിയിരുന്നത്.

പക്ഷേ ഇതൊന്നും നമ്മുടെ മാധ്യമങ്ങള്‍ കണ്ടില്ല. മൂന്ന് സംസ്ഥാനങ്ങളിലായി വിവിധയിടങ്ങളില്‍ നടന്ന നിരവധി പ്രതിഷേധങ്ങളില്‍ ഒന്ന് പോലും ഒരു മുഖ്യധാരാ മാധ്യമവും അന്ന് റിപ്പോര്‍ട്ട് ചെയ്തില്ല. അവരാകട്ടെ കെവഡിയയില്‍ പ്രധാനമന്ത്രിക്ക് പരവതാനി വിരിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യുന്ന തിരക്കിലുമായിരുന്നു.

മധ്യപ്രദേശിലെ നിസര്‍പൂരില്‍ കുടിയൊഴിപ്പിക്കലിനെതിരെ ഗ്രാമവാസികള്‍ നടത്തിയ പ്രതിഷേധം (ഫോട്ടോ- ഷഫീഖ് താമരശ്ശേരി)

സമാനമായ സംഭവങ്ങളായിരുന്നു 2018 ഒക്ടോബറിലെ, പട്ടേല്‍ പ്രതിമയുടെ ഉദ്ഘാടനഘട്ടത്തിലും അരങ്ങേറിയത്. ചടങ്ങിനെത്തിയ അതിഥികളെ സന്തോഷിപ്പിക്കുന്നതിനായി സര്‍ദാര്‍ സരോവര്‍ അണക്കെട്ട് മുന്നറിയിപ്പുകളില്ലാതെ തുറന്നുവിട്ടതിനെ തുടര്‍ന്ന് നിരവധി ഗ്രാമങ്ങളിലെ കൃഷി വെള്ളത്തിനടിയിലായി. വിളവെടുപ്പിന് പാകമായ കൃഷിയാണ് നശിപ്പിക്കപ്പെട്ടത്. പ്രതിമയുടെ നിര്‍മാണത്തിനായി കുടിയൊഴിപ്പിക്കപ്പെടുകയും പുനരധിവാസ വാദ്ഗാനങ്ങളാല്‍ വഞ്ചിക്കപ്പെടുകയും ചെയ്ത ആദിവാസികളും കൃഷി നഷ്ടപ്പെട്ട കര്‍ഷകരും ചേര്‍ന്ന് പ്രതിമയുടെ അനാവരണ ദിവസം ഗുജറാത്തിലെ വിവിധയിടങ്ങളില്‍ ബന്ദ് ആചരിക്കുകയുണ്ടായി.

പട്ടേല്‍ പ്രതിമയുടെ ഉദ്ഘാടനദിവസം ആദിവാസികള്‍ കെവഡിയയില്‍ നടത്തിയ പ്രതിഷേധം

നര്‍മദ താഴ്‌വരയില്‍ അന്ന് 75000 ത്തോളം ആദിവാസികള്‍ നിരാഹാര സമരം നടത്തിയെന്നാണ് ‘ദി വയര്‍’ റിപ്പോര്‍ട്ട് ചെയ്തത്. മോദിയുടെ ചിത്രമുള്ള പോസ്റ്ററുകള്‍ പലയിടത്തും നാട്ടുകാര്‍ കീറിക്കളഞ്ഞു. ഗ്രാമങ്ങളില്‍ വന്‍ തോതില്‍ പൊലീസിനെ വിനിയോഗിച്ചാണ് ഉദ്ഘാടനപരിപാടിയിലെ പ്രതിഷേധങ്ങള്‍ ഒഴിവാക്കിയത്. പൊലീസിന്റെ പ്രതിരോധവലയത്തെ മറികടന്ന് പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ച സ്ഥലങ്ങളിലെല്ലാം ആദിവാസികള്‍ക്കെതിരെ ലാത്തിച്ചാര്‍ജ് നടക്കുകയും നൂറുകണക്കിന് ഗ്രാമീണരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. മോചിതരായ ശേഷം തിരിച്ചുവന്ന ഗ്രാമവാസികളില്‍ പലരും കണ്ടത് പൊലീസുകാരാല്‍ തകര്‍ക്കപ്പെട്ട അവരുടെ വീടുകളാണ്.

2019 സെപ്തംബര്‍ 17 ന് നടന്ന, നരേന്ദ്രമോദിയുടെ ഈ വര്‍ഷത്തെ പിറന്നാളോഘോഷത്തിന് വേണ്ടി സര്‍ദാര്‍ സരോവറിലെ ജലനിരപ്പ് അതിന്റെ പരമാവധിയിലേക്ക് ഉയര്‍ത്തിയതിനാല്‍ മധ്യപ്രദേശിലെ നിരവധി ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായിരിക്കുകയാണെന്നും ഇത് പ്രദേശത്തെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് പോലും തടസ്സമായിരിക്കുകയാണെന്നും ആരോപിച്ചുകൊണ്ട് മധ്യപ്രദേശിലെ ആഭ്യന്തരവകുപ്പ് മന്ത്രി ‘ബല ബച്ഛന്‍’ രംഗത്ത് വരികയുണ്ടായി.

ഇതിന്റെ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് തന്നെ, മധ്യപ്രദേശിലെ ഗ്രാമങ്ങള്‍ മുങ്ങിത്തുടങ്ങിയതിനാല്‍ പൂര്‍ണമായ പുനരധിവാസം സാധ്യമാക്കിയതിന് ശേഷം മാത്രമേ അണക്കെട്ടിലെ ജലനിരപ്പുയര്‍ത്താവൂ എന്നും അല്ലാത്ത പക്ഷം ഷട്ടറുകള്‍ തുറന്നവിട്ട് മുങ്ങിക്കൊണ്ടിരിക്കുന്ന ഗ്രാമങ്ങളെ രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് നര്‍മദാ ബച്ചാവോ ആന്ദോളന്‍ പ്രക്ഷോഭങ്ങള്‍ നട്ടത്തുകയും മേധ പട്കര്‍ ഒമ്പത് ദിവസത്തോളം നിരാഹാരമിരിക്കുകയും ചെയ്തിരുന്നു.

മേധാ പട്കര്‍ നിരാഹാരസമരത്തില്‍

ഗ്രാമങ്ങളിലേക്ക് അപ്രതീക്ഷിതമായി വെള്ളം ഇരച്ചുകയറിയതോടുകൂടി നിരവധി സ്ഥലങ്ങളില്‍ ആരംഭിച്ച സംഘര്‍ഷ സാഹചര്യങ്ങള്‍ ഇപ്പോഴും തുടരുകയുമാണ്. ഇതിനിടയില്‍ മധ്യപ്രദേശിലെ ഖപര്‍ ഖേദര്‍ ഗ്രാമത്തിലെ ഒരു തയ്യല്‍ക്കാരന്‍ തന്റെ വീടും സ്ഥലവും വെള്ളത്തിനടിയിലായതിനാല്‍ പാലത്തിന് മുകളില്‍ കയറി നര്‍മദയിലേക്ക് ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുകയുണ്ടായി. സര്‍ക്കാര്‍ തയ്യാറാക്കിയ ‘പദ്ധതി ബാധിതരുടെ ലിസ്റ്റില്‍’ ഉള്‍പ്പെടുത്താതിരിക്കുകയും എന്നാല്‍ അണക്കെട്ടിലെ വെള്ളമുയര്‍ന്നതോടുകൂടി വെള്ളത്തിനടിയിലാകുകയും ചെയ്തത് ഏതാണ്ട് 32000 കുടുംബങ്ങളാണ് എന്നാണ് നര്‍മദ ബച്ചാവോ ആന്ദോളന്‍ അവരുടെ സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നത്.

കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്ന മധ്യപ്രദേശിലെ ചിക്കല്‍ദാ ഗ്രാമത്തിലെ ഒരു കുടുംബം (ഫോട്ടോ- ഷഫീഖ് താമരശ്ശേരി)

2017 ല്‍ അണക്കെട്ട് ഉദ്ഘാടനം നടക്കുന്നതിന് മുമ്പ് തന്നെ പദ്ധതിബാധിത കുടുംബങ്ങളെയെല്ലാം പൂര്‍ണമായും പുനരധിവസിപ്പിച്ച് കഴിഞ്ഞു എന്നാണ് മധ്യപ്രദേശിലെയും ഗുജറത്തിലെയും അന്നത്തെ ബി.ജെ.പി സര്‍ക്കാറുകള്‍ ‘നര്‍മദ പുനരധിവാസ അതോറിറ്റി’ക്ക് നല്‍കിയ അഫിഡവിറ്റില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ഇനിയും പുനരധിവാസം സാധ്യമായിട്ടില്ലെന്ന് മാത്രമല്ല, പുനരധിവസിപ്പിച്ചവരെയാകട്ടെ അത് എല്ലാ വാഗ്ദാനങ്ങളെയും ലംഘിച്ചുകൊണ്ടുമാണ്.

വിശാലമായ വീടും സ്ഥലവും എല്ലാം അണക്കെട്ടിന് വേണ്ടി ത്യജിക്കേണ്ടി വന്ന കുടുംബങ്ങള്‍ക്കായി പകരം നല്‍കിയിരിക്കുന്നത് തകര ഷീറ്റുകള്‍കൊണ്ട് നിര്‍മിച്ച താത്കാലിക ഷെഡുകളാണ്. വരിവരിയായി നിര്‍മിച്ച ഇത്തരം ഷെഡുകളില്‍ വൈദ്യുതി, കുടിവെള്ളം തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇതുവരെ ലഭ്യമാക്കിയിട്ടുമില്ല.

പുനരധിവാസത്തിനായി നിര്‍മ്മിച്ച ഷെഡുകളിലൊന്ന് (കടപ്പാട്- ദ വയര്‍)

കഴിഞ്ഞ ഏതാനും ആഴ്ചകളിലായി മധ്യപ്രദേശിലെ നിരവധി ഗ്രാമങ്ങളില്‍ പൊലീസുകാരും ഉദ്യോഗസ്ഥരുമെത്തി ഇവിടുത്തെ കുടുംബങ്ങളെ പുനരധിവാസ സ്ഥലത്തേക്ക് ബലം പ്രയോഗിച്ച് നീക്കാന്‍ ശ്രമിക്കുന്നതായും, എന്നാല്‍ ഈ പുനരധിവാസ സ്ഥലങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങളൊന്നും ഒരുക്കിയിട്ടില്ല എന്നും ഓരോ കുടുംബങ്ങള്‍ക്കും അനുവദിച്ചിരിക്കുന്നത് 180 ചതുരശ്ര അടി മാത്രം വിസ്തീര്‍ണമുള്ള ഒറ്റ മുറി ഷെഡുകളാണെന്നും അതിനകത്ത് പാചകം പോലും സാധ്യമല്ലെന്നും ‘ദ വയര്‍’ സ്ഥലം സന്ദര്‍ശിച്ചുകൊണ്ട് റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.

പദ്ധതികള്‍ തകര്‍ത്ത കുടുംബങ്ങള്‍

മൂന്ന് സംസ്ഥാനങ്ങളിലായി നാല്പതിനായിരം കുടുംബങ്ങളില്‍ നിന്നും രണ്ട് ലക്ഷത്തോളം മനുഷ്യരെയാണ് സര്‍ദാര്‍ സരോവര്‍ പദ്ധതി കുടിയൊഴിപ്പിച്ചത്. നര്‍മാദാ വാട്ടര്‍ ഡിസ്പ്യൂട്ട് ട്രിബ്യൂണല്‍ അതോറ്റിയുടെ നിര്‍ദേശ പ്രകാരം പദ്ധതി ബാധിത കുടംബങ്ങള്‍ക്ക് സുരക്ഷിതവും പര്യാപ്തവുമായ പുനരധിവാസം സാധ്യമാക്കിയ ശേഷം മാത്രമേ പദ്ധതിയുടെ നിര്‍മാണം ആരംഭിക്കാവൂ എന്നാണ്.

എന്നിട്ടും കാല്‍ നൂറ്റാണ്ടോളം നീണ്ടു നിന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം 2017 ല്‍ പദ്ധതി ഉദ്ഘാടനം നടക്കുമ്പോഴും കുടിയൊഴിപ്പിക്കപ്പെട്ട ജനത അതിജീവനം സാധ്യമാകാതെ പലിയിടങ്ങളിലായി പലായനങ്ങളിലായിരുന്നു. പുനരധിവസിപ്പിക്കപ്പെട്ട പ്രദേശങ്ങളിലാകട്ടെ വെള്ളം, വൈദ്യുതി, റോഡ്, പാര്‍പ്പിടം, ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയ യാതൊരു സൗകര്യങ്ങളുമില്ലാതെ ജനങ്ങള്‍ വലയുകയുമായിരുന്നു.

കെവഡിയയില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട ആദിവാസി വയോധിക (ഫോട്ടോ- ഷഫീഖ് താമരശ്ശേരി)

സര്‍ദാര്‍ സരോവര്‍ അണക്കെട്ട് പദ്ധതിക്ക് സമാനമായ ഭൂമി പിടിച്ചെടുക്കല്‍ പട്ടേല്‍ പ്രതിമയുടെ നിര്‍മാണത്തിലും നടന്നിരുന്നു. നര്‍മദ ജില്ലയിലെ ജനസംഖ്യയില്‍ 75 ശതമാനവും ആദിവാസി വിഭാഗങ്ങളാണ്. ഇവരുടെ ഭൂമിയാണ് ഭരണഘടന ചട്ടം പോലും പാലിക്കാതെ പിടിച്ചെടുത്തത്. ഇവിടുത്തെ ഭൂമി ഏറ്റെടുക്കണമെങ്കില്‍ ഗ്രാമസഭാ യോഗം വിളിച്ച് അനുമതി വാങ്ങണം എന്നാണ്.

എന്നാല്‍ ഗുജറാത്ത് സര്‍ക്കാര്‍ ഇതെല്ലാം ലംഘിച്ചാണ് സ്ഥലം ഏറ്റെടുത്തത്. ആദിവാസികുടുംബങ്ങള്‍ക്ക് പകരം ഭൂമിയോ പണമോ നഷ്ടപരിഹാരമായി നല്‍കിയില്ല. വാഗ്ദാനങ്ങള്‍ പലതും നല്‍കിയിരുന്നെങ്കിലും അധികൃതര്‍ ഒന്നും പാലിച്ചതുമില്ല. കുടിയൊഴിപ്പിക്കപ്പെടുന്ന കുടംബങ്ങള്‍ക്ക് അഞ്ചേക്കര്‍ വീതം ഭൂമിയും 18 വയസ്സില്‍ കൂടുതലുള്ളവര്‍ക്ക് ജോലിയും വാഗ്ദാനം ചെയ്തിരുന്നു.

പ്രതിമ നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടും ഇതൊന്നും യാഥാര്‍ത്ഥ്യമായിട്ടില്ല. ഈ കുടുംബങ്ങളെല്ലാം അകലെയുള്ള മലഞ്ചെരിവുകളിലും പാറക്കെട്ടുകളിലും അഭയം തേടിയിരിക്കുകയാണിപ്പോള്‍.

കുടിയൊഴിപ്പിക്കല്‍ സൃഷ്ടിച്ച സാമൂഹിക ദുരന്തങ്ങള്‍

പതിറ്റാണ്ടുകളായി ഒരു നിശ്ചിത പ്രദേശത്ത് ജീവിച്ചുപോരുന്ന ഗോത്രവിഭാഗങ്ങളെ അവരുടെ പരമ്പരാഗത ആവാസവ്യവസ്ഥകളില്‍ നിന്നും കുടിയൊഴിപ്പിക്കുകയോ, പുനരധിവസിപ്പിക്കുകയോ ചെയ്യുന്നത് അവര്‍ക്കുനേരെയുള്ള വംശഹത്യയായാണ് കണക്കാക്കേണ്ടത്. 1997 ലെ പെസ നിയമവും 2006 ലെ വനാവകാശ നിയമവും പരോക്ഷമായി ഇത് സൂചിക്കുന്നുണ്ട്. നര്‍മദയില്‍ മാത്രമല്ല, രാജ്യത്തെമ്പാടും വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കപ്പെട്ട ലക്ഷക്കണക്കിന് മനുഷ്യര്‍, ഭരണകൂടത്തിന്റെ വീക്ഷണകോണുകള്‍ക്കപ്പുറത്തെ രൂക്ഷമായ സാമൂഹിക ദുരന്തങ്ങളിലേക്ക് തള്ളപ്പെടുകയായിരുന്നു.

മധ്യപ്രദേശിലെ നിസര്‍പൂരില്‍ കുടിയൊഴിപ്പിക്കലിനെതിരെ ഗ്രാമവാസികള്‍ നടത്തിയ പ്രതിഷേധം (ഫോട്ടോ- ഷഫീഖ് താമരശ്ശേരി)

പദ്ധതിബാധിത കുടുംബങ്ങളിലെ സ്ത്രീകളും കുട്ടികളുമാണ് ഇവിടെ കൂടുതലായി ഇരകളാക്കപ്പെട്ടത്. പരമ്പരാഗതമായ ജീവനോപാധികള്‍ നഷ്ടപ്പെട്ടതും പുതിയ സ്ഥലത്ത് തൊഴിലുകള്‍ എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കാത്തതും കുടുംബങ്ങളെ ദാരിദ്ര്യത്തിലേക്കും പട്ടിണിയിലേക്കും നയിച്ചു. സത്രീകളും ജോലിക്ക് പോകേണ്ടി വന്ന സ്ഥിതികള്‍ വന്നതോടെ കുട്ടികളുടെ വളര്‍ച്ചയും ആരോഗ്യാവസ്ഥകളും തകരാറിലായി. അവര്‍ക്കിടയിലെ മരണനിരക്കും രോഗാതുരതയും വര്‍ദ്ധിച്ചു.

ജനിച്ച മണ്ണില്‍ നിന്നും വേരറ്റുപോയതിന്റെയും പുതിയ സ്ഥലങ്ങളില്‍ പൊരുത്തപ്പെടാന്‍ കഴിയാത്തതിന്റെയും അരക്ഷിതാവസ്ഥകള്‍ ആളുകള്‍ക്കിടയില്‍ സംഘര്‍ഷ സ്വഭാവവും കുറ്റകൃത്യങ്ങളും വര്‍ധിപ്പിച്ചു. പുരുഷന്‍മാര്‍ മദ്യപാനശീലരായി. പ്രദേശങ്ങളില്‍ മതപരവും, പ്രാദേശികവും, വര്‍ഗീയവുമായ സംഘര്‍ഷങ്ങള്‍ ഉടലെടുത്തു. പുനരധിവാസസ്ഥലങ്ങളില്‍ മുമ്പ് ജീവിച്ചിരുന്നവരും പുതുതായെത്തിയവരും തമ്മിലുണ്ടായ സംഘര്‍ഷങ്ങള്‍ മരണത്തില്‍ വരെ കലാശിച്ചിട്ടുണ്ട്.

ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകരെ കാത്തിരിക്കുന്ന മധ്യപ്രദേശിലെ സെമല്‍ദാ ഗ്രാമവാസി (കടപ്പാട് -നര്‍മ്മദാ ബച്ചാവോ ആന്ദോളന്‍)

വിശാലമായൊരു പ്രദേശത്തെ എണ്ണിയാലൊടുങ്ങാത്ത അരക്ഷിതാവസ്ഥകള്‍ക്ക് ഇനിയും പരിഹാരം കാണാന്‍ സാധിക്കാത്ത ഭരണകൂടം ലോകത്തിലെ ഏറ്റവും വലുത് എന്ന തരത്തിലുള്ള നിര്‍മ്മിതികള്‍ കൊണ്ട് വീരവാദം മുഴക്കുക മാത്രമാണ് ചെയ്യുന്നത്. ചരിത്രത്തിലെ സമാനതകളില്ലാത്ത വഞ്ചനകള്‍ക്കിരകളായ നര്‍മദ താഴ്വരയിലെ ആദിവാസി ജനത തോറ്റുപിന്‍മാറാന്‍ ഇതുവരെ തയ്യാറായിട്ടില്ല.

അവരെ സംബന്ധിച്ച് ഇതൊരു ഡാം പണിയുന്നതിന്റെയോ പ്രതിമ നിര്‍മിക്കുന്നതിന്റെയോ പ്രശ്നമല്ല. തലമുറകളായി നേരിടുന്ന ഹിംസയുടെയും അനീതിയുടെയും പ്രശ്നമാണ്. വികസനസംവാദങ്ങളില്‍ അവരുയര്‍ത്തുന്ന ”വികസനം ആരുടെ ചെലവില്‍, ആര്‍ക്കുവേണ്ടി?” എന്ന ചോദ്യം വീണ്ടും വീണ്ടും പ്രസക്തമാകുകയാണ്.

WATCH THIS VIDEO:

ഷഫീഖ് താമരശ്ശേരി

മാധ്യമപ്രവര്‍ത്തകന്‍

We use cookies to give you the best possible experience. Learn more