മോദി അദ്വാനിയുടെ വസതിയില്‍; കൂടിക്കാഴ്ച അമിത് ഷായ്‌ക്കൊപ്പം
ന്യൂദല്‍ഹി:ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് ശേഷം വീണ്ടും പുതിയ സര്‍ക്കാര്‍ ഞായറാഴ്ച അധികാരമേല്‍ക്കാന്‍ ഇരിക്കെ മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനിയെ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
മോദിക്കൊപ്പം ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും എല്‍.കെ അദ്വാനിയുടെ വസതിയിലെത്തി. അര മണിക്കൂറത്തെ കൂടിക്കാഴ്ചയ്ക്ക് ശേഷം നേതാക്കള്‍ മടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.
ഇന്ന് രാവിലെയാണ് മോദിയും അമിത് ഷായും അദ്വാനിയുടെ വീട്ടിലെത്തിയത്. മന്ത്രിസഭാ യോഗം ആരംഭിക്കുന്നതിന് മുന്നോടിയായിട്ടാണ് കൂടിക്കാഴ്ച. അദ്വാനിയെ കണ്ട ശേഷം മുര്‍ളി മനോഹര്‍ ജോഷിയേയും ഇരുവരും സന്ദര്‍ശിക്കും.
അമിത് ഷാ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ മോദിക്കൊപ്പം മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് അറിയുന്നത്. ധനവകുപ്പായിരിക്കും അമിത് ഷായ്ക്ക് നല്‍കുക. ആരോഗ്യം മോശമായതിനെ തുടര്‍ന്ന് ചികിത്സയില്‍ തുടരുന്ന അരുണ്‍ ജെയ്റ്റ്‌ലി ധനമന്ത്രിസ്ഥാനം ഒഴിയുമെന്നാണ് റിപ്പോര്‍ട്ട്.
ചൊവ്വാഴ്ച മോദി സ്വന്തം മണ്ഡലമായ വാരാണസി സന്ദര്‍ശിക്കും. കാശി വിശ്വനാഥ ക്ഷേത്രത്തിലും മോദി എത്തും.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം സമ്മാനിച്ച ഇന്ത്യന്‍ ജനതയ്ക്ക് മുന്നില്‍ തലകുനിക്കുന്നുവെന്നായിരുന്നു രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കവേ നരേന്ദ്ര മോദി ഇന്നലെ പറഞ്ഞത്. സാധുവായ തന്റെ ഭിക്ഷാപാത്രം ജനങ്ങള്‍ നിറച്ചുവെന്നും മോദി പറഞ്ഞിരുന്നു.