വാഷിങ്ടണ്‍: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജി വധക്കേസില്‍ നിന്ന് സൗദി അറേബ്യയുടെ കിരീടാവകാശിയും നിയുക്ത പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന് നിയമപ്രതിരോധം (sovereign immunity) ലഭിച്ചതിനെ കുറിച്ച് സംസാരിക്കവെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരാമര്‍ശിച്ച് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ്.
2002ലെ ഗുജറാത്ത് കലാപം സംബന്ധിച്ച് നരേന്ദ്ര മോദിക്കും സമാനമായ രീതിയില്‍ യു.എസിലെ കേസില്‍ നിന്ന് പ്രതിരോധവും വിചാരണ നേരിടുന്നതില്‍ നിന്ന് സംരക്ഷണവും ലഭിച്ചിട്ടുണ്ടെന്നാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് വ്യക്തമാക്കിയത്.
ഖഷോഗ്ജിയുടെ കൊലപാതകക്കേസില്‍ നിന്നും സൗദി കിരീടാവകാശിക്ക് പ്രതിരോധം നല്‍കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേല്‍.
”ഇത് ആദ്യമായല്ല അമേരിക്ക ഇങ്ങനെയൊരു കാര്യം ചെയ്യുന്നത്. ദീര്‍ഘകാലമായുള്ള സ്ഥിരമായ പരിശ്രമത്തിന്റെ ഫലമാണിത്. ഇതിന് മുമ്പും നിരവധി രാഷ്ട്രത്തലവന്മാര്‍ക്ക് ഇത്തരം നിയമപ്രതിരോധം ബാധകമാക്കിയിട്ടുണ്ട്.
ചില ഉദാഹരണങ്ങള്‍ പറയുകയാണെങ്കില്‍, 1993ല്‍ ഹെയ്തി പ്രസിഡന്റായിരുന്ന ഴീന്‍-ബെര്‍ട്രാന്‍ഡ് അരിസ്‌റ്റൈഡ് (Jean-Bertrand Aristide), 2001ലെ സിംബാബ്‌വെ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ (Robert Mugabe), 2014ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, 2018ല്‍ കോംഗോ പ്രസിഡന്റ് ജോസഫ് കബില (Joseph Kabila) എന്നിവര്‍ക്കും സമാനമായ പ്രതിരോധം ലഭിച്ചിട്ടുണ്ട്.
രാഷ്ട്രത്തലവന്മാര്‍ക്കും സര്‍ക്കാരിന്റെ നേതൃപദവിയിലിരിക്കുന്നവര്‍ക്കും വിദേശകാര്യ മന്ത്രിമാര്‍ക്കും ഞങ്ങള്‍ സ്ഥിരമായി നല്‍കിവരുന്ന ഒരു സമ്പ്രദായമാണിത്,” വേദാന്ത് പട്ടേല്‍ പറഞ്ഞു.
ഖഷോഗ്ജിയുടെ മരണത്തില്‍ യു.എസില്‍ നടന്നുകൊണ്ടിരിക്കുന്ന കേസില്‍ നിന്നും എം.ബി.എസിന് സൗദി പ്രധാനമന്ത്രി പദം നിയമപരിരക്ഷ നല്‍കണമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പ്രസ്താവന നടത്തിയതിന് തൊട്ടുപിന്നാലെയാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റിന്റെ പ്രതികരണവും.
പ്രധാനമന്ത്രിയായതോടെ നിയമനടപടികളില്‍ നിന്നും പ്രതിരോധം ലഭിക്കുന്നതിനൊപ്പം വിദേശയാത്രകളുടെ സമയത്ത് അറസ്റ്റ് ചെയ്യപ്പെടുന്നതടക്കമുള്ള നടപടികളില്‍ നിന്നും എം.ബി.എസിന് സംരക്ഷണം ലഭിച്ചിരുന്നു.
അതേസമയം, 2002ലെ കലാപക്കേസില്‍ മോദി പ്രതിയായതിനെ തുടര്‍ന്ന് 2005ല്‍ യു.എസിന്റെ വിസ നിരോധന ലിസ്റ്റില്‍ മോദിയുടെ പേരും ഉള്‍പ്പെടുത്തിയിരുന്നു. പിന്നീട് 2014ല്‍ പ്രധാനമന്ത്രിയായതിന് ശേഷമാണ് മോദിയെ ലിസ്റ്റില്‍ നിന്നും നീക്കം ചെയ്തത്.
എന്നാല്‍ ഗുജറാത്ത് കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന കേസില്‍ പിന്നീട് 2012ല്‍ പ്രത്യേക അന്വേഷണസംഘം മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കുകയായിരുന്നു. 2001 മുതല്‍ 2014 വരെയാണ് മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നത്.
സെപ്റ്റംബര്‍ അവസാനത്തോടെയായിരുന്നു സല്‍മാന്‍ രാജാവിന്റെ മകനായ എം.ബി.എസിനെ സൗദിയുടെ പ്രധാനമന്ത്രിയായി നിയമിച്ചത്. രാജ്യത്തിന്റെ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായിരുന്നു മുഹമ്മദ് ബിന്‍ സല്‍മാന്‍.
