ദലിത് നേതാവിനെ വലിച്ചു പുറത്തിറക്കിയാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് സോണിയ ഗാന്ധി എത്തിയത്; രൂക്ഷ വിമര്‍ശനവുമായി നരേന്ദ്ര മോദി
national news
ദലിത് നേതാവിനെ വലിച്ചു പുറത്തിറക്കിയാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് സോണിയ ഗാന്ധി എത്തിയത്; രൂക്ഷ വിമര്‍ശനവുമായി നരേന്ദ്ര മോദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 18th November 2018, 5:01 pm

മഹാസമുന്ദ്: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദലിത് നേതാവിനെ വലിച്ചു പുറത്തിറക്കിയാണ് കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് പാര്‍ട്ടി സോണിയ ഗാന്ധിയെ കൊണ്ടു വന്നതെന്ന് നരേന്ദ്രമോദി പറഞ്ഞു.

“ദലിത് നേതാവ് സീതാറാം കേസരിയെ കോണ്‍ഗ്രസ് അധ്യക്ഷനായി കാലാവധി പൂര്‍ത്തിയാക്കാന്‍ പോലും സമ്മതിക്കാതെ കോണ്‍ഗ്രസ് ഓഫിസില്‍ നിന്നു വലിച്ചു പുറത്തിടുകയായിരുന്നു.

പാര്‍ട്ടിയുടെ പുതിയ അധ്യക്ഷയായി സോണിയ ഗാന്ധിയെ കൊണ്ടുവരാന്‍ വേണ്ടിയായിരുന്നു ഇതെന്നും” ഛത്തീസ്ഗഢിലെ തെരഞ്ഞെടുപ്പു റാലിയില്‍ മോദി പറഞ്ഞു. 1996ല്‍ പാര്‍ട്ടി അധ്യക്ഷനായ കേസരിയെ 1998ലാണ് ആ സ്ഥാനത്തു നിന്നും മാറ്റിയത്.


“ഒരു കുടുംബത്തിന്റെ നാലു തലമുറ രാജ്യം ഭരിച്ചു. പക്ഷേ, അധികാരത്തിലിരുന്നതിന്റെ ആനുകൂല്യം ആ കുടുംബത്തിനാണു ലഭിച്ചത്. അവരുടെ ഭരണംകൊണ്ടു രാജ്യത്തിനു യാതൊന്നും ലഭിച്ചില്ല. അത്തരത്തില്‍ ജനത്തിന് ഒരുപകാരവും ഇല്ലാത്തവര്‍ ഇനിയും ജനങ്ങളുടെ ആവശ്യമെല്ലാം നിറവേറ്റുമെന്നു പറയുന്നത് എങ്ങനെ വിശ്വസിക്കാനാകുമെന്നും” മോദി ചോദിച്ചു. ഛത്തീസ്ഗഡിനും കോണ്‍ഗ്രസ് കാലത്തെ കേന്ദ്രഭരണത്തില്‍ നിന്നു യാതൊന്നും ലഭിച്ചില്ലെന്നും മോദി കുറ്റപ്പെടുത്തി.

“കോണ്‍ഗ്രസിന്റെ “ഫോണ്‍ബാങ്കിങ്” രീതിയാണ് രാജ്യത്തെ ബാങ്കുകളെ തകര്‍ത്തത്. പാര്‍ട്ടിയില്‍ നിന്നുള്ള ഒരൊറ്റ ഫോണ്‍വിളി കൊണ്ട് വായ്പ ലഭിക്കുമായിരുന്നു. കോണ്‍ഗ്രസിന്റെ ആത്മമിത്രങ്ങള്‍ക്കായിരുന്നു ഈ ആനുകൂല്യം. പക്ഷേ അതിന്റെ പേരില്‍ ദുരിതം സഹിക്കേണ്ടി വന്നത് രാജ്യത്തെ ജനങ്ങള്‍ക്കാണെന്നും” മോദി കുറ്റപ്പെടുത്തി.


നേരത്തേ കേന്ദ്രത്തില്‍ റിമോട്ട് കണ്‍ട്രോള്‍ കൊണ്ടു നിയന്ത്രിക്കപ്പെടുന്ന സര്‍ക്കാരായിരുന്നു. ബി.ജെ.പിയെ ഭയമുള്ള ഒരു കുടുംബത്തിന്റെ കൈകളിലായിരുന്നു പത്തു വര്‍ഷത്തോളം റിമോട്ടെന്നും മോദി പറഞ്ഞു. പ്രസ്തുത കുടുംബത്തില്‍ നിന്നല്ലാതെ ഒരാളെ പാര്‍ട്ടി അധ്യക്ഷനാക്കാന്‍ കോണ്‍ഗ്രസിനു ധൈര്യമുണ്ടോയെന്ന വെല്ലുവിളിയും മോദി ആവര്‍ത്തിച്ചു.

കഴിഞ്ഞ ദിവസവും ഇതേ ആരോപണം ഉന്നയിച്ച മോദിക്ക് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം മറുപടി നല്‍കിയിരുന്നു. ഗാന്ധി, നെഹ്‌റു കുടുംബത്തില്‍ നിന്നല്ലാതെ അധ്യക്ഷനായുള്ള നേതാക്കളുടെ പേരും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. 20നാണ് ഛത്തീസ്ഗഡിലെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ്.