ന്യൂദൽഹി: മുൻ യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെതിരായ വധശ്രമത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും. ട്രംപിനെതിരായ വധശ്രമത്തിൽ കടുത്ത ആശങ്കയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.
പെൻസിൽവാനിയയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് ട്രംപിന് വെടിയേറ്റത്. തുടർന്ന് അക്രമിയെ സീക്രട്ട് സർവീസ് അംഗം വെടിവച്ചു കൊന്നു. ട്രംപിന് നേരെ വെടിയുതിര്‍ത്തത് 20കാരനെന്നാണ് റിപ്പോർട്ട്. ഇയാള്‍ പെന്‍സില്‍വാനിയ സ്വദേശിയാണെന്നാണ് സൂചനകൾ.
സംഭവത്തെ അപലപിച്ച മോദി രാഷ്രീയത്തിലും ജനാധിപത്യത്തിലും അക്രമത്തിന് സഥാനമില്ലെന്ന് പറഞ്ഞു.
‘എൻ്റെ സുഹൃത്ത് മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് നേരെയുണ്ടായ ആക്രമണത്തിൽ അഗാധമായ ഉത്കണ്ഠയുണ്ട്. സംഭവത്തെ ശക്തമായി അപലപിക്കുന്നു. രാഷ്ട്രീയത്തിലും ജനാധിപത്യത്തിലും അക്രമത്തിന് സ്ഥാനമില്ല. അദ്ദേഹം വേഗത്തിൽ സുഖം പ്രാപിക്കാൻ ആശംസിക്കുന്നു,’ മോദി പറഞ്ഞു.
ഞങ്ങളുടെ ചിന്തകളും പ്രാർത്ഥനകളും മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവർക്കും അമേരിക്കൻ ജനതയ്‌ക്കുമൊപ്പം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്രംപ് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് രാഹുൽ ഗാന്ധി എക്സിൽ കുറിച്ച്.
‘മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെതിരായ വധശ്രമത്തിൽ എനിക്ക് അഗാധമായ ആശങ്കയുണ്ട്. ഇത്തരം പ്രവൃത്തികളെ ഏറ്റവും ശക്തമായി അപലപിക്കേണ്ടതാണ്,’ രാഹുൽ ഗാന്ധി പറഞ്ഞു.
വധ ശ്രമത്തിൽ കൊലയാളിയടക്കം രണ്ടുപേര്‍ മരിച്ചെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മറ്റ് രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വേദിയിൽ ട്രംപ് പ്രസംഗിക്കുന്നതിനിടെയാണ് വെടിവെപ്പ് ഉണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
പ്രസംഗിക്കുന്നതിനിടെ വെടിയൊച്ച ഉണ്ടാകുന്നതും പിന്നാലെ ട്രംപ് താഴെ വീഴുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പിന്നാലെ അദ്ദേഹത്തിന്റെ വലത് ചെവിയിൽ നിന്ന് രക്തം ഒഴുകുന്നതും കാണാം.