എന്നാല്‍ കിരീടാവകാശിയായിരിക്കെ തന്നെ ഇപ്പോള്‍ എം.ബി.എസിനെ പ്രധാനമന്ത്രിയായി നിയമിച്ചത് സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജി വധക്കേസില്‍ നിന്നും നിയമ പരിരക്ഷ ലഭിക്കാനാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
പ്രധാനമന്ത്രിയായി നിയമിക്കപ്പെട്ടു എന്നുകരുതി എം.ബി.എസിന്റെ ചുമതലകളിലും ആഭ്യന്തര ഭരണ സമവാക്യങ്ങളിലും പ്രത്യേകിച്ച് മാറ്റമൊന്നുമുണ്ടാകില്ലെന്നും എന്നാല്‍ പ്രധാനമന്ത്രി സ്ഥാനം ഖഷോഗ്ജി വധക്കേസിന്റെ നിയമനടപടികളില്‍ നിന്നും എം.ബി.എസിന് പ്രതിരോധം നല്‍കുമെന്നുമായിരുന്നു മിഡില്‍ ഈസ്റ്റ് ഐയും ഗാര്‍ഡിയനും അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ നിന്നും എം.ബി.എസിനെ നിയമപരമായി ഒഴിവാക്കാനാണ് സൗദി ഭരണകൂടത്തിന്റെ ഈ നീക്കമെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
ഖഷോഗ്ജിയുടെ പ്രതിശ്രുത വധുവായിരുന്ന ഹാതിസ് സെന്‍ഗിസാണ് ഇപ്പോള്‍ യു.എസില്‍ കേസ് നടത്തികൊണ്ടിരിക്കുന്നത്.
ഖഷോഗ്ജി വധക്കേസില്‍ എം.ബി.എസിന് നിയമപരമായ പ്രതിരോധം നല്‍കേണ്ടതുണ്ടോ എന്നത് സംബന്ധിച്ച് അഭിപ്രായം പറയണമെന്ന് യു.എസില്‍ ഈ കേസ് നടന്നുകൊണ്ടിരിക്കുന്ന കോടതി, ജോ ബൈഡന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു.
ഇക്കഴിഞ്ഞ ജൂലൈയില്‍ ഇതിന് മറുപടി നല്‍കണമെന്നായിരുന്നു നിര്‍ദേശിച്ചത്. എന്നാല്‍ മറുപടി വൈകിയതോടെ, ജില്ലാ കോടതി ജഡ്ജി ഇത് ഒക്ടോബറിലേക്ക് നീട്ടി നല്‍കുകയായിരുന്നു.
സാധാരണയായി ഏതെങ്കിലും രാജ്യത്തിന്റെ പ്രധാനമന്ത്രിയോ പ്രസിഡന്റോ രാജാവോ ആയ നേതാക്കള്‍ക്കാണ് ഇത്തരം സാഹചര്യങ്ങളില്‍ നിയമപരിരക്ഷ ലഭിക്കുക. അതുകൊണ്ടാണ് എം.ബി.എസിനെ ഇത്ര ധൃതിപ്പെട്ട് പ്രധാനമന്ത്രിയായി നിയമിച്ചിരിക്കുന്നത് എന്നായിരുന്നു ചില വിലയിരുത്തലുകള്‍.
2017ലായിരുന്നു എം.ബി.എസിനെ സൗദി കിരീടാവകാശിയായി പ്രഖ്യാപിച്ചത്. സല്‍മാന്‍ രാജാവിന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് നേരത്തെ ഔദ്യോഗിക ചുമതലകളും അദ്ദേഹത്തെ ഏല്‍പിച്ചിരുന്നു.
സൗദി ഭരണകൂടത്തെയും മുഹമ്മദ് ബിന്‍ സല്‍മാന്റെ ഭരണത്തിന് കീഴിലുള്ള മനുഷ്യവകാശ ലംഘനങ്ങളെയും യെമനിലെ ഇടപെടലുകളെയുമെല്ലാം വിമര്‍ശിച്ചുകൊണ്ട് നിരന്തരം ലേഖനങ്ങള്‍ എഴുതിയിരുന്ന വാഷിങ്ടണ്‍ പോസ്റ്റിലെ മാധ്യമപ്രവര്‍ത്തകനായിരുന്നു ജമാല്‍ ഖഷോഗ്ജി. യു.എസിലായിരുന്നു ഖഷോഗ്ജി താമസിച്ചിരുന്നത്.
2018 ഒക്ടോബറില്‍ തുര്‍ക്കിയിലെ ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ച് ഖഷോഗ്ജി കൊല്ലപ്പെടുകയായിരുന്നു. അദ്ദേഹത്തിന്റെ മൃതദേഹം ഇതുവരെ ലഭിച്ചിട്ടില്ല.
എന്നാല്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഏര്‍പ്പെടുത്തിയ ആളുകളാണ് ഖഷോഗ്ജിയെ വധിച്ചതെന്നും ഈ ഓപ്പറേഷന് എം.ബി.എസ് തന്നെയാണ് ഉത്തരവിട്ടതെന്നും യു.എസ് ഇന്റലിജന്‍സ് ഏജന്‍സികളുടേതടക്കമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
എന്നാല്‍ ആരോപണങ്ങളെല്ലാം സൗദി ഭരണകൂടവും എം.ബി.എസും നിഷേധിച്ചിരുന്നു. അതിന്റെ കേസുകള്‍ നിലവില്‍ നടന്നുവരികയാണ്. ഖഷോഗ്ജി വധം സൗദി- തുര്‍ക്കി, സൗദി- യു.എസ് ബന്ധങ്ങളിലും വിള്ളല്‍ വീഴ്ത്തിയിരുന്നു.
Content Highlight: Narendra Modi among examples cited by US State dept for immunity shield to Mohammed bin Salman