ചോദ്യങ്ങളെ ഭയക്കുന്ന ഭരണാധികാരി, ചോദ്യങ്ങളുയര്‍ത്താന്‍ പ്രേരിപ്പിക്കുന്ന നേതാവ്
സൗമ്യ ആര്‍. കൃഷ്ണ

കഴിഞ്ഞ ദിവസം ചെന്നൈയിലെ സ്റ്റെല്ലാ മേരീസ് കോളജില്‍ വച്ച് രാഹുല്‍ ഗാന്ധി വിദ്യാര്‍ത്ഥികളുമായി നടത്തിയ ചര്‍ച്ച കണ്ടപ്പോഴാണ് നമ്മുടെ പ്രധാനമന്ത്രി ഇത്തരത്തില്‍ നടത്തിയ ചര്‍ച്ചകള്‍ കൂടി കാണുവാന്‍ ആഗ്രഹം തോന്നിയത്. ഇതിനായി അദ്ദേഹം ഇന്ത്യയിലെ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത ദൃശ്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ സ്മാര്‍ട്ട് ഇന്ത്യാ ഹാക്കത്തോണിന്റെ ഭാഗമായി അല്ലാതെ നമ്മുടെ പ്രധാനമന്ത്രി ഒരിക്കല്‍ പോലും കോളജ് വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തിയിട്ടില്ല എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്.

സ്മാര്‍ട്ട് ഹാക്കത്തോണ്‍ ഇന്ത്യയിലെ എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ചെടുത്ത നൂതന സാങ്കേതിക വിദ്യകള്‍ അവതരിപ്പിക്കുന്നതിനുള്ള വേദിയായിരുന്നു. അവിടെ പോലും കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രധാനമന്ത്രിയോട് എന്തെങ്കിലും ചോദിക്കാനുള്ള അവസരവും ഉണ്ടായിരുന്നില്ല.

ALSO READ: വിദ്വേഷത്തിനും അക്രമത്തിനും ജനാധിപത്യത്തില്‍ സ്ഥാനമില്ല; ന്യൂസിലാന്‍ഡിലെ വെടിവെയ്പ്പിനെ അപലപിച്ച് മോദി

അതിനിടയിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ഡിസ്ലെക്സിയ എന്ന പഠനവൈകല്യത്തിനെ തന്റെ എതിരാളിക്കെതിരെയുള്ള ആയുധമാക്കി പരിഹസിച്ച് ചിരിച്ചത്.

മറക്കാന്‍ പാടില്ല. ഇതല്ലാതെയും മോദി വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ നേരിട്ടിട്ടുണ്ട്. ഒറ്റ വ്യത്യാസമേ ഉള്ളൂ. അന്ന് മോദി വിദ്യാര്‍ത്ഥികളുടെ മുന്നില്‍ അവതരിച്ചത് പരീക്ഷാ സഹായി ആയാണ്. പങ്കെടുക്കുന്നതാകട്ടെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍.

പ്രധാനമന്ത്രി സ്ഥാനം ഏതെങ്കിലും തരത്തില്‍ പരീക്ഷയെ കുറിച്ചും, പിരിമുറുക്കത്തെക്കുറിച്ചും കൗണ്‍സിലിങ്ങ് നടത്താനുള്ള യോഗ്യതയാണോ എന്ന സംശയം മാത്രമാണ് ഇപ്പോഴും ബാക്കി. ഉയര്‍ത്തിക്കെട്ടിയ വേദിയില്‍ ഏകദേശം മൂന്ന് മീറ്റര്‍ ദൂരെയുള്ള സദസ്സില്‍ നിന്ന് ചോദ്യങ്ങള്‍ ചോദിക്കുന്നു.

ALSO READ: പ്രതിപക്ഷത്ത് നിന്ന് വരുന്ന എല്ലാവരേയും ബി.ജെ.പിയിലേക്ക് എടുക്കണ്ടതില്ല; ടോം വടക്കന്റെ ബി.ജെ.പി പ്രവേശനത്തിന് പിന്നാലെ ഉദ്ധവ് താക്കറയുടെ ഉപദേശം

ഒരു സ്‌കൂള്‍ ടീച്ചറുടെ വൈഭവത്തോടെ മോദി ഉത്തരം പറയുന്നു. എന്നാല്‍ സംവാദം തുടങ്ങും മുമ്പ് കുട്ടികളോട് പറയുന്നത് ഞാന്‍ നിങ്ങളുടെ സുഹൃത്തായാണ് എത്തിയിരിക്കുന്നതെന്നാണ്.

ഇത്രയും വിശദമായി മോദിയുടെ അംഗവിക്ഷേപങ്ങളെ പോലും നിരീക്ഷിക്കാന്‍ പ്രേരിപ്പിച്ചത് മറ്റൊന്നുമല്ല. ചെന്നൈയില്‍ നടന്ന രാഹുല്‍ ഗാന്ധിയുടെ സംവാദം തന്നെയാണ്. വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് രൂപത്തിലും ഭാവത്തിലും അവരിലൊരാളായി നില്‍ക്കുകയായിരുന്നു രാഹുല്‍ ചര്‍ച്ചയില്‍ ഉടനീളം.

സാര്‍ എന്ന് വിളിച്ചവരോട് രാഹുല്‍ എന്ന് വിളിക്കാന്‍ ആവശ്യപ്പെട്ടത് മുതല്‍, അമ്മ നല്‍കിയ സന്ദേശവും റോബേര്‍ട്ട് വദ്രയെ കുറിച്ചുള്ള ചോദ്യങ്ങളും ഒരുപോലെ ഒരു മടിയുമില്ലാതെ നേരിട്ടതും ജനങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ട്. അഞ്ച് വര്‍ഷം ചോദ്യങ്ങളില്‍ നിന്ന് ഓടിയൊളിച്ച ഒരു ഭരണാധികാരിയെ കണ്ട ശീലിച്ച ജനങ്ങള്‍ക്ക് നിങ്ങളില്‍ പ്രതീക്ഷയുണ്ട്.

സൗമ്യ ആര്‍. കൃഷ്ണ
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേര്‍സിറ്റിയില്‍ നിന്ന് ബിരുദവും കേരള മീഡിയ അക്കാദമിയില്‍ നിന്ന് ജേണലിസത്തില്‍ പി.ജി.ഡിപ്ലോമയും പൂര്‍ത്തിയാക്കി. 2018 സെപ്തംബര്‍ മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